ADVERTISEMENT

വനമേഖലയില്‍ നിന്നും പരിസ്ഥിതിയില്‍ നിന്നും വലപ്പോഴും മാത്രമാണ് കേള്‍ക്കാന്‍ സുഖമുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇതിലൊന്നാണ് മധ്യപ്രദേശിലെ വനം വകുപ്പ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകള്‍. സംസ്ഥാനത്തെ മൂന്ന് ദേശീയ പാര്‍ക്കുകളില്‍ നിന്നായി ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ 11 പുതിയ കടുവ കുട്ടികളെയാണ് കണ്ടെത്തിയെന്നാണ് അധികൃതര്‍ അറിയിച്ചത്. മധ്യപ്രദേശാണ് ഇന്ത്യയില്‍ ഏറ്റവുമധികം കടുവകളുള്ള സംസ്ഥാനം.

മദ്ധ്യപ്രദേശിലെ കടുവകളുടെ സംരക്ഷണം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിലാണ് ഈ പുതിയ കടുവക്കുട്ടികളുടെ കണ്ടെത്തലെന്നതും ശ്രദ്ധേയമാണ്. 2019 ല്‍ മാത്രം ഇതുവരെ സംസ്ഥാനത്ത് കൊല്ലപ്പെട്ട നിലയിലും ജീവൻ നഷ്ടപ്പെട്ട നിലയിലും കണ്ടെത്തിയത് 14 കടുവകളെയാണ്. പുതിയതായി കണ്ടെത്തിയ കടുവക്കുട്ടികളില്‍ അഞ്ചെണ്ണം പന്നാ കടുവാ സങ്കേതത്തിലാണ്. നൗറാദേഹി, രതപാനി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് കടുവക്കുട്ടികളെ വീതം കണ്ടെത്തി. 

tiger-cub

കൂട്ടത്തില്‍ മെയ് 9 ന് നൗറാദേഹിയില്‍ കണ്ടെത്തിയവയാണ് സംസ്ഥാനത്ത് 3 വര്‍ഷങ്ങള്‍ക്കിടെ ജനിക്കുന്ന ആദ്യത്തെ കുട്ടികള്‍ .കന്‍ഹ, ബന്ധവ്ഘട്ട് എന്നീ കടുവാസങ്കേതങ്ങളില്‍ നിന്നായി ഇവിടേക്കെത്തിച്ച രാധാ, കൃഷ്ണ എന്നീ കടുവകള്‍ക്കാണ് ഈ കുട്ടികള്‍ ജനിച്ചത്. ഈ മേഖലയിലെ ആദ്യ കടുവക്കുട്ടികളുടെ ജനനമാണെന്നതിനാല്‍ ഇവയുടെ സുരക്ഷയ്ക്ക് സായുധസേനയെ തന്നെ അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്.

പന്നാ കടുവാ സങ്കതത്തില്‍ അധികൃതര്‍ കോളര്‍ നല്‍കി നിരീക്ഷിച്ചു പോരുന്ന കടുവാ ദമ്പതികള്‍ക്കാണ് രണ്ട് കുട്ടികള്‍ പിറന്നത്. കോളറില്ലാത്ത മറ്റൊരു കടുവാ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളും പിറന്നു. പന്ന കടുവാസങ്കേതത്തെ സംബന്ധിച്ച് അതിന്‍റെ ചരിത്രം കണക്കിലെടുത്താല്‍ സമാനതകളില്ലാത്ത നേട്ടമാണ് ഈ കുട്ടികളുടെ ജനനം. വ്യാപകമായ വേട്ടയും വനനശീകരണവും മൂലം പന്ന കടുവാസങ്കേതത്തിലെ കടുവകള്‍ പൂര്‍ണമായും ഇല്ലാതായിരുന്നു. 

തുടര്‍ന്ന് മറ്റ് കാടുകളില്‍ നിന്ന് കടുവകളെ എത്തിച്ചാണ് പന്നയില്‍ വീണ്ടും സംരക്ഷണംമാരംഭിച്ചത്. എന്നാല്‍ ഇക്കുറി മികച്ച രീതിയില്‍ തന്നെ കാര്യങ്ങള്‍ പുരോഗമിക്കുന്നുവെന്നതിന് തെളിവാണ് ഈ കടുവക്കുട്ടികളുടെ ജനനം.ഇപ്പോള്‍ 52 കടുവകളാണ് പന്ന കടുവ സങ്കേതത്തിലുള്ളത്. കടുവാക്കുട്ടികളെ കാണപ്പെട്ട മേഖലകളെല്ലാം തന്നെ അധികൃതര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഈ മൂന്ന് കടുവാ സങ്കേതങ്ങളെ കൂടാതെ രതപാനി, ഉബൈദുള്ളഗഞ്ച് എന്നീ കടുവാസങ്കേതങ്ങളിലും പുതിയ കുട്ടികളെ അധികൃതര്‍  സീസണില്‍ ആദ്യം കണ്ടെത്തിയിരുന്നു. ഇതോടെ ഈ വര്‍ഷം ജനിച്ച പുതിയ കടുവക്കുട്ടികളുടെ എണ്ണം 23 ആയി.

ആകെ ആറ് കടുവാസങ്കേതങ്ങളാണ് മധ്യപ്രദേശിലുള്ളത്. ഇവയിലെല്ലാമായി നാനൂറോളം കടുവകള്‍ സംസ്ഥാനത്തുണ്ടെന്നാണു കണക്കാക്കുന്നത്. 2014 ല്‍ നടന്ന സെന്‍സസില്‍ 308 കടുവകളെ കണ്ടെത്തിയിരുന്നു. 2018 ല്‍ നടത്തിയ സെന്‍സസിന്‍റെ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com