sections
MORE

തുടര്‍ച്ചയായെത്തുന്ന ഇടിമിന്നലുകള്‍ ഒരേ പാത തിരഞ്ഞെടുക്കുന്നതിനു പിന്നിൽ?

lightning
SHARE

ആകാശത്ത് കാര്‍മേഘങ്ങളെ കീറിമുറിച്ചെത്തുന്ന ഇടിമിന്നലുകള്‍ മിക്കവരെയും പേടിപ്പെടുത്തുന്ന ഒന്നാണ്. യഥാർഥത്തില്‍ ഇവ പേടിക്കേണ്ടവയുമാണ്. പ്രത്യേകിച്ചും കേരളത്തിലിപ്പോള്‍ ഉച്ചയ്ക്കു ശേഷം ഉണ്ടായിക്കൊണ്ടിയിരിക്കുന്ന വേനല്‍ മഴയുടെ ഭാഗമായുള്ള മിന്നലുകൾ. പക്ഷേ ഇടിമിന്നലുകളെ നിരീക്ഷിച്ചവര്‍ക്കറിയാം അവ മിക്കപ്പോഴും ഭൂമിയില്‍ പതിക്കുന്നത് ഒരേ സ്ഥലത്തായിരിക്കും. മാത്രമല്ല തുടര്‍ച്ചയായെത്തുന്ന മിന്നലുകള്‍ ഒരേ പാതയിലായിരിക്കും അവിടേക്കെത്തുക. 

എന്തുകൊണ്ടായിരിക്കും മിന്നലുകള്‍ ഇങ്ങനെ കൃത്യമായി ഒരേ പാതയിലും ഒരു പ്രദേശത്തു തന്നെയും ഭൂമിയില്‍ പതിക്കാന്‍ കാരണം? പണ്ടുള്ളവര്‍ ഭൂമിക്കടിയില്‍ നിധിയുള്ള പ്രദേശത്താണ് തുടര്‍ച്ചയായി മിന്നലുകള്‍ പതിക്കുന്നതെന്നും മറ്റും വിശ്വസിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നിലുള്ള ശാസ്ത്രീയമായ രഹസ്യങ്ങള്‍ മറ്റുചിലതാണ്. ഇതുവരെ പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിയാതിരുന്ന ഇടിമിന്നലിന്‍റെ ഗതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.

lightning

ഒരു രാജ്യാന്തര ഗവേഷക സംഘമാണ് ഇടിമിന്നലിന്‍റെ സമയത്തു രൂപപ്പെടുന്ന റേഡിയോ തരംഗങ്ങളെ ആസ്പദമാക്കി ഈ പഠനം നടത്തിയത്. എങ്ങനെയാണു മേഘങ്ങളുടെ ഉരസലില്‍ ചാര്‍ജ് ചെയ്യപ്പെട്ട എയര്‍പോക്കറ്റുകള്‍ മിന്നലിനു കൃത്യമായ പാതയൊരുക്കുന്നതെന്നായിരുന്നു ഇവരുടെ പഠനം. ലോ ഫ്രീക്വന്‍സി അരേ എന്ന റേഡിയോ ടെലസ്കോപ് നെറ്റ്്‌വര്‍ക്ക് ഉപയോഗിച്ചു നടത്തിയ ഈ പഠനത്തില്‍ ഒരേ സമയത്തു തന്നെ ആയിരക്കണക്കിനു കിലോമീറ്റര്‍ ചുറ്റളവിലുള്ള മിന്നലുകളുടെയെല്ലാം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. മിന്നലുകളുടെ ഓരോ നാനോസെക്കന്‍റിലുമുള്ള ദൃശ്യങ്ങള്‍ ഈ ടെലസ്കോപ്പിലൂടെ ശേഖരിക്കുക വഴി അവയുടെ കൃത്യമായ പാത രേഖപ്പെടുത്താനും സാധിച്ചു.

ഇടിമിന്നല്‍ ഉണ്ടാകുന്നത്?

lightning

മേഘങ്ങള്‍ക്കിടയിലെ നെഗറ്റീവും പോസീറ്റുവുമായുള്ള കണങ്ങള്‍ തമ്മില്‍ ഉരസുമ്പോഴാണ് ഇടിമിന്നല്‍ ഉണ്ടാകുന്നതെന്നതെന്ന് പണ്ടേ പഠിച്ച കാര്യമാണ്. പക്ഷെ ഇടിമിന്നലിന്‍റെ കൃത്യമായ പാതയിലുള്ള സഞ്ചാരം മനസ്സിലാക്കാന്‍ അതിന്‍റെ ഉദ്ഭവത്തെക്കുറിച്ചു കൂടി ആഴത്തില്‍ വിശദീകരിക്കേണ്ടി വരും. മേഘങ്ങളിലുള്ള വൈരുധ്യ ചാര്‍ജുകള്‍ ഗ്രോപല്‍ എന്നു വിളിക്കുന്ന മഞ്ഞുകണങ്ങള്‍ അഥവാ ചെറിയ ആലിപ്പഴങ്ങളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ വിവിധ മേഘങ്ങളിലായി ശേഖരിക്കപ്പെടുന്ന ചാർജുകള്‍ മേഘങ്ങള്‍ക്കിടയിലോ മേഘങ്ങള്‍ക്കും ഭൂമിക്കും ഇടയിലോ ദശലക്ഷക്കണക്കിനു വോള്‍ട്ട് ശക്തിയുള്ള വൈദ്യുതിയായി രൂപപ്പെടാന്‍ ഇടയാക്കുന്നു. ഇങ്ങനെ രൂപപ്പെടുന്ന വൈദ്യുതിക്കു പുറത്തു കടക്കാനുള്ള പാതയാണ് ഇടിമിന്നലൊരുക്കുന്നത്. അനുകൂല സാഹചര്യങ്ങളില്‍ മാത്രമെ ഇതു സംഭവിക്കൂ എന്നു മാത്രം.

ചാര്‍ജ് ചെയ്യപ്പെട്ട കണങ്ങള്‍ കൂടിച്ചേര്‍ന്ന് നിരവധി പ്ലാസ്മകള്‍ ഇതിനിടെ രൂപപ്പെടാറുണ്ട്. മേഘങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന ഈ പ്ലാസ്മയെ ലൈറ്റനിങ് സീഡ് അഥവാ ഇടിമിന്നലിന്‍റെ വിത്ത് എന്നാണു വിളിക്കുന്നത്. ചൂടു പിടിച്ച ഒരു വാതകമായി മാറുന്ന പ്ലാസ്മ ഈ ചാര്‍ജ് ചെയ്യപ്പെട്ട കണങ്ങളുടെ സഹായതത്തോടെ പല ദിശകളിലേക്കായി കിലോമീറ്ററുകളോളം ദൂരത്തില്‍ സഞ്ചരിക്കും.ഈ സമയത്താണ് ഒന്നിലധികം വയറുകള്‍ ചേര്‍ത്തു വച്ച പോലെ പല ദിശയിലേക്കും വ്യാപിക്കുന്ന മിന്നലുകള്‍ നമുക്ക് ദൃശ്യമാകുന്നത്. അതേസമയം ഇവയില്‍ ഓരോ മിന്നലും ഏത് ദിശയിലേക്ക് പോകണം എന്നു തീരുമാനിക്കുന്നത് അതിലടങ്ങിയിരിക്കുന്നത് പോസിറ്റീവ് ലീഡറോ അല്ലെങ്കില്‍ നെഗറ്റീവ് ലീഡറോ എന്നതിനെ ആശ്രയിച്ചാണ്.

പോസിറ്റീവ് ലീഡറും നെഗറ്റീവ് ലീഡറും

പ്ലാസ്മയില്‍ നിന്ന് വിവിധ ദിശകളിലേക്കു പോകുന്ന തരംഗങ്ങളുടെ അറ്റത്തെയാണ് ലീഡേഴ്സ് എന്നു വിളിക്കുന്നത്. അറ്റത്ത് അടങ്ങിയിരിക്കുന്നത് നെഗറ്റീവ് കണങ്ങളോ പോസിറ്റീവ് കണങ്ങളോ എന്നതിനെ ആശ്രയിച്ചാണ് ആ തരംഗത്തിന്‍റെ ലീഡർ പോസിറ്റീവോ നെഗറ്റീവോ എന്നു തീരുമാനിക്കുന്നത്. ഈ പോസിറ്റീവ്, നെഗറ്റീവ് ലീഡേഴ്സിനെ അനുസരിച്ചാണ് ദിശ തീരുമനിക്കുന്നതും. മിന്നലിലുള്ളത് നെഗറ്റീവ് ലീഡറാണെങ്കില്‍ ഇതു വഴിയുണ്ടാകുന്ന മിന്നലുകള്‍ നിശ്ചിത ദിശയിലാകും ഭൂമിയില്‍ പതിക്കുക. എന്നാല്‍ പോസിറ്റീവ് ലീഡറിന് ഈ നിശ്ചത ദിശ ബാധകമല്ല. നെഗറ്റീവ് ലീഡേഴ്സിന്‍റെ ഈ നിശ്ചിത ദിശയിലുള്ള സഞ്ചാരത്തെ സ്റ്റെപിങ് എന്നാണു വിളിക്കുന്നത്.

lightning

കൂടാതെ പോസിറ്റീവ് ലീഡേഴ്സ് മിന്നല്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പേ തന്നെ പ്ലാസ്മയില്‍ നിന്നു വേര്‍പെടുന്നതായും ഗവേഷകര്‍ കണ്ടെത്തി. ഏതായാലും എല്ലാ മിന്നലുകളും ഒരേ ദിശയിലേക്കു തുടര്‍ച്ചയായെത്തുന്നില്ല എന്ന നിഗമനത്തിലെത്താന്‍ ഈ പഠനം ഗവേഷകരെ സഹായിച്ചു. ഒരു മേഘത്തിന്‍റെ പ്രത്യേക ഭാഗത്തു നിന്ന് ചാര്‍ജ് ചെയ്യപ്പെട്ട കണങ്ങള്‍ മിന്നലിലൂടെ സ്വതന്ത്രമാക്കപ്പെട്ട ശേഷം വീണ്ടും അതേ ഭാഗം ഉരസലില്‍ ചാര്‍ജ് ചെയ്യപ്പെടാറുണ്ട്. ഈ സമയത്തുണ്ടാകുന്ന മിന്നലിനും മുന്‍പുണ്ടായിരുന്ന അതേ ലീഡേഴ്സ് ആണ് ഉണ്ടാകുക. ഈ സമയത്ത് നെഗറ്റീവ് ലീഡേഴ്സ് ആണ് മേഘത്തിന്‍റെ ആ ഭാഗത്തെ മിന്നലില്‍ ഉണ്ടാകുന്നതെങ്കിലാണ് തുടര്‍ച്ചയായി ഒരേ ദിശയില്‍ വീണ്ടും വീണ്ടും ഇടിമിന്നലെത്തുന്നത്.

അതേസമയം ഈ പഠനം പൂര്‍ത്തിയായിട്ടില്ലെന്ന് ഇതിന് നേതൃത്വം നല്‍കിയ സ്വീഡിഷ് ഗവേഷകന്‍ ഒലാഫ് സ്കോല്‍ടെന്‍ പറയുന്നു. മിന്നല്‍ രൂപപ്പെടുന്ന പ്ലാസ്മയുടെ ദൃശ്യങ്ങള്‍ ടെലസ്കോപ്പിൽ അതീവ വ്യക്തതയോടെ പതിഞ്ഞിട്ടില്ല. ഇതിനാലാണ് പഠനം തൃപ്തികരമായ തോതില്‍ അവസാനിപ്പിക്കാന്‍ കഴിയാത്തതെന്ന് സ്കോല്‍ടെന്‍ വ്യക്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA