ADVERTISEMENT

കാലാവസ്ഥാ മാറ്റം കേരള തീരത്തെ കടൽ ചൂടുപിടിപ്പിക്കുകയാണ്. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ അന്തരീക്ഷ ഊഷ്മാവ് ശരാശരി 1– 3 ഡിഗ്രി സെൽഷ്യസ് വരെ വർധിച്ചു. ആനുപാതികമായി കടൽ ജലോപരിതലത്തിനും ചൂടു കൂടി– 0.6 ഡിഗ്രി സെൽഷ്യസ് മുതൽ 1 ഡിഗ്രി സെൽഷ്യസ് വരെ. കടലിനു ചൂടു കൂടിയാൽ നമുക്കെന്താ പ്രശ്നം? പ്രശ്നം മാത്രമേയുള്ളൂ; മത്സ്യ സമ്പത്തു കുറയുന്നുവെന്നതു മാത്രമല്ല. 

നമ്മൾ ആവർത്തിച്ചാവർത്തിച്ചു നേരിടുന്ന ചുഴലിക്കാറ്റ്, കാലം തെറ്റിയെത്തുന്ന വർഷപാതങ്ങൾ എന്നിവയ്ക്കുള്ള കാരണങ്ങളും ചെന്നെത്തി നിൽക്കുന്നതു കടൽ ജലോപരിതലത്തിന്റെ ചൂടു കൂടുന്നതിൽ തന്നെയാണ്.കഴിഞ്ഞ വർഷം കേരളം നേരിട്ട പ്രളയ ദുരന്തം അതിന്റെ നേർചിത്രവും. 

കടലിൽ ചൂടു കൂടുമ്പോഴാണു ചുഴലിക്കൊടുങ്കാറ്റ് രൂപം കൊള്ളുക. ഇത് അപ്രതീക്ഷിതമായ മഴയ്ക്കും അതു മൂലം പ്രളയത്തിനും കൊടും നാശത്തിനും കാരണമാകുന്നു. പ്രകൃതിയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ വലിയ മാറ്റമാണു കാലാവസ്ഥാ മാറ്റം സൃഷ്ടിക്കുന്നത്. കൃഷി, ഫിഷറീസ്, അക്വ കൾച്ചർ, ഊർജം, ടൂറിസം തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ എല്ലാ മേഖലയിലുമുണ്ട്.

മീനുകൾ എവിടെ?

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സമ്പത്തായിരുന്നു മത്തി. കേരള തീരത്തു നിന്നു പ്രതിവർഷം രണ്ടര ലക്ഷം ടൺ വരെ മത്തി വലയിലാക്കിയിരുന്ന കാലം നമുക്കുണ്ടായിരുന്നു. എന്നാൽ, ഇന്നത് 60,000– 80,000 ടൺ വരെയായി കുറഞ്ഞെന്നു കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) സ്ഥാപക വൈസ് ചാൻസലർ പ്രഫ. ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു.

fishing

ഇതിനു കാരണം ഒന്നേയുള്ളൂ, കാലാവസ്ഥാ മാറ്റം. കേരള തീരത്തെ കടലിന്റെ ചൂടു കൂടുന്നതു കാരണം ഈ മത്സ്യങ്ങൾ ചൂടു കുറഞ്ഞ തീരങ്ങളിലേക്കു നീങ്ങുന്നു. ഇതു മൂലം ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിൽ ഇപ്പോൾ മത്തി കൂടുതലായി കിട്ടുന്നു. 

അനുയോജ്യമായ ആവാസ വ്യവസ്ഥ എവിടെയുണ്ടോ, അവിടേക്കു നീങ്ങുകയെന്നതാണ് ഏതു ജീവിയും ചെയ്യുന്നത്. അയലയുടെ കാര്യത്തിലും സംഭവിച്ചത് ഇതു തന്നെ. തീരത്തോടു ചേർന്നാണു പൊതുവേ അയലയെ കൂട്ടത്തോടെ കണ്ടിരുന്നത്. എന്നാൽ, ജലോപരിതലത്തിനു ചൂടു കൂടിയതോടെ ഇവ ആഴക്കടലിലേക്കു നീങ്ങുകയാണെന്നു പ്രഫ. മധുസൂദനകുറുപ്പ് പറഞ്ഞു.

ജൈവ സമ്പത്ത് കുറയുന്നു

കടലിലെ ചൂട് ഒരു ഡിഗ്രി കൂടുമ്പോൾ ജൈവ സമ്പത്ത് 20% കുറയും എന്നാണു പഠനങ്ങൾ പറയുന്നത്. മത്സ്യങ്ങൾ ചൂടു കുറഞ്ഞ വെള്ളം തേടിപ്പോകുക മാത്രമല്ല, അവയുടെ ജീവിത ചക്രത്തെത്തന്നെ ഇതു ബാധിക്കുന്നു. മത്സ്യങ്ങളുടെ പ്രത്യുൽപാദനശേഷിയിൽ ചൂടു വ്യത്യാസമുണ്ടാക്കുന്നു. വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളുടെ ലഭ്യത കുറയാൻ ഇത് ഇടയാക്കും. 

കടലിലെ ചെമ്മീൻ അവരുടെ ജീവിത ചക്രത്തിനിടയിൽ ഒരിക്കലെങ്കിലും കായൽ മേഖലയിൽ വരാറുണ്ട്. കുറച്ചു കാലം കായലിൽ കഴിഞ്ഞ് അവർ കടലിലേക്കു മടങ്ങും. കേരളത്തിലെ കായൽ മേഖലകളിൽ ഇത്തരത്തിൽ വലിയ തോതിൽ ചെമ്മീൻ ലഭ്യതയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ കായലിന്റെ സ്വഭാവം മാറി. ആവാസ വ്യവസ്ഥയിൽ മാറ്റമുണ്ടായി. 

ഫലമോ, കടലിൽ നിന്നു കായലിലേക്കുള്ള ചെമ്മീന്റെ വരവു കുറഞ്ഞു. കടലിലെ സസ്യ പ്ലവഗങ്ങളാണു ചെറു മത്സ്യങ്ങളുടെ ആഹാരങ്ങൾ. കടൽ ജലത്തിനു ചൂടു കൂടിയതു സസ്യ പ്ലവഗങ്ങളുടെ നാശത്തിനു കാരണമായി. ചെറു മത്സ്യങ്ങൾക്കു ഭക്ഷണമില്ലാതായി. മത്സ്യങ്ങളുടെ വൻ ശോഷണത്തിനും കടലിൽ വലിയ തോതിൽ ജൈവ സമ്പത്തു കുറയുന്നതിനും ഇതു കാരണമാകുന്നു.

കാലം തെറ്റിയ കാലവർഷം

sea-temparature-representational-image
പ്രതീകാത്മക ചിത്രം

മഴയുടെ ലഭ്യതയ്ക്ക് അനുസരിച്ചാണു നമ്മുടെ കൃഷി രീതികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ കാർഷിക കലണ്ടർ തെറ്റാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. മഴ പെയ്യേണ്ട സമയത്തു മഴ പെയില്ല. ചിലപ്പോൾ പെയ്യാൻ തുടങ്ങിയാൽ മഴ പ്രളയമാവും. അങ്ങനെ മഴയുടെ വരവിനു കൃത്യതയില്ലാതായി. ചില സ്ഥലങ്ങളിൽ കാലം തെറ്റി പെയ്ത മഴയിൽ ഏക്കർ കണക്കിനു കൃഷി നശിച്ചു. 

മറ്റു ചിലയിടങ്ങളിൽ മഴ പെയ്യാതെ ഭൂമി വരണ്ടുണങ്ങിയതോടെ കൃഷിയിറക്കാനാകാതെ കർഷകർ ദുരിതത്തിലായി. കാലവർഷത്തിന്റെ ക്രമം നഷ്ടപ്പെട്ടതിന്റെ കാരണം കാലാവസ്ഥാ മാറ്റം തന്നെ. കേരളത്തിൽ പൊതുവേ കാണാത്ത പല ദേശാടനപ്പക്ഷികളെയും ഇപ്പോൾ കാണുന്നതായി റിപ്പോർട്ടുകളുണ്ട്. പൊതുവേ വരണ്ട കാലാവസ്ഥയിൽ കാണാറുള്ള മയിലുകളും ഇപ്പോൾ പതിവായി നമുക്കിടയിലെ നിത്യ സന്ദർശകരാകുന്നു. 

ഇതെല്ലാം കൃത്യമായ ചില സൂചനകൾ നൽകുന്നുണ്ട്– നമ്മുടെ പ്രകൃതിയിൽ എന്തൊക്കെയോ സംഭവിക്കുന്നു. പുതിയ തരം രോഗങ്ങളുടെ കടന്നുവരവു കാലാവസ്ഥാ മാറ്റത്തിന്റെ അനന്തര ഫലങ്ങളിലൊന്നാണെന്നു റിപ്പോർട്ടുകളുണ്ട്. മുൻപ് ഇല്ലാതിരുന്ന പല തരം കൊതുക് ഇനങ്ങളും ഇന്ത്യയിൽ കാണുന്നുണ്ട്. ഇവ മൂലമുള്ള അസുഖങ്ങൾ പെരുകുകയും ചെയ്യുന്നു. 

ലോകമൊട്ടാകെ വരുന്ന കാലാവസ്ഥാ മാറ്റങ്ങൾ നമ്മുടെ ആരോഗ്യത്തെ പോലും ബാധിക്കുന്നു എന്നു തിരിച്ചറിയുക. പല പുഴകളിലും ഉപ്പു വെള്ളമെത്തുന്നു. വെള്ളത്തിന്റെ അമ്ല സ്വഭാവം കൂടുന്നതു മൂലം പുഴമീനുകളുടെ ലഭ്യതയിലും വലിയ തോതിൽ കുറവുണ്ടാകുന്നുണ്ട്. ഇങ്ങനെ കാലാവസ്ഥാ മാറ്റം നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ വീട്ടിലെ മാവ് കാലം തെറ്റി പൂക്കുന്നെങ്കിൽ ഉറപ്പിച്ചു പറയാം, ആ മാവ് കാലാവസ്ഥാ മാറ്റത്തിന്റെ ഇരയാണ്.

കാലാവസ്ഥാ മാറ്റം: എന്തൊക്കെ സംഭവിക്കാം?

∙ സമുദ്ര ജലനിരപ്പ് ഉയരും.

∙ പ്രകൃതി ദുരന്തങ്ങൾ വർധിക്കും.

∙ തീരപ്രദേശങ്ങളിൽ കടലെടുപ്പും ഇടയ്ക്കിടെ ചുഴലിക്കാറ്റും.

∙ ഉയർന്ന താപനില, വർഷപാതം, നീണ്ട വരൾച്ച.

∙ കുടിവെള്ള ക്ഷാമം

∙ പകർച്ച വ്യാധികൾ കൂടും; പുതിയ രോഗങ്ങൾ ഉണ്ടാകും.

∙ ആവാസ വ്യവസ്ഥയും ജൈവ വൈവിധ്യവും തകരും.

നമുക്കു ചെയ്യാവുന്നത്

∙ സ്വകാര്യ വാഹനങ്ങൾക്കു പകരം പൊതുയാത്രാ സംവിധാനം ഉപയോഗിക്കുക.

∙ വീടുകളിലെ വൈദ്യുതിക്കു സൗരോർജം ഉപയോഗിക്കുക.

∙ ചെറിയ യാത്രകൾക്കു സൈക്കിൾ ഉപയോഗിക്കുക.

∙ സ്റ്റാർ റേറ്റിങ് ഉള്ള ഇലക്ട്രിക് വീട്ടുപകരണങ്ങൾ വാങ്ങുക.

∙ ആഹാരം പാചകം ചെയ്യുമ്പോൾ മൂടി കൊണ്ടടച്ച് ഊർജം ലാഭിക്കുക.

∙ രാസവളത്തിനു പകരം ജൈവവളം ഉപയോഗിക്കുക.

∙ മഴവെള്ള സംഭരണികൾ പ്രയോജനപ്പെടുത്തുക.

∙ പ്രാദേശിക ഭക്ഷ്യവസ്തുക്കൾ പരമാവധി ഉപയോഗിക്കുക.

∙ പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക.

∙ എൽഇഡി ബൾബുകൾ ഉപയോഗിക്കുക.

∙ തരിശുഭൂമികളിൽ പച്ചപ്പു സൃഷ്ടിക്കുക.

∙ എസി ഉയോഗം പരമാവധി കുറയ്ക്കുക.

∙ ഡെസ്ക്‌ടോപ് കംപ്യൂട്ടറുകൾക്കു പകരം ലാപ്ടോപ് ഉപയോഗിക്കുക.

∙ വലിച്ചെറിയൽ സംസ്കാരം നിർത്തുക; പുനരുപയോഗ സാധ്യതകൾ പ്രയോജനപ്പെടുത്തുക.

∙ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക.

∙ ആവശ്യമില്ലാത്ത സമയങ്ങളിൽ ലൈറ്റും ഫാനും ഓഫ് ചെയ്യുക.

(കിലയും യുഎൻഡിപിയും ചേർന്നു തയാറാക്കിയ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള കൈപ്പുസ്തകത്തിൽ നിന്ന്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com