ADVERTISEMENT

തിരുവനന്തപുരം വലിയതുറ കടപ്പുറത്തിനു സമീപം കടൽവെള്ളം ചുഴിയുടെ രൂപത്തിൽ ഒരു മീറ്ററോളം ഉയർന്നത് ആശങ്ക പരത്തി. എന്നാൽ ഇത് അന്തരീക്ഷച്ചുഴിയാണെന്നും ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് അരമണിക്കൂർ സമയത്ത് വലിയതുറ കടപ്പുറത്തിനു സമീപം അന്തരീക്ഷച്ചുഴി രൂപപ്പെട്ടത്.

ഇതിനു പിന്നാലെ പ്രദേശത്തു ശക്തമായ കാറ്റും വീശി. ഉൾക്കടലിൽ ഇത്തരം അന്തരീക്ഷച്ചുഴികൾ സാധാരണമാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഓഖി ചുഴലിക്കാറ്റ് വീശുന്നതിനു ദിവസങ്ങൾക്കു മുൻപ് പല തീരങ്ങളിലും നീർച്ചുഴി (വാട്ടർ സ്പൗട്ട്) ദൃശ്യമായിരുന്നു.  കടലിൽ നിന്നു വെള്ളം ഉയർന്നുപൊങ്ങുന്ന പ്രതിഭാസമാണ് വാട്ടർ സ്പൗട്ട്.

valiyathura

'ചുഴലിക്കാറ്റുമായി ബന്ധമില്ല' 

ഇത്തരം ചെറിയ അന്തരീക്ഷച്ചുഴികൾക്ക് ചുഴലിക്കാറ്റുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. വർക്കല ഉൾപ്പെടെ പല തീരങ്ങളിലും പലപ്പോഴായി ഇത്തരം ചുഴികളുണ്ടായിട്ടുണ്ട്. ഇവയുടെ സഞ്ചാരപഥം തീർത്തും പ്രാദേശികമാണ്. ഒട്ടും അപകടകരമല്ല.താപവ്യതിയാനം മൂലം ചെറിയ ന്യൂനമർദം രൂപപ്പെടുന്നതാവാം കാരണമെന്നും അദ്ദേഹം പറഞ്ഞു.

Waterspout2

എന്താണ് വാട്ടർ സ്പൗട്ട്?

ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടുമൂടി കറുത്ത മേഘങ്ങൾക്കിടയിൽനിന്നു മിന്നൽ രൂപത്തിൽ ഫൗണ്ടൻ പോലെ തോന്നിക്കുന്ന മേഘപാളി കടലിലേക്ക് ഊർന്നിറങ്ങും. ഇതോടെ കടൽ ഇളകിമറിഞ്ഞു ചുഴി രൂപപ്പെടും. കടലിന്റെ വിവിധ ഭാഗങ്ങളിൽ കടൽവെള്ളം ഫണൽ രൂപത്തിൽ ഏറെ ഉയരത്തിൽ ഉയർന്നു പൊങ്ങും. മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിനു കാരണമാകുന്നത്. കടലിലെയും കായലിലെയും വെള്ളത്തെ അന്തരീക്ഷത്തിലേക്കു വലിച്ചെടുക്കുവാനുള്ള കഴിവ് ഇതിനുണ്ട്. ആനയുടെ തുമ്പിക്കൈ രൂപത്തിലാണു മേഘപാളി പ്രത്യക്ഷപ്പെടുന്നത്. 

പ്രതിഭാസം രൂപപെടുന്ന സമയത്തു കടലിൽ ഉണ്ടാകുന്ന ബോട്ടുകളും വള്ളങ്ങളും വട്ടം കറങ്ങി അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. വർക്കലയിലും ശംഖുമുഖത്തും വേളിയിലും വിഴിഞ്ഞത്തും ഇതേ പ്രതിഭാസം നേരത്തേ ഉണ്ടായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com