ADVERTISEMENT

കാലവർഷം ഇന്നു കേരളത്തിലെത്തും. നാളെ മുതൽ മഴ ശക്തമാകും. 10ന് തൃശൂരിലും 11ന് എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  

നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും 10നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 11നു കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ശക്തമായ മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

വ്യാപക മഴസാധ്യതയിൽ ഇന്നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ  ജില്ലകൾ   യെലോ അലർട്ടിലാണ്.സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. 

 ഇന്ന് ലക്ഷദ്വീപ്, മാലദ്വീപ്, തെക്കുകിഴക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തെക്കുപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

rain-monsoon-representational-image
പ്രതീകാത്മക ചിത്രം

കരുത്തുകൂട്ടാൻ ന്യൂനമർദവും

കാലവർഷത്തിനു കരുത്തുകൂട്ടാൻ ന്യൂനമർദവും. അറബിക്കടലിൽ കേരള–കർണാടക തീരത്തോടു ചേർന്ന് വരുംദിവസങ്ങളിൽ ന്യൂനമർദം രൂപംകൊള്ളുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകി. ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാലും ഒമാൻ തീരത്തേക്കു നീങ്ങുമെന്നും കേരളതീരത്ത് അപകടസാധ്യതയില്ലെന്നുമാണ് വിലയിരുത്തൽ. അതേസമയം, കേരളത്തിൽ മഴയുടെ ശക്തി കൂടും. മഴക്കാലത്തിന്റെ തുടക്കത്തി‍ൽ തന്നെ അതിശക്തമായ മഴ പെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന ആശങ്കയും സർക്കാരിനുണ്ട്. 

കൊല്ലം ജില്ലയിൽ 9, 10, 11 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ താലൂക്ക് ഓഫിസുകളിൽ കൺട്രോൾ റൂമുകൾ തുറന്നതായി കലക്ടർ ഡോ എസ്.കാർത്തികേയൻ അറിയിച്ചു. സ്‌പെഷൽ വില്ലേജ് ഓഫിസറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുക. എല്ലാ കൺട്രോൾ റൂമിലും വാഹനം ക്രമീകരിച്ചിട്ടുണ്ട്.  ഓറഞ്ച് അലർട്ട് പിൻവലിക്കും വരെ കൺട്രോൾ റൂം പ്രവർത്തിക്കും. 

ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകൾ ദുരന്തനിവാരണത്തിനുള്ള പ്രത്യേക വാട്‌സാപ് ഗ്രൂപ്പിൽ ഉൾപ്പെടുത്തും. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടുന്ന ആശുപത്രികളിൽ ഡോക്ടർമാരും പാരാമെഡിക്കൽ ഫീൽഡ് ഉദ്യോഗസ്ഥരും ഓൺകോൾ വ്യവസ്ഥയിൽ സജ്ജരായിരിക്കാൻ കലക്ടർ നിർദേശം നൽകി. ജില്ലയിൽ ലഭ്യമായ ക്രെയിനുകൾ , മണ്ണുമാന്തി, ഹിറ്റാച്ചി മെഷീനുകൾ എന്നിവ ഏതു സമയത്തും വിന്യസിക്കാൻ ആർടിഒയെ ചുമതലപ്പെടുത്തി.

ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പുനരധിവാസ കേന്ദ്രങ്ങൾ കണ്ടെത്തി അവയുടെ താക്കോൽ വില്ലേജ് ഓഫിസർമാർ കൈവശം വയ്ക്കാനും നിർദേശിച്ചു. ജില്ലയിലെ കിഴക്കൻ മലയോര പ്രദേശത്തു കൂടിയുള്ള യാത്രകൾ പ്രത്യേകിച്ച് രാത്രി യാത്ര കഴിവതും ഒഴിവാക്കാനും പുഴകളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങരുതെന്നും കലക്ടർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com