sections
MORE

അമേരിക്ക നേരിടുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴ; പ്രകൃതിദുരന്തങ്ങളിൽ പൊറുതിമുട്ടി ജനങ്ങൾ

rain
SHARE

കഴിഞ്ഞ 125 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും വലിയ മഴ യുഎസില്‍ ഇപ്പോഴും തുടരുകയാണ്. തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി തുടരുന്ന മഴ വ്യാപകമായ നാശനഷ്ടമാണ് ഈ മേഖലയില്‍ വിതച്ചത്. സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വിധം മിസിസിപ്പി ഉള്‍പ്പടെയുള്ള നദികള്‍ നിറഞ്ഞൊഴുകുകയാണ്. പടിഞ്ഞാറന്‍ നോര്‍ത്ത് കാരലൈനയില്‍ മാത്രം രണ്ട് ദിവസം കൊണ്ട് പെയ്തത് ഒരടിയോളം മഴയാണ്. അതായത് ഏകദേശം 30 സെന്‍റിമീറ്ററിലധികം മഴ. 

മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റാണ് തെക്കന്‍ യുഎസില്‍ അനുഭവപ്പെടുന്നത്. മെയ് മാസത്തില്‍ തുടര്‍ച്ചായി വീശിയ കാറ്റുകള്‍ക്ക് പിന്നാലെയാണ് ശക്തി കൂടിയ കൊടുങ്കാറ്റുകകള്‍ യുഎസ് തീരത്ത് ഇപ്പോള്‍ ആഞ്ഞടിക്കുന്നത്. കാറ്റിന്‍റെ ശക്തി കൂടിയതോടെയാണ് മഴയുടെ അളവിലും കാര്യമായ വർധനവുണ്ടായതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതോടെയാണ് 125 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അളവിലേക്കും ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഉയര്‍ന്ന അളവിലേക്കും തെക്കന്‍ അമേരിക്കയില്‍ പെയ്തിറങ്ങിയ മഴയെത്തിയത്.

മെയ് മാസത്തിലെ ശരാശരി എടുത്താലും പെയ്ത മഴ ഏതാണ്ട് സര്‍വകാല റെക്കോര്‍ഡിനൊപ്പമാണ്. 4.41 ഇഞ്ച് മഴയാണ് മെയ് മാസത്തില്‍ യുഎസില്‍ പെയ്തത്. ഈ മാസത്തില്‍ സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ 1.5 ഇഞ്ച് കൂടുതലായിരുന്നു ഈ വര്‍ഷം ലഭിച്ച മഴ. എല്ലാ വര്‍ഷത്തെയും കണക്കുകള്‍ പരിശോധിച്ചാല്‍ 4.45 ഇഞ്ച് മഴ ലഭിച്ച 2015 മെയ് മാസത്തിനു തൊട്ടു പിന്നിലാണ് പട്ടികയില്‍ ഈ വര്‍ഷം സ്ഥാനം പിടിച്ചിരിക്കുന്നത്. 

Flood

കഴിഞ്ഞ 12 മാസങ്ങളായി യുഎസിലെ 48 സംസ്ഥാനങ്ങളിലും ശരാശരിയിലും കുറഞ്ഞ മഴയായിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ദേശീയ തലത്തില്‍ ലഭിച്ച മഴയുടെ അളവും ശരാശരിയേക്കാള്‍ കുറവായിരുന്നു. എന്നാല്‍ മെയ് മാസത്തിലെ മഴ എല്ലാ റെക്കോഡുകളും ഭേദിച്ചതോടെയാണ് ദേശീയ ശരാശരി തന്നെ 125 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അളവിലെത്തിയത്. 36.20 ഇഞ്ചാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുഎസില്‍ ലഭിച്ച മഴയുടെ ശരാശരി അളവ്. 1895 ല്‍ 12 മാസത്തിനിടെ ലഭിച്ച 37.68 ആണ് ഇതുവരെയുള്ള യുഎസിലെ മഴയുടെ ഏറ്റവും ഉയര്‍ന്ന അളവ്

നോര്‍ത്ത് കാരലൈന

പ്രകൃതി ദുരന്തങ്ങളുടെ ഘോഷയാത്രയാണ് ഇക്കുറി നോര്‍ത്ത് കാരലൈനയില്‍. ഏപ്രില്‍ മെയ് മാസങ്ങളില്‍ കടുത്ത ചൂടു കാറ്റാണ് നോര്‍ത്ത് കാരലൈനയിൽ അനുഭവപ്പെടാറുള്ളത്. ഇത്തവണയും കടുത്ത ചൂടാണ് ഏപ്രില്‍ മാസത്തിന്‍റെ തുടക്കത്തില്‍ നോര്‍ത്ത് കാരലൈനയില്‍ അനുഭവപ്പെട്ടത്. എന്നാല്‍ മെയ് മാസമെത്തിയതോടെ കാലാവസ്ഥ കീഴ്മേല്‍ മറിഞ്ഞു. കൊടുങ്കാറ്റുകളുടെ അകമ്പടിയോടെ എത്തിയ മഴ നോർത്ത് കാരലൈനയ്ക്ക് ആദ്യം ആശ്വാസമായെങ്കിലും വൈകാതെ ആശങ്കയിലേക്കു വഴിമാറി. മെയ് ആദ്യവാരം പിന്നിട്ടപ്പോള്‍ തന്നെ ഇനിയും ഇതേ അളവില്‍ മഴ തുടരുമെന്നും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നും യുഎസ് കാലാവസ്ഥാ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് ഏജന്‍സി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ അനുഭവപ്പെട്ട മഴയ്ക്കു സമാനമായിരുന്നു നോര്‍ത്ത് കാരലൈനയിലും ഉണ്ടായത്. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ അളവില്‍ മഴ പെയ്തതോടെ ജലാശയങ്ങളെല്ലാം നിറഞ്ഞു കവിഞ്ഞു. നോര്‍ത്ത കാരലൈന പോലെ സമതലനിരപ്പില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഒഴുകി പോകാന്‍ സ്ഥലമില്ലാതെ വന്നതോടെ പുഴകളില്‍ നിന്നും മറ്റും വെള്ളം കരയിലേക്ക് വലിയ തോതില്‍ ഒഴുകിയെത്തി. ഇത് വ്യാപകമായ നാശനഷ്ടമാണ് നോര്‍ത്ത് കാരലൈനയിലാകെ സൃഷ്ടിച്ചത്. 

മിസിസിപ്പി നദി

മിസിസിപ്പിയില്‍ ഈ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെ അളവ് 90 വര്‍ഷത്തിനിടയിൽ ഉണ്ടായതിൽ ഏറ്റവും വലുതാണ്. നോര്‍ത്ത് കാരലൈന മേഖലയില്‍ പെയ്ത മഴയുടെ വലിയൊരളവും ഒഴുകിയെത്തിയത് മിസിസിപ്പി നദിയിലേക്കാണ്.  ഇതോടെ 1927 ശേഷം ഏറ്റവും കൂടുതല്‍ കാലം നീണ്ടു നിന്ന മിസിസിപ്പി വെള്ളപ്പൊക്കം 2019 ലേതായി മാറി. സെന്‍റ് ലൂയിസ് മേഖലയില്‍ വെള്ളം കയറിയപ്പോള്‍ ഇക്കുറി രേഖപ്പെടുത്തിയ ആഴം 46.5 അടിയാണ്. 

പല ഘടകങ്ങള്‍ ഒത്തുവന്നതാണ് ഇത്ര വലിയ അളവിലുള്ള മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ കാരണമായി കാലാവസ്ഥാ നിരീക്ഷകര്‍ കരുതുന്നത്. ഈ വര്‍ഷം അവസാനത്തോടെ ശക്തമാകുമെന്നു കരുതുന്ന എല്‍ നിനോയുടെ സാന്നിധ്യമാണ് ഇതിലൊന്ന്. മറ്റൊന്ന് ആഗോളതാപനം മൂലം പസിഫിക്കിലേയും അറ്റ്ലാന്‍റിക്കിലെയും സമുദ്രമേഖലയിൽ ഉയര്‍ന്ന തോതില്‍ താപനില അനുഭവപ്പെടുന്നതിനാലാണ്. ഇതുമൂലം ബാഷ്പീകരണം വർധിച്ചെന്നും ക്രമേണ പസിഫിക്കില്‍ നിന്നുള്ള നീരാവി കാറ്റില്‍ പെട്ട് തെക്കന്‍ യുഎസിലേക്കെത്തി കനത്ത മഴയ്ക്കു കാരണമായെന്നുമാണു നിഗമനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA