ADVERTISEMENT

ചെന്നൈയിലെ രൂക്ഷമായ ജലക്ഷാമം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ജലവിദഗ്ധർ. മഴയുടെ അളവു കുറയുന്നതും  മണ്ണിന്റെ ജലസംഭരണശേഷി കുറയുന്നതും കേരളത്തിനു വെല്ലുവിളിയാകുമെന്നാണു മുന്നറിയിപ്പ്. 1980 മുതൽ കേരളത്തിൽ മഴ കുറയുന്നു. ജൂൺ മുതൽ മേയ് വരെയുള്ള ഒരു ജലവർഷത്തിൽ കേരളത്തിലെ ശരാശരി മഴയുടെ അളവ് നിലവിൽ 2925 മില്ലിമീറ്റർ ആണ്. നേരത്തേ ഇത് 3000 മില്ലിമീറ്ററായിരുന്നു. അതായത് 2.6 ശതമാനം കുറഞ്ഞു. കഴിഞ്ഞ 35 വർഷത്തിനിടെ 25 വർഷവും മഴ ഇതിലും താഴെയായിരുന്നു. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഇടവപ്പാതി കഴിഞ്ഞ 26 വർഷവും, തുലാവർഷം 18 വർഷവും വേനൽമഴ 24 വർഷവും ശരാശരിയിലും കുറഞ്ഞു.

ഇതു മൂലം 2012–13, 2016–17 വർഷങ്ങളിൽ കേരളത്തിൽ രൂക്ഷമായ വരൾച്ചയും ശുദ്ധജലക്ഷാമവും നേരിടേണ്ടി വന്നു. മഴയിലൂടെ 72,000 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒരു വർഷം ലഭിക്കുന്നു. ഇതിൽ നമുക്ക് ഉപയോഗിക്കാൻ കഴിയുന്നത് 42,000 ദശലക്ഷം ക്യുബിക് മീറ്റർ. നിലവിൽ ഉപയോഗിക്കുന്നത് 8000 ദശലക്ഷം മാത്രം.  34,000 ദശലക്ഷം ക്യുബിക് മീറ്റർ പാഴാകുന്നു.

Rain

മട്ടുമാറി മഴ

വർഷത്തിൽ 10 മാസവും മഴ ലഭിച്ചിരുന്ന കേരളം ഇപ്പോൾ അങ്ങനെയല്ല. ചരിത്രത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ച കഴിഞ്ഞ വർഷത്തെ കണക്കുപോലും ആശങ്കാജനകമാണ്. ഓഗസ്റ്റിലെ പ്രളയത്തിനു തൊട്ടുപിന്നാലെ സെപ്റ്റംബറിൽ ഒരു ചെറിയ മഴ പോലും പെയ്തില്ല. ഒക്ടോബർ മുതൽ ഡിസംബർ വരെ പെയ്യേണ്ട തുലാവർഷം ഒക്ടോബറിൽ തീർന്നു.

മാർച്ച് മുതൽ മേയ് വരെയുള്ള വേനൽമഴ ശരാശരിയിൽ നിന്ന് 55 ശതമാനം കുറഞ്ഞു. കേരളത്തിലെ മഴദിനങ്ങളുടെ ശരാശരി 110 ആയിരുന്നു. സമീപകാലത്ത് അത് 85 മുതൽ 90 വരെയായി കുറഞ്ഞു. കാസർകോട് പോലുള്ള ജില്ലകളിൽ  75നു താഴെയെത്തി.

പ്രളയം കഴിഞ്ഞും വരൾച്ച

കഴിഞ്ഞ ജലവർഷം കേരളത്തിൽ ലഭിച്ചത് ശരാശരിയിലും 8 % അധികം മഴ. എന്നിട്ടും ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിൽ കേരളത്തിലെ 70 ശതമാനത്തോളം തദ്ദേശസ്ഥാപനങ്ങളിലും ജലക്ഷാമം രൂക്ഷമായതിനാൽ ടാങ്കർ ലോറികളിൽ ജലവിതരണം നടത്തേണ്ടിവന്നു. സെപ്റ്റംബർ പകുതിയോടെ പുഴകളിൽ വെള്ളം വറ്റിത്തുടങ്ങി. ഭൂജലനിരപ്പ് തീരപ്രദേശങ്ങളിൽ 1 മീറ്ററും ഇടനാട്ടിൽ 2–3 മീറ്ററും മലനാട്ടിൽ 3 മീറ്ററിനു മുകളിലും താണു.

Drought

ചെന്നൈയാകുമോ കേരളം?

തമിഴ്നാട്ടിൽ വാർഷികമഴയുടെ ശരാശരി അളവ് 1500 മില്ലിമീറ്ററാണ്. കേരളത്തിന്റെ നേർപകുതി. നമ്മുടെ ഇരട്ടിയിലേറെ ജനസംഖ്യയുണ്ടായിട്ടും അവർ കഠിനമായ വരൾച്ചയെ അതിജീവിക്കുന്നത് കർശനമായ ജലസംരക്ഷണത്തിലൂടെയാണ്. കേരളം നേരെ തിരിച്ചാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഒരു ദിവസം ഒരാൾക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് 135 ലീറ്റർ. സിഡബ്ല്യുആർഡിഎം നടത്തിയ പഠനത്തിൽ കേരളത്തിലെ ഒരാൾ ഒരു ദിവസം ഉപയോഗിക്കുന്നത് 400 ലീറ്റർ. ശരാശരിയുടെ മൂന്നിരട്ടി.

മനസ്സുവച്ചില്ലെങ്കിൽ ജലക്ഷാമം
(ഡോ.വി.പി.ദിനേശൻ (സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്, സിഡബ്ല്യുആർഡിഎം, കോഴിക്കോട്)

സർക്കാരും സമൂഹവും മനസ്സുവച്ചില്ലെങ്കിൽ ചെന്നൈയിലെ ജലക്ഷാമം കേരളത്തിലുമെത്താൻ അധികകാലം വേണ്ട. കേരളത്തിൽ പെയ്യുന്ന മഴ 72 മണിക്കൂറിനകം കടലിലെത്തുന്നു. ചെരിഞ്ഞ ഭൂപ്രകൃതിയുള്ള കേരളത്തിന്റെ വീതി 35 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെ മാത്രം. പുഴകളുടെ വൃഷ്ടിപ്രദേശത്തു പെയ്യുന്ന വെള്ളം കടലിലെത്താൻ വേറെ കാരണങ്ങൾ തിരയേണ്ടതില്ല.

വനവിസ്തൃതി 50 ശതമാനത്തിൽ നിന്ന് 27 ശതമാനമായി കുറഞ്ഞതും ഏറ്റവും വലിയ തണ്ണീർത്തടമായ നെൽവയലുകളുടെ വിസ്തീർണം കഴിഞ്ഞ 20 വർഷത്തിനിടെ 8 ലക്ഷം ഹെക്ടറിൽ നിന്ന് 2.5 ലക്ഷം ഹെക്ടറായി മാറിയതും വേനൽക്കാലത്തേയ്ക്കു വെള്ളം സംഭരിച്ചുവയ്ക്കുന്ന കുന്നുകൾ ഇടിച്ചതും കേരളത്തിന്റെ ജലസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയായി മാറുകയാണ്. പുഴകളിലെ ഒഴുക്കു നിലയ്ക്കുന്നതോടെ 28 കിലോമീറ്റർ വരെ ഉപ്പുവെള്ളം കയറി. ഇതു തടയാൻ റഗുലേറ്ററുകൾ വ്യാപിപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com