ADVERTISEMENT

പസിഫിക്കില്‍ സ്ഥിതി ചെയ്യുന്ന മാര്‍ഷല്‍ ദ്വീപസമൂഹം ഒരു കാലത്ത് അമേരിക്കയുടെ സ്ഥിരം ആണ പരീക്ഷണ വേദിയായിരുന്നു. 1946 നും 1958 നും ഇടയ്ക്ക് അറുപതിലേറെ തവണയാണ് ഈ ദ്വീപസമൂഹത്തില്‍ വച്ച് അമേരിക്ക ആറ്റം ബോബുകളും മറ്റും പരീക്ഷിച്ചത്. ഹിരോഷിമയില്‍ നിക്ഷേപിച്ച ആറ്റോമിക് ബോംബിനേക്കാള്‍ ആയിരം മടങ്ങ് വലുപ്പമുള്ള ഹൈഡ്രജന്‍ ബോംബ് വരെ ഈ ദ്വീപില്‍ വച്ചുള്ള പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. അമേരിക്ക ഇന്നുവരെ പരീക്ഷിച്ചിട്ടുള്ള ഏറ്റവും വീര്യം കൂടിയ ബോംബ് കൂടിയായിരുന്നു അത്.

ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചിട്ട് പതിറ്റാണ്ടുകളായെങ്കിലും  അമേരിക്കയുടെ ആണവ ശവപ്പെട്ടി എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശത്ത് ഇന്നും ആണവ വികിരണം ശക്തമാണ്. മാര്‍ഷല്‍ ദ്വീപസമൂഹത്തിലെ വിവിധ ദ്വീപുകളിലായാണ് ഈ പരീക്ഷണങ്ങളെല്ലാം അമേരിക്ക നടത്തിയത്. ചില ആണവസ്ഫോടനങ്ങള്‍ കടലിനടിയിലും നടത്തിയിരുന്നു. ഈ മേഖലകളില്‍ നിന്നുള്ള ആണവ വികിരണശേഷിയുള്ള മണലും മറ്റു വസ്തുക്കളും പസിഫിക്കിലേക്കെത്തിയതോടെയാണ് വടക്കന്‍ പസിഫക്കില്‍ ആണവ വികിരണ ഭീഷണി നിലനില്‍ക്കുന്നത്. 

മറവ് ചെയ്ത ആണവ അവശിഷ്ടങ്ങള്‍

ആണവ പരീക്ഷണങ്ങള്‍ അവാസനിപ്പിച്ച ശേഷം ഒരു പതിറ്റാണ്ടിനുള്ളില്‍ പ്രദേശത്തു നിന്ന് ആണവ വികിരണം ശക്തിയാര്‍ജിച്ചതോടെയാണ് അമേരിക്ക പരിഹാര മാര്‍ഗങ്ങള്‍ അന്വേഷിച്ചു തുടങ്ങിയത്. തുടര്‍ന്ന ആണവ വികിരണമേറ്റ മണല്‍ത്തരികള്‍ ഉള്‍പ്പടെയുള്ള മറവു ചെയ്യുക എന്നതായിരുന്നു കണ്ടെത്തിയ മാര്‍ഗം. 1970 കളില്‍ ഇതു നടപ്പാക്കുകയും ചെയ്തു. ആ പരീക്ഷണം മൂലം തന്നെ സൃഷ്ടിക്കപ്പെട്ട കുഴിയിലേക്കാണ് ഈ മണല്‍ മുഴുവന്‍ നിക്ഷേപിച്ചത്. ഏതാണ്ട് എട്ട് ലക്ഷം ക്യൂബിക് മീറ്ററിലധികം മണല്‍ മറവു ചെയ്തുവെന്നാണ് കണക്കാക്കുന്നത്. തുടര്‍ന്ന് ഈ കുഴി 45 സെന്‍റിമീറ്റര്‍ കനത്തിലുള്ള കോണ്‍ക്രീറ്റ് മതില്‍ കൊണ്ട് പൂര്‍ണമായും അടച്ചു കെട്ടുകയും ചെയ്തു.

പക്ഷേ ഇത് താല്‍കാലിക പരിഹാരം മാത്രായിരുന്നു. ഈ ആണവ കല്ലറയുടെ അടിവശം ഭൂമിയുമായി ബന്ധപ്പെട്ടാണു കിടന്നിരുന്നത്. കൂടാതെ കുറച്ചു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഈ കോണ്‍ക്രീറ്റ് മതിലില്‍ വിള്ളലുകളും വീണു തുടങ്ങി. അടിഭാഗത്ത് കൂടിയും വിള്ളലുകളിലൂടെയും ആണവ വികിരണം പുറത്തേക്കു വമിക്കാൻ തുടങ്ങി. ഇതോടെയാണ് അടക്കം ചെയ്ത ആണ വികിരണം പ്രേതമായി ഉയര്‍ത്തെണീറ്റുവെന്ന് ഗവേഷകര്‍ മനസ്സിലാക്കിയത്. കൂടാതെ കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പടെയുള്ള മാറ്റങ്ങളാല്‍ സമുദ്രനിരപ്പ് ഉയരുന്നതോടെ ഇപ്പോള്‍ ആണവ ശവക്കല്ലറയില്‍ നിന്നുള്ള വികിരണം സമുദ്രത്തിലേക്ക് അതിശക്തമായിയെത്തുന്നു എന്നാണു കണക്ക് കൂട്ടുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടല്‍

2013 ല്‍ അമേരിക്ക തന്നെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് ആണവ വികിരണം അത്യധികം ഉയര്‍ന്ന നിലയിലാണെന്നു കണ്ടെത്തിയിരുന്നു.പ്രദേശത്ത് താമസിക്കുന്ന എണ്ണൂറിലധികം പേര്‍ക്ക് ആണവ വികിരണമേറ്റിട്ടുണ്ടെന്നും പരിശോധനയില്‍ വ്യക്തമായിരുന്നു. കൂടാതെ എത്രമാത്രം ആണവ വികിരണമുണ്ടായിട്ടുണ്ടെന്നു കണക്കാക്കാന്‍ പോലും ആകാത്ത വിധം മേഖലയിലേക്ക് ഐസോടോപ്പ് സങ്കരങ്ങളും, പ്ലൂട്ടോണിയവും, സീസിയവും പോലുള്ള മൂലകങ്ങളും വ്യാപിച്ചതായും കണ്ടെത്തി.

2018 ലാണ് ഐക്യരാഷ്ടരസഭ പ്രദേശത്തെ ആണവ വികിരണ ശേഷിയേക്കുറിച്ചു പഠനം നടത്തുന്നത്. വടക്കന്‍ പസിഫിക്കില്‍ ഒന്നാകെ ആണവ വികിരണം എത്തിക്കാനുള്ള ശേഷി മറവു ചെയ്ത അവശിഷ്ടങ്ങളിലുണ്ടായ ചോര്‍ച്ചയ്ക്കുണ്ടെന്നാണ് യുഎന്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. പ്ലൂട്ടോണിയം 239 അടക്കമുള്ള ഐസോടോപ്പുകള്‍ അടങ്ങിയതാണ് ഈ ആണവ ശവക്കല്ലറ. അതുകൊണ്ട് തന്നെ ഈ ചോര്‍ച്ച നിയന്ത്രിക്കാനായില്ലെങ്കില്‍ അളവില്ലാത്ത വിധം സമുദ്രജലവും സമുദ്രജീവികളും മാര്‍ഷല്‍ ദ്വീപുകളിലെ ജനവാസമേഖലകളുള്‍പ്പടെയും ആണവ വികിരണത്തിന്റെ ദൂഷ്യഫലങ്ങൾ നേരിടേണ്ടിവരുമെന്നാണ് യുഎന്‍ മുന്നറിയിപ്പു നല്‍കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com