ADVERTISEMENT

തുർക്കിയിലെ നെവ്ഷെഹിഷ് പ്രവിശ്യയിലെ കൂയിസ് നഗരത്തിലായിരുന്നു സംഭവം. അവിടെ ഒരു പ്രത്യേക മേഖലയിലെ പതിനഞ്ചോളം വീടുകളിലേക്കും വെള്ളം കയറുന്നു. അവിടെ മാത്രമേ ആ പ്രശ്നമുള്ളൂ. എന്താണു സംഭവമെന്ന് എത്ര പരിശോധിച്ചിട്ടും പിടികിട്ടുന്നുമില്ല. ഒടുവിൽ പ്രദേശത്ത് അടച്ചിട്ടിരുന്ന ഒരു തുരങ്കം മുനിസിപ്പൽ പ്രവർത്തകർ തുറന്നു നോക്കി. വർഷങ്ങൾക്കു മുൻപ് സുരക്ഷാ കാരണങ്ങളാൽ അടച്ചിട്ടതായിരുന്നു ആ തുരങ്കം. അതിനകത്താകട്ടെ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു കാത്തിരുന്നത്. വെള്ളത്തിൽ പാതി മുങ്ങിയ ഒരു ഭൂഗർഭ നഗരമായിരുന്നു അത്. 

വീടുകളും തുരങ്കങ്ങളും പ്രാർഥിക്കാനുള്ള സ്ഥലങ്ങളുമെല്ലാമായി ഏകദേശം മൂന്നു മൈൽ ദൂരത്തേക്കു വ്യാപിച്ചു കിടക്കുകയായിരുന്നു ആ നഗരം. ഒരു മനുഷ്യ പ്രതിമയും അതോടൊപ്പമുണ്ടായിരുന്നു. അതു നിന്നിരുന്നയിടമാണു പ്രാ‍ർഥനയ്ക്കായി നിർമിച്ചതാണെന്നു കരുതുന്നത്. ആ ഭൂഗർഭ നഗരത്തിനു മുകളിൽ സ്ഥിതി ചെയ്തിരുന്ന വീടുകളിലായിരുന്നു വെള്ളം കയറിയിരുന്നതും. വൈകാതെ തന്നെ പുരാവസ്തു ഗവേഷകരെത്തി. പരിശോധനയില്‍ തെളിഞ്ഞത് ആ നഗരത്തിന് ഏകദേശം 5000 വർഷത്തെ പഴക്കമുണ്ടെന്നായിരുന്നു. അതോടെ സർക്കാർ തലത്തിൽ തന്നെ പ്രദേശത്തെപ്പറ്റി കൂടുതൽ പഠിക്കാൻ തീരുമാനിച്ചു. 

Mysterious floods help reveal lost underground city

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഈ ഭൂഗർഭ നഗരത്തിലെ സൗകര്യങ്ങൾ ജനങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നെന്നാണു കരുതുന്നത്. മൃഗങ്ങളെ പാർപ്പിക്കാനുള്ള സ്ഥലമായിട്ടായിരുന്നു ഉപയോഗിച്ചിരുന്നത്. കാലക്രമേണ അത് ഉപേക്ഷിക്കപ്പെട്ടു. ഏകദേശം 25 വർഷം മുൻപാണ് പിന്നീട് ഈ ഭൂഗർഭ നഗരം പൊതുശ്രദ്ധയിൽ വരുന്നത്. നഗരത്തോടു ചേർന്നുള്ള തുരങ്കത്തിലേക്ക് ഒരു കുട്ടി വഴുതിവീണപ്പോഴായിരുന്നു അത്. അപ്പോഴും നഗരത്തിന്റെ ചരിത്രപ്രാധാന്യം ആരും അറിഞ്ഞില്ല. കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ തുരങ്കം അടച്ചിടുകയും ചെയ്തു. ഒട്ടേറെ പുരാതന ഭൂഗർഭ നഗരങ്ങൾക്കു പ്രശസ്തമാണ് നെവ്ഷെഹിഷ് പ്രവിശ്യ. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ അത്രയേറെ നഗരങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. 

പ്രവിശ്യ സ്ഥിതി ചെയ്യുന്ന മേഖലയെ പുരാവസ്തു ഗവേഷകർ കാപ്പഡോഷ്യ എന്നാണു പേരിട്ടിരിക്കുന്നത്. അഗ്നിപർവതത്തിൽ നിന്നുള്ള ലാവ ഉറച്ചുണ്ടാകുന്ന ‘വോൾക്കാനിക്’ പാറകൾ ഉപയോഗിച്ചായിരുന്നു മേഖലയിലെ കെട്ടിടങ്ങളിലേറെയും നിർമിച്ചിരിക്കുന്നത്. മൃദുവായ‌തിനാൽ വെയിലും മഴയും കൊള്ളാതെ ഏതു പരുവത്തിൽ വേണമെങ്കിലും ചെത്തി മനുക്കിയെടുക്കാൻ ഈ പാറകൾ കൊണ്ടു സാധിക്കുമായിരുന്നു. പതിയെപ്പതിയെ പ്രദേശത്തു കൂടുതൽ വികസനം വന്നു, നഗരമായി രൂപാന്തരം പ്രാപിച്ചു. 

അഞ്ചു വർഷം മുൻപും, ഏകദേശം 5000 വർഷം പഴക്കമുള്ള ഭൂഗർഭ നഗരം കാപ്പഡോഷ്യയിൽ കണ്ടെത്തിയിരുന്നു. നെവ്ഷെഹിഷിലെ പ്രശസ്തമായ കോട്ടകളുടെ സംരക്ഷണത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവൃത്തികൾ നടക്കുമ്പോഴായിരുന്നു ആ കണ്ടെത്തൽ. ബിസി 3000 കാലത്ത് ഇവിടെയുണ്ടായിരുന്ന കർഷക സമൂഹത്തിന്റേതാണു വീടുകളെന്നാണു കരുതുന്നത്. ആയിരക്കണക്കിനു പേർ ഇവിടെ ജീവിച്ചിരുന്നതായും തെളിഞ്ഞു. ഏകദേശം നാലു മൈലോളം നീണ്ടു കിടന്ന നഗരത്തിൽ ഒരു കാറിനു കടന്നുപോകാൻ തക്ക വലുപ്പമുള്ള തുരങ്കങ്ങളുമുണ്ടായിരുന്നു. ഇതുവഴിയായിരുന്നു ജനങ്ങൾ കാർഷിക വിഭവങ്ങൾ നഗരത്തിലേക്കു കൊണ്ടുവന്നിരുന്നതെന്നാണു കരുതുന്നത്. മറ്റൊരു തുരങ്കമാകട്ടെ ചെന്നെത്തി നിന്നിരുന്നത് ഒരു നദിയിലേക്കും. അങ്ങനെയാണ് പ്രദേശവാസികളിലേറെയും കൃഷിക്കാരാണെന്നു തിരിച്ചറിഞ്ഞതും. 

നെവ്ഷെഹിഷിൽ കണ്ടെത്തിയവയിൽ ഏറ്റവും പ്രശസ്തമായ ഭൂഗർഭ നഗരം ഡിറിങ്കുയു ഗുഹകളാണ്. 1960കളിലാണ് ഈ ഭൂഗർഭ നഗരം കണ്ടെത്തുന്നത്. തന്റെ വീടിന്റെ ചുമരുകൾക്കപ്പുറത്ത് ഒരു പുതിയ മുറിയുണ്ടെന്ന് തിരിച്ചറിഞ്ഞ നഗരവാസികളിലൊരാളാണ് പുരാവസ്തു ഗവേഷകരെ കാര്യം വിളിച്ചറിയിച്ചത്.  കാപ്പഡോഷ്യയിലെ ഏറ്റവും ആഴത്തിലുള്ള നഗരവും അതായിരുന്നു. അവിടെ ജീവിച്ചിരുന്നതാകട്ടെ ഏകദേശം 20,000ത്തിലേറെ പേരും.  കാപ്പഡോഷ്യയിലെ ഭൂഗർഭ നഗരങ്ങളെ തുർക്കിയുടെ വിനോദസഞ്ചാര ഭൂപടത്തിന്റെ ഭാഗമാക്കാനുള്ള ഒരുക്കത്തിലാണു ഗവേഷകർ. അതിനിടയിലാണു പുതിയ നഗരം കണ്ടുപിടിക്കപ്പെടുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com