ഡെന്‍മാര്‍ക്ക് തീരം വീണ്ടും ചോരക്കളമായി; കൊന്നൊടുക്കിയത് എണ്ണൂറിലധികം തിമിംഗലങ്ങളെ!

685561824
SHARE

മനുഷ്യര്‍ പുലര്‍ത്തുന്ന പല വിശ്വാസങ്ങളുടെയും ഏറ്റവും നീചവും പ്രാചീനവുമായ പ്രതിഫലനങ്ങള്‍ കാണാനാകുക ആചാരങ്ങളുടെ രൂപത്തിലായിരിക്കും. ഇരുണ്ട ഭൂഖണ്ഡമെന്നു വിളിപ്പേരുള്ള ആഫ്രിക്കയിലും അന്ധവിശ്വാസങ്ങളുടെ നാടെന്നറിയപ്പെടുന്ന ഇന്ത്യയിലും എല്ലാ മേഖലയിലും മുന്നേറിയെന്ന് അവകാശപ്പെടുന്ന യൂറോപ്പിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്തരത്തില്‍ ഒരു ക്രൂരമായ ആചാരമാണ് ഡെന്‍മാര്‍ക്കിനു കീഴിലുള്ള ഫറോ ദ്വീപിലും വര്‍ഷം തോറും നടന്നു വരുന്നത്. ഈ വര്‍ഷവും മുടക്കമില്ലാതെ നടന്ന ഈ ആചാരത്തിന്‍റെ പേരില്‍ മനുഷ്യര്‍ കൊന്നൊടുക്കിയത് എണ്ണൂറിലേറെ തിമിംഗലങ്ങളെയാണ്.

ചുവന്നൊഴുകുന്ന കടല്‍

ഉത്തര അറ്റ്ലാന്‍റിക്കില്‍ സ്ഥിതി ചെയ്യുന്ന ഈ ഫറോ ദ്വീപിന്‍റെ തീരത്തെ തിരമാലകള്‍ അക്ഷരാർഥത്തില്‍ ചുവന്നാണ് ഒഴുകിയത്. കഴുത്തറത്ത് കൊല്ലപ്പെട്ട തിമിംഗലങ്ങളുടെ ചോര വാര്‍ന്നൊഴുകി ചുവന്ന കടലിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ ലോക മനസാക്ഷിക്കു മുന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. തിമിംഗലങ്ങളെ മാത്രമല്ല ഡോള്‍ഫിനുകളെയും ഗിന്‍ഡാ ഡ്രാപ് എന്നറിയപ്പെടുന്ന ഈ അനാചാരത്തിന്‍റെ ഭാഗമായി കൊന്നു തള്ളി. 

ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്നതാണ് ഈ ദുരാചാരത്തിന്റെ ചടങ്ങുകള്‍. എല്ലാ വര്‍ഷവും ഡെന്‍മാര്‍ക്ക് സര്‍ക്കാറിന്‍റെ അനുവാദത്തോടെയാണ് ഈ വേട്ട നടത്തുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ വര്‍‍ഷങ്ങളായി ഈ അനാചാരത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരം കണ്ടെത്താനായിട്ടില്ല. മെയ് 28 ന് മാത്രം ഈ ആചാരത്തിന്‍റെ ഭാഗമായി ഫെറോ തീരത്തുള്ള ടോര്‍ഷാന്‍ ബേ എന്ന മേഖലയില്‍ 145 തിമിംഗലങ്ങളെയാണ് കൊന്നൊടുക്കിയത്. പ്രധാനമായും പൈലറ്റ് തിമിംഗലങ്ങളാണ് ഈ ആചാരത്തിന്‍റെ ഭാഗമായി കൊല്ലപ്പെടുന്നത്. 

ന്യായീകരണങ്ങള്‍

അറ്റ്ലാന്‍റിക്കിലെ ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും പൈലറ്റ് തിമിംഗലങ്ങളാണ്. അറ്റ്ലാന്‍റിക്കിലെ തിമിംഗലങ്ങളുടെ ഒരു ശതമാനം മാത്രമാണ് വര്‍ഷം തോറും ഈ അനാചാരത്തിന്‍റെ ഭാഗമായി കൊല്ലപ്പെടുന്നതെന്നാണ് അധികൃതരുടെയും നടത്തിപ്പുകാരുടെയും വാദം. മുന്‍പ് വര്‍ഷം തോറും 2000 ത്തിന് മുകളില്‍ തിമിംഗലങ്ങള്‍ കൊല്ലപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കുറേയേറെ പേര്‍ ബോധവൽക്കരണത്തിന്‍റെ ഭാഗമായി ഈ കൂട്ടക്കൊലയില്‍ നിന്നു പിന്‍വാങ്ങിയിട്ടുണ്ട്.

ഫെറോ ദ്വീപിലെ സ്വാഭാവിക ജീവിതരീതിയുടെ ഭാഗമാണ് ഈ വേട്ടയെന്നാണ് ഡെന്‍മാര്‍ക്ക് വിദേശകാര്യമന്ത്രി പോള്‍ നോള്‍സെ പറഞ്ഞത്. ഓരോ തിമിംഗലത്തില്‍ നിന്നും നൂറ് കിലോയിലധികം മാംസം ലഭിക്കും. ഈ മാംസം വര്‍ഷം മുഴുവന്‍ ദ്വീപ് നിവാസികളുടെ സ്വാഭാവിക ഭക്ഷണ ക്രമത്തിന്‍റെ ഭാഗമാണെന്നും പോള്‍ നോള്‍സെ വിശദീകരിക്കുന്നു. ഭക്ഷണത്തിനു വേണ്ടി നടത്തുന്ന വേട്ടയായതിനാല്‍ ഇതിനെ ആചാരമായി മാത്രം കാണേണ്ടതില്ലെന്നാണ് പോള്‍ നോള്‍സെയുടെയും വേട്ടയെ അനുകൂലിക്കുന്നവരുടെയും വാദം.

വേട്ടയാടുന്ന രീതി

വേനല്‍ക്കാല സമയത്ത് പൈലറ്ററ് തിമിംഗലങ്ങളുടെയും ഡോള്‍ഫിനുകളുടെയും വടക്കന്‍ മേഖലയിലേക്കുള്ള സഞ്ചാര സമയം കണക്കാക്കിയാണ് വേട്ടയുടെ സമയം നിശ്ചയിക്കുന്നത്. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് വടക്കന്‍ മേഖലയിലേക്കും തിരിച്ചു തെക്കന്‍ പ്രദേശത്തേക്കുമുള്ള ഈ തിമിംഗലങ്ങളുടെ സഞ്ചാരം. ഈ സമയത്താണ് വേട്ടയും നടക്കുന്നത്. മിക്കവാറും മെയ് മാസത്തിലും ചില വര്‍ഷങ്ങളില്‍ ഓഗസ്റ്റിലുമാണ് ഈ ആചാരത്തിന്‍റെ പേരില്‍ തിമിംഗലങ്ങളെ കൂട്ടക്കൊല ചെയ്യുന്നത്.

തിമിംഗല കൂട്ടങ്ങളെ തീരമേഖലയ്ക്കു സമീപത്ത് കണ്ടെത്തിയാല്‍ കൂട്ടത്തോടെ ബോട്ടുകളെത്തി ഇവയെ തീരത്തേക്കു കൊണ്ടുവരും. ഇങ്ങനെ കരയോടു ചേര്‍ത്ത് നീന്താനാവാത്ത വിധമുള്ള അവസ്ഥയില്‍ തിമിംഗലങ്ങളെ എത്തിക്കും. തുടര്‍ന്ന് കൊളുത്തെറിഞ്ഞ് തിമിംഗലങ്ങളെ കരയില്‍ തന്നെ കുടുക്കിയിടും. ഇതിനു ശേഷമാണ് ഇവയുടെ കഴുത്തറക്കുക. സ്പൈനല്‍ കോഡ് മുറിഞ്ഞ് തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന രീതിയില്‍ ആഴത്തിലുള്ള മുറിവാണ് കഴുത്തിലുണ്ടാക്കുക. ഈ മുറിവില്‍നിന്ന് ചോര വാര്‍ന്നാണ് തിമിംഗലങ്ങള്‍ കൊല്ലപ്പെടുന്നത്. ഏതാനും സെക്കന്‍റുകള്‍ കൊണ്ടുതന്നെ ഒരു തിമിംഗലം കൊല്ലപ്പെടും. ഇങ്ങനെ നൂറിലധിം വരുന്ന ഒരു തിമിംഗലക്കൂട്ടത്തെ കൊല്ലാന്‍ പത്തു മിനിട്ടില്‍ താഴെ സമയം മാത്രമാണ് വേട്ടക്കാര്‍ക്കു വേണ്ടൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA