ADVERTISEMENT

450 കോടിയിലേറെ വര്‍ഷം പഴക്കമുള്ള ഭൂമിയുടെ ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ക്കും ഹിമയുഗങ്ങള്‍ക്കും ഉല്‍ക്കാ വീഴ്ചകള്‍ക്കും പ്രകൃതി ക്ഷോഭങ്ങള്‍ക്കും കഴിയാത്തത് മനുഷ്യന് സാധിച്ചിരിക്കുന്നു. അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുക പത്ത് ലക്ഷത്തിലേറെ വരുന്ന വ്യത്യസ്ത സസ്യ ജീവിവര്‍ഗങ്ങളാണ്. കാണ്ടാമൃഗവും സിംഹവും മുതല്‍ ചെറു പ്രാണികളും കീടങ്ങളും വ്യത്യസ്ത ജനുസ്സില്‍ പെട്ട സസ്യങ്ങളും വരെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ദിനോസറുകളെ കൊന്നൊടുക്കിയ ഭൂമിയിലെ ഏറ്റവും വലിയ നശീകരണ കാലഘട്ടത്തില്‍ പോലും ഇത്ര ചെറിയ കാലയളവില്‍ ഇത്രയധികം സസ്യജീവി വര്‍ഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ല.

മനുഷ്യനിര്‍മിതമായ കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുടെ ആവാസവ്യാപനം നിമിത്തമുണ്ടായ വനനശീകരണവുമെല്ലാമാണ് ഇത്രയധികം ജൈവ-സസ്യ വര്‍ഗങ്ങളെ കൂട്ടത്തോടെ വംശനാശത്തിന്‍റെ വക്കിലേക്കു തള്ളിവിട്ടത്. 7 രാജ്യാന്തര ഗവേഷകരുടെ നേതൃത്വത്തില്‍ അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷക സംഘം മൂന്ന് വര്‍ഷമെടുത്തു തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ടത്. കൂട്ട വംശനാശത്തിനു കാരണമകുന്ന പ്രതിഭാസങ്ങള്‍ മനുഷ്യരെയും ബാധിക്കാതെ പോകില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. വരള്‍ച്ച മുതല്‍ ഭക്ഷ്യക്ഷാമം വരെയുള്ള ദുരന്തങ്ങളാണ് പരിണിത ഫലങ്ങളായി മനുഷ്യ വംശത്തെ കാത്തിരിക്കുന്നത്.

Extinction threatens one million species

ഇല്ലാതാകുന്നത് ജൈവവൈവിധ്യത്തിന്‍റെ എട്ടിലൊന്ന് 

എട്ട് ദശലക്ഷം ഇനങ്ങളില്‍ പെട്ട സസ്യങ്ങളും ജീവികളും ഇന്നു ഭൂമിയിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയില്‍ 10 ലക്ഷം ജൈവ സസ്യവര്‍ഗങ്ങളുടെ വംശനാശം എന്നത് പ്രതീക്ഷിക്കാനാകാത്ത ആഘാതമാകും ജൈവവ്യവസ്ഥയിലുണ്ടാക്കുക. വംശനാശ ഭീഷണി നേരിടുന്നവയില്‍ ഏറ്റവും കൂടുതല്‍ മത്സ്യവര്‍ഗത്തിലുള്ള ജീവികളാണ്. ആഗോളതാപനം മൂലം സമുദ്രത്തിന്‍റെ താപനില ഉയരുന്നതാണ് മത്സ്യസമ്പത്തിന് ഭീഷണിയാകുന്നത്.

ഇതേ ആഗോളതാപനം തന്നെയാണ് പവിഴപ്പുറ്റുകളുടെ മൂന്നിലൊന്നു ശതമാനത്തെയും ഇല്ലാതാക്കാന്‍ പോകുന്നത്. ഇത് നേരിട്ടും അല്ലാതെയും മത്സ്യങ്ങളെ കൂടാതെയുള്ള മറ്റ് സമുദ്രജീവികളുടെ നിലനില്‍പിനെയും ബാധിക്കും. ഇതില്‍ കടല്‍ക്കുതിര മുതല്‍ കടലാമ വരെയുള്ള ജീവിവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ വിവിധയിനം കടല്‍ സസ്യങ്ങളും. ആഗോളതാപനത്തിനൊപ്പം തന്നെ വർധിക്കുന്ന കീടനാശിനിയുടെ ഉപയോഗവും അമിതമായ മത്സ്യബന്ധനവും സമുദ്രജൈവവ്യവസ്ഥയ്ക്കു ഭീഷണിയാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പ് തന്നെ അനിശ്ചിതത്വത്തില്‍

sea turtle

145 ഗവേഷകരടങ്ങുന്ന പാനലിന് നേതൃത്വം നല്‍കിയ ചെയര്‍മാന്‍ റോബര്‍ട്ട് വാട്സണ്‍ ഈ കൂട്ടവംശനാശത്തെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്. "മനുഷ്യചരിത്രത്തിലെന്നല്ല ലോക ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത കൂട്ട വംശനാശത്തിനാണ് ഭൂമി വൈകാതെ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇത് മനുഷ്യ വംശത്തിന്‍റെ സാമ്പത്തിക ഭദ്രതയ്ക്കും ഭക്ഷ്യ സുരക്ഷയ്ക്കും ആരോഗ്യത്തിനും ദൈനംദിന ജീവിതത്തിനും വരെ വൈകാതെ ഭീഷണിയാകും."

യുഎന്‍ നിയോഗിച്ച ജൈവസമ്പത്ത്, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ നയരൂപീകരണ സമിതിയാണ് ഈ പഠനം നടത്തിയത്. പഠനത്തില്‍ ഉള്‍പ്പെട്ട എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരും ഈ കണ്ടെത്തലുകളോടു പൂര്‍ണമായും യോജിക്കുന്നതായി പ്രഖ്യാപിക്കുകയും എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. യുഎന്‍ അംഗങ്ങളിലെ 132 രാജ്യങ്ങളാണ് ഈ സമിതിയില്‍ അംഗമായിട്ടുള്ളത്. സമിതിയിലെ അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളും റിപ്പോര്‍ട്ടില്‍ ഒപ്പു വച്ചിട്ടുണ്ട്.

മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനത്തെയും അതു മൂലമുണ്ടായ ഈ ജൈവസമ്പത്തിന്‍റെ നാശത്തെയും ചെറുക്കാന്‍ അടിയന്തര നടപടി വേണമെന്ന് പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍ ആവശ്യപ്പെടുന്നു.ഇല്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഒരു ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് ഇതാണ്.  സമുദ്രതാപനില വ്യവസായ വൽക്കരണ കാലത്തേക്കാളും ഏതാണ്ട് 2 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്ത് ഉയര്‍ന്നു നല്‍ക്കുകയാണ്. ഇത് വലിയ തോതിലാണ് സമുദ്രത്തിന്‍റെ അമ്ലവൽക്കരണത്തിന് (ആസിഡിഫിക്കേഷന്‍) ആക്കം കൂട്ടുന്നത്. അമ്ലാംശം വർധിക്കുന്നത് ക്രമേണ സമുദ്രത്തിലെ പവിഴപ്പുറ്റുകള്‍ നശിക്കാൻ കാരണമാകും. ഇത് സമുദ്രത്തിലെ ജൈവസമ്പത്തിനെ ബാധിക്കുകയും പ്രാദേശികവും വ്യാവസായികവുമായ മത്സ്യബന്ധനത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്യും. ഇതോടെ കോടിക്കണക്കിന് വരുന്ന സമുദ്രമേഖലയിലെ ജനങ്ങള്‍ പട്ടിണിയിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com