ADVERTISEMENT

വിദ്യാഭ്യാസത്തിലൂടെ മാത്രമേ പരിസ്ഥിതിയോടുള്ള സ്നേഹം ആളുകളിലേക്ക് കൊണ്ടുവരാൻ പറ്റുകയുള്ളൂ. ഈ വിദ്യാഭ്യാസം ജീവിതത്തെക്കുറിച്ച് ഒരു വിശാല വീക്ഷണം നൽകി നമ്മൾ പ്രകൃതിയോടുള്ള ആദരവ് മനസ്സിലേക്ക് തിരിച്ചുകൊണ്ടുവരണം.മനുഷ്യാനുഭവത്തിന്റെ ആദ്യത്തെ തലമാണ് പ്രകൃതി എന്നാണ് പൗരാണിക ജ്ഞാനം ഉദ്ഘോഷിക്കുന്നത്. നമ്മുടെ പരിസ്ഥിതി വൃത്തിയുള്ളതും, ശുഭാത്മകവുമാണെങ്കിൽ അത് നിലനില്പിന്റെ മറ്റു തലങ്ങളെയും ശുഭകരമായി സ്വാധീനിക്കും.

മനുഷ്യമനസ്സിൽ പരിസ്ഥിതിയുമായുള്ള ബന്ധം അന്തർലീനമാണ്. പ്രകൃതിയും , നമ്മളുമായി അകലുമ്പോഴാണ് നമ്മൾ പ്രകൃതിയെ മലിനപ്പെടുത്താൻ തുടങ്ങുക. പരമ്പരാഗതമായി, ഇന്ത്യയിൽ പ്രകൃത്യാരാധന നിലവിലുണ്ടായിരുന്നു. പുഴകൾ, മരങ്ങൾ, സൂര്യൻ, ചന്ദ്രൻ, പഞ്ചഭൂതങ്ങൾ , ഇവയെയെല്ലാം ഭാരതീയർ ആരാധിച്ചിരുന്നു. വാസ്തവത്തിൽ ലോകത്തിലെ എല്ലാ പുരാതന സംസ്കാരങ്ങളിലും ആളുകൾക്ക് പ്രകൃതിയോട് അഗാധമായ ആദരവ് ഉണ്ടായിരുന്നു. ഇന്ന് മനുഷ്യമനസ്സിനെ പിരിമുറുക്കത്തിൽ നിന്നും ആസക്തികളിൽ നിന്നും, വിടുവിച്ച് പ്രകൃതിയോടുള്ള ആദരവ് തിരിച്ചുകൊണ്ടുവരേണ്ടിയിരിക്കുന്നു. ധ്യാനവും അതിന്റെ 'സംയുക്തഫലങ്ങളും' (Collective effect) പ്രകൃതിയെ സ്വാധീനിക്കുന്നതിനെക്കുറിച്ച്   ഞങ്ങളുടെ ഗവേഷണ കേന്ദ്രത്തിൽ പഠനങ്ങൾ നടന്നിട്ടുണ്ട്. പ്രകൃതിയോടുള്ള ആളുകളുടെ സമീപനത്തിലുള്ള മാറ്റം , അവരിൽ നിന്നുള്ള പങ്കാളിത്തം,  ഇതാണ് സംയുക്ത പങ്കാളിത്തം. 

ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രധാന ആശയം വായു മലിനീകരണം ആണെങ്കിലും പഞ്ചഭൂതങ്ങൾക്കെല്ലാം ഗാഢമായ പരസ്പര ബന്ധമാണുള്ളത്.  പഞ്ചഭൂതങ്ങളിൽ വായു മലിനീകരണത്തെ മാത്രം പ്രത്യേകിച്ച് പഠിക്കാൻ പറ്റില്ല. നിങ്ങൾ ഒരു കഷ്ണം പ്ലാസ്റ്റിക് കത്തിച്ചാൽ അത് ഭൂമിയെ മാത്രമല്ല, വായുവിനെയും മലിനമാക്കും. മാത്രമല്ല, നിങ്ങൾ അത് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞാൽ വെള്ളവും മലിനമാകും.

ഹരിതതീരുമാനങ്ങൾ എടുക്കുക

വായുമലിനീകരണത്തെക്കുറിച്ച് എടുത്തു പറയുകയാണെങ്കിൽ , കൊയ്ത്തിനു ശേഷം എല്ലാ വർഷവും കാർഷികാവശിഷ്ടങ്ങൾ കത്തിക്കൽ,  വലിയൊരു പ്രശ്നമാണ്. ആർട്ട് ഓഫ് ലിവിംഗിൽ ഈ കാർഷിക മാലിന്യങ്ങളെ കമ്പോസ്റ്റ് വളമായി മാറ്റാൻ കർഷകരെ പ്രേരിപ്പിക്കാറുണ്ട്. അങ്ങനെ, കൃഷിയിടങ്ങളിൽ നിന്ന് മാലിന്യം പുന: സംസ്കരിക്കാം.

പറ്റുന്നത്ര ഹരിതതീരുമാനങ്ങൾ  നമ്മൾ എടുക്കണം

ഏറ്റവും കുറച്ചു മാത്രം കാർബൺ പുറത്തേയ്ക്ക് വിടുന്ന കാറുകൾ വാങ്ങാവുന്നതാണ്. രണ്ടാമത്തേത് കരിമരുന്നു പ്രയോഗം ആണ്. ദീപാവലി, പുതുവർഷം, തുടങ്ങിയ സമയത്ത് ആഘോഷിക്കാൻ പടക്കം തന്നെ വേണം എന്നാണ് നമ്മൾ വിചാരിക്കുന്നത്. ലോകത്തിലാകമാനം, അത് യൂറോപ്പിലോ, ആസ്ട്രേലിയയിലോ,. ജപ്പാനിലോ , ദക്ഷിണ അമേരിക്കയിലോ ആയിക്കൊള്ളട്ടെ, ഇതാണ് നിലവിലുള്ള വിശ്വാസം. ഇന്ത്യയിൽ എല്ലാ വർഷവും ഡെൽഹി, മുംബൈ, തുടങ്ങിയ മെട്രോകളിൽ ഈ ആഘോഷവേളകളിൽ വളരെയധികം വിഷപ്പുക അന്തരീക്ഷത്തിൽ പരക്കാറുണ്ട്. അതുകാരണം ആളുകൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പലരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കാറുണ്ട്.

ശബ്ദമലിനീകരണവും, വായുമലിനീകരണവും തടയാൻ സുപ്രീം കോടതി ഇടപെടേണ്ടി വന്നു എന്നത് ശോചനീയമായ അവസ്ഥയാണ്. വൈദ്യുതി കൊണ്ടോ, സൗരോർജ്ജം കൊണ്ടോ പുകമാലിന്യമില്ലാതെ പ്രകാശം ഉണ്ടാക്കാം എന്ന് നമുക്ക് ആലോചിച്ചു കൂടേ? പിറന്നാളിനും വിവാഹവാർഷികത്തിനും , വിവാഹത്തിനും പടക്കം പൊട്ടിക്കുന്നത് നമ്മൾ നിർത്തുകതന്നെ വേണം. പരിസ്ഥിതിയെക്കുറിച്ച് അവബോധമുള്ള ചെറുപ്പക്കാർ ' എന്റെ വിവാഹത്തിനോ, പിറന്നാളിനോ, പടക്കം പാടില്ല' എന്ന് പറയണം. വ്യവസായ മാലിന്യങ്ങൾ തടയാനും ശക്തമായ നിയമങ്ങൾ വേണം. വലിയ തോതിൽ മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങളിൽ നിന്ന് വൻ പിഴ ഈടാക്കുകയോ, അവ അടച്ചു പൂട്ടിക്കുകയോ ചെയ്യേണ്ടതാണ്. 

എല്ലാം പുകയും മോശമല്ല

എല്ലാം പുകയും മോശമല്ല എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. നല്ല പച്ചമരുന്നുകൾ കത്തിക്കുന്നതിൽ നിന്ന് വരുന്ന പുക അന്തരീക്ഷം ശുദ്ധീകരിച്ച് മാരകമായ അണുബാധ അകറ്റുന്നു.  കത്തുന്ന വേപ്പില അണുബാധ അകറ്റുന്നതിനും വൈറസ്സുകൾ അകറ്റുന്നതിനും ഉത്തമമാണ്. ആ പുക ജീവനും ആരോഗ്യത്തിനും ഗുണകരമാണ്.

നമ്മുടെ ജീവിതം എത്രമാത്രം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമ്മൾ തിരിച്ചറിയുമ്പോൾ പ്രകൃതിയുമായി സ്വാഭാവികമായും സംവേദനക്ഷമത അനുഭവപ്പെടും. അന്തരീക്ഷതാപം അല്പമൊന്ന് ഉയർന്നാൽ അത് ആളുകളിൽ അസ്വസ്ഥത ഉളവാകും.അതുപോലെ മഴ അല്പം കൂടുകയോ കുറയുകയോ ചെയ്താൽ അത് കൃഷിനാശത്തിനു കാരണമാകും. പരിസ്ഥിതിയോടുള്ള സംവേദന ക്ഷമത വേണമെങ്കിൽ നമ്മുടെ വികസിച്ച നിലനില്പിന്റെ അവബോധം ആവശ്യമാണ്. ആത്മീയത വഴി മാത്രമേ ഇത് സാധ്യമാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com