ADVERTISEMENT

അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് നാളെ പുലർച്ചെയോടെ ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കും. മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് തീരത്തെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പോർബന്തർ, വരാവൽ, മഹുവ, ദിയു എന്നിവിടങ്ങളിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. ഇതേ തുടർന്ന് ഗുജറാത്തിന്റെ തീരദേശ മേഖലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി.

കനത്ത ചുഴലിക്കാറ്റ് 60 ലക്ഷം പേരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. 700 സുരക്ഷാകേന്ദ്രങ്ങളിലായി മൂന്ന് ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കും. വായു ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു.അടിയന്തര സാഹചര്യം നേരിടാൻ കരസേനയുടെയും നാവികസേനയുടെയും തീരദേശസംരക്ഷണ സേനയിലേയും സൈന്യത്തെ ഗുജാറാത്ത് തീരത്ത് വിന്യസിച്ചു. സൈന്യത്തിനു പുറമെ ദുരന്ത നിവാരണ സേനയുടെ 39 യൂണിറ്റുകളും എത്തിയിട്ടുണ്ട്.

cyclone

ഗുജറാത്തിൽ 20 വർഷത്തിനിടയിലെ അതിശക്തമായ കാറ്റ്

കഴിഞ്ഞ 20 വർഷത്തിനിടയിൽ മേഖലയിൽ വീശുന്ന അതിശക്തമായ ചുഴലിക്കാറ്റാകും വായു എന്നാണ് സൂചന. നിലവിൽ വരാവലിന് 340 കിലോമീറ്റർ മാറിയാണ് വായു ചുഴലിക്കാറ്റിന്റെ സ്ഥാനം. 1998 ഗുജറാത്ത് തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റിനെ പോലെ വായുവും ഉഗ്രരൂപിയായി ആഞ്ഞടിക്കുമെന്നാണ് നിഗമനം. അന്ന് പതിനായിരത്തോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത് സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകി. കനത്ത മഴയ്ക്കൊപ്പം മണിക്കൂറിൽ 135 കിലോമീറ്റർ വേഗതൽ കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.

Cyclone-Fani

ഈ വർഷം ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ചുഴലി

മേയിൽ ഒഡിഷ തീരത്ത് ആഞ്ഞടിച്ച ഫോനിക്കു പിന്നാലെയാണ് ഇപ്പോൾ വായു ചുഴലിക്കാറ്റിന്റെ വരവ്.ഒഡിഷയിലെ പുരിയിൽ മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിലാണ് കാറ്റഗറി 4 ൽ ഉൾപ്പെടുത്തിയിരുന്ന ഫോനി ആഞ്ഞടിച്ചത്. അന്ന് ഒഡീഷയിലെ 13 തീരദേശ ജില്ലകളിൽ നിന്നായി 11 ലക്ഷം പേരെ ഒഴിപ്പിച്ചതിനാൽ മരണസംഖ്യ കുറയ്ക്കാനായി. 

cyclone

കേരളതീരത്ത് ശക്തമായ തിരമാലകൾക്കു സാധ്യത

കേരളതീരത്ത് ഇന്നു രാത്രി 11.30 വരെ ശക്തമായ തിരമാലകൾക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല‍്കി. മഴയുടെ ശക്തി കുറഞ്ഞതിനാൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപക മഴയ്ക്കുള്ള മഞ്ഞ അലർട്ട് നൽകി. നിലവിൽ മുംബൈയിൽ നിന്ന് 500 കിലോമീറ്ററോളം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകും. തിരമാലകളുടെ ഉയരം 4.3 മീറ്റർ വരെയാകാനിടയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com