ADVERTISEMENT

മീശപ്പുലിമലയെ പറ്റി  അറിയാത്ത മലയാളികള്‍ ഇന്ന് വളരെ കുറവായിരിക്കും. ചാര്‍ലി എന്ന ചിത്രത്തിലെ ദുല്‍ഖര്‍ കഥാപാത്രത്തിന്‍റെ ഒറ്റ ഡയലോഗാണ് സഹ്യന്‍റെ ഉയര്‍ന്ന കൊടുമുടികളിലൊന്നിന് ഇത്രയധികം ശ്രദ്ധ നല്‍കിയത്. ഇത് കേരളത്തിലെ മാത്രം കാര്യമല്ല, ഹിറ്റായ ഒരു സിനിമയില്‍ പ്രതിപാദിക്കുന്ന ഏതെങ്കിലും സ്ഥലവും, ഭക്ഷണവുമെല്ലാം ആളുകള്‍ അന്വേഷിച്ചു കണ്ടെത്തുകയും അത് ആസ്വദിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് പതിവാണ്.

Maya Bay

പറഞ്ഞു വന്നത് തായ്‌ലന്‍ഡിലെ ഫിഫിലേ എന്ന ദ്വീപിലുള്ള മയാ ബേ എന്ന ബീച്ചിനെക്കുറിച്ചാണ്. 2000 ത്തില്‍ ദി ബീച്ച് എന്ന ലിയനാര്‍ഡോ ഡി കാപ്രിയോ-ഡാനി ബോയല്‍ ചിത്രം പുറത്തിറങ്ങും വരെ പുറംലോകം അറിയാത്ത ഒന്നായിരുന്നു മയാ ബേ. പ്രാദേശികജനത മാത്രം ആസ്വദിച്ചിരുന്ന ഒന്നായിരുന്നു അവിടുത്തെ സൗന്ദര്യം. പക്ഷേ ദി ബീച്ച് എന്ന ചിത്രം മയാ ബേയുടെ ജാതകം തിരുത്തിക്കുറിച്ചു. കുത്തനെ പ്രശസ്തിയിലേക്കുയര്‍ന്ന മയാ ബേ വൈകാതെ ലോകത്തെ ഏറ്റവും തിരക്കേറിയ ബീച്ചുകളിലൊന്നായി മാറി.

തുടക്കത്തില്‍ എല്ലാം സ്വപ്നതുല്യമായിരുന്നു. പ്രാദേശിക ജനതയ്ക്ക് അതിജീവനത്തിനുള്ള പുതിയ മാര്‍ഗമായി, ടൂറിസം സമാനതകളില്ലാത്ത വിധം സാധ്യതയുള്ള ഒന്നായി ഇവിടെ മാറി. പക്ഷേ വൈകാതെ കാര്യങ്ങൾ തകിടം മറിഞ്ഞു തുടങ്ങി. ഇത്ര വലിയ സഞ്ചാരികളുടെ കുത്തൊഴുക്കു താങ്ങാന്‍ ബീച്ചിനു കെല്‍പുണ്ടായിരുന്നില്ല. പതിയെ പ്രദേശത്തിന്‍റെ സൗന്ദര്യം നഷ്ടപ്പെട്ടു തുടങ്ങി. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുന്നുകള്‍ രൂപപ്പെടാന്‍ തുടങ്ങി. കടലാമകള്‍ മുതല്‍ തീരത്തു കാണപ്പെടുന്ന ഞണ്ടുകളും പക്ഷികളും വരെ അപ്രത്യക്ഷമായി.

ബീച്ച് അടയ്ക്കുന്നു

ഒരു ദിവസം മയാ ബേയിലേക്കെത്തിക്കൊണ്ടിരുന്നത് 5000 പേരും 200 ബോട്ടുകളുമാണ്. മയാ ബേ പോലെ ഒരു കൊച്ചു ദ്വീപിലെ ബീച്ചിനു താങ്ങാനാവുന്നതിലും പല മടങ്ങി അധികമായിരുന്നു ഈ സഞ്ചാരികളുടെ ഒഴുക്ക്. എല്ലാം പരിധി വിട്ടതോടെയാണ് മിക്ക അധികൃതരും കൈക്കൊള്ളാന്‍ മടിക്കുന്ന ഒരു തീരുമാനം തായ്‍ലന്‍ഡ് അധികൃതര്‍ സ്വീകരിച്ചത്. വരുമാനമല്ല പ്രദേശത്തിന്‍റെ സ്വാഭവികതയുടെ സംരക്ഷണമാണ് പ്രധാനമെന്ന് ഇവർ പ്രഖ്യാപിച്ചു. 2018 ജൂണ്‍ 1 മുതല്‍ ബീച്ച് അടച്ചിട്ടിരിക്കുകയാണ്.

ഇനി 2021ല്‍ മാത്രമേ ബീച്ച് തുറക്കുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്. പ്രാദേശികമായി ചില എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും ഇതൊന്നും കാര്യമാക്കാതെയായിരുന്നു നടപടി. ബീച്ചിന്‍റെ ദീര്‍ഘകാല സംരക്ഷണത്തിന് ഈ ഇടവേള ആവശ്യമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. 2021ല്‍ പ്രദേശത്തിന്‍റെ പാരിസ്ഥിതിക സന്തുലനാവസ്ഥ വിലയിരുത്തിയ ശേഷമാകും ബീച്ചു തുറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുക.

തുടക്കത്തില്‍ ജൂണ്‍ 2018 മുതല്‍ സെപ്റ്റംബര്‍ 2018 വരെയായിരുന്നു ബീച്ച് അടച്ചിടാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ ക്യാംപെയ്ന്‍ ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. പക്ഷേ വര്‍ഷം 2 കോടി ഡോളറോളം വരുമാനമുള്ള ഈ ബീച്ച് മേഖലയിലെ ടൂറിസം വ്യവസായത്തില്‍ നിര്‍ണായകമായിരുന്നു. അതുകൊണ്ട് തന്നെ അടച്ചിടല്‍ അത്ര എളുപ്പമായിരുന്നില്ല. എന്നാൽ എതിര്‍പ്പുകളെ അവഗണിച്ച് ബീച്ചിനുള്ള നിരോധനം വൈകാതെ 2019 ജൂണ്‍ വരെ നീട്ടി. ഇതാണ് ഇപ്പോള്‍ വീണ്ടും 2021 ജൂണ്‍ വരെയായി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

Maya Bay

ജീവികളുടെ തിരിച്ചു വരവ്

വിനോദസഞ്ചാരികളുടെ കുത്തൊഴുക്കില്‍ കൂടൊഴിഞ്ഞു പോയ ജീവികളെല്ലാം ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്. അടച്ചിട്ട് ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ പക്ഷികളെയും ബ്ലാക്ക് ടിപ്പ് റീഫ് ഷാര്‍ക്ക് എന്ന ഇനത്തില്‍ പെട്ട സ്രാവുകളെയും മേഖലയില്‍ കണ്ടെത്തി. വൈകാതെ കടലാമകള്‍ ഉള്‍പ്പടെയുള്ള പല ജീവികളും പ്രദേശത്തു കാണപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ദീവസേന 50 ബ്ലാക്ക് ടിപ്പ് റീഫ് സ്രാവുകളെങ്കിലും തീരത്തേക്കു നീന്തിയെത്താറുണ്ടെന്നാണു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പവിഴപ്പുറ്റുകളുടെ വ്യാപനമാണ് മറ്റൊരു ശ്രദ്ധേയമായ നേട്ടം. അമിതമായ സ്കൂബാ ഡൈവിങ് മൂലവും മലിനീകരണം മൂലവും മേഖലയിലെ പവിഴപ്പുറ്റുകള്‍ക്ക് കാര്യമായ ക്ഷതം സംഭവിച്ചിരുന്നു. ഇതില്‍ നിന്നാണ് ഒരു വര്‍ഷം ബീച്ച് അടച്ചിട്ട ശേഷമുള്ള പവിഴപ്പുറ്റുകളുടെ തിരിച്ച് വരവ്. എന്നാൽ ഈ തിരിച്ചുവരവ് നശിപ്പിക്കപ്പെട്ട പഴിവപ്പുറ്റുകളുടെ ചെറിയ ശതമാനം പോലും വരില്ലെന്നാണു കണക്കു കൂട്ടുന്നത്. തായ്‍ലന്‍ഡ് തീരപ്രദേശത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പവിഴപ്പുറ്റുകളുടെ നാശത്തിന്‍റെ തോത് 30 ശതമാനത്തില്‍ നിന്ന് 77 ശതമാനമായാണ് ഉയര്‍ന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com