ADVERTISEMENT

കേരളത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താളമാണ് കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളം. അതുകൊണ്ട് തന്നെ നെടുമ്പാശ്ശേരിയിലെ വിമാനസര്‍വീസുകള്‍ മുടങ്ങുന്നത് ആഭ്യന്തര, രാജ്യാന്തര വിമാന യാത്രക്കാരെ ചെറുതായൊന്നുമല്ല ബാധിക്കുക. വെള്ളക്കെട്ടു മൂലം ഇപ്പോള്‍ നെടുമ്പാശ്ശേരിയിലെ സര്‍വീസുകള്‍ ഞായറാഴ്ച വൈകിട്ട് 3 മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതാദ്യമായല്ല വെള്ളക്കെട്ട് നെടുമ്പാശ്ശേരിയുടെ പ്രവര്‍ത്തനത്തിനു വില്ലനാകുന്നത്. ഒരു ദിവസം നിര്‍ത്താത മഴ പെയ്താല്‍ തന്നെ വിമാനസര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലേക്കും പ്രവര്‍ത്തനം തന്നെ നിര്‍ത്തി വയ്ക്കേണ്ട സ്ഥിതിയിലേക്കും നെടുമ്പാശ്ശേരി എത്തിയതെങ്ങനെയെന്ന ചോദ്യം നിര്‍ണായകമാണ്. 

വെള്ളപ്പൊക്ക മേഖലയിലെ വിമാനത്താവളം

പെരിയാറില്‍ നിന്ന് 0.5 കിലോമീറ്റര്‍ ദൂരത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ പെരിയാര്‍ കര കവിഞ്ഞാല്‍ അധികം വൈകാതെ തന്നെ വിമാനത്താവളത്തില്‍ വെള്ളക്കെട്ടു രൂപപ്പെടും. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്‍റെ താഴ്ന്ന ഭൂനിരപ്പാണ് ഇതിനു കാരണമാകുന്നത്. പെരിയാറിന്‍റെ വെള്ളപ്പൊക്ക മേഖലയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 

സാധാരണ പെരിയാറിലെ ജലനിരപ്പുയര്‍ന്നാല്‍ പെരിയാറിലേക്ക് ഒഴുകിയെത്തുന്ന കൈവഴിയായ ചെങ്കല്‍ തോട് നിറഞ്ഞു കവിഞ്ഞൊഴുകാന്‍ തുടങ്ങും. തോട്ടിലെ ജലം ഒഴുകി പുഴയിലേക്കെത്താന്‍ സൗകര്യമില്ലാതാകുന്നതാണ് ഇതിനു കാരണം. വിമാനത്താവളത്തിന്‍റെ തെക്കു ഭാഗത്തെ അതിര്‍ത്തി മതിലിനോടു ചേര്‍ന്നാണ് ചെങ്കല്‍തോട് ഒഴുകുന്നത്. അതുകൊണ്ട് തന്നെ തോട് കര കവിഞ്ഞൊഴുകി തുടങ്ങിയാല്‍ ഉടന്‍ തന്നെ വെള്ളം വിമാനത്താവളത്തിനകത്തേക്കു കയറും. ഇങ്ങനെ കയറുന്ന വെള്ളം മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ചു പുറത്തേക്ക് കളയുന്നത് എല്ലാ മഴക്കാലത്തും നെടുമ്പാശ്ശേരിയിലെ പതിവു കാഴ്ചയാണ്.

ഇതിനു പുറമെ പെരിയാര്‍കൂടി നിറഞ്ഞു കവിയുന്നതോടെ  മോട്ടോറുപയോഗിച്ചു കളയുന്നതിലും വേഗത്തില്‍ ജലനിരപ്പുയരും. ഈ സന്ദര്‍ഭങ്ങളിലാണ് വെള്ളപ്പൊക്കം ഭാഗികമായും പൂര്‍ണമായുമെല്ലാം വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്. ചെങ്കല്‍ തോടിനെയും പെരിയാറിനെയും കൂടാതെ ജലസ്രോതസ്സുകളായി കൃഷിക്കായും മറ്റും വെള്ളമെത്തിക്കുന്ന മൂന്ന് കനാലുകളും കുളങ്ങളും ചെറു ഉറവകളും ഈ മേഖലയിലുണ്ട്. വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത് തന്നെ തണ്ണീര്‍ത്തടം നികത്തിയാണ്. ഇക്കാരണങ്ങളും നെടുമ്പാശ്ശേരിയിലെ പെട്ടെന്നുള്ള വെള്ളക്കെട്ടിനു പിന്നിലുണ്ട്.

രൂപരേഖയിലെ അപാകത

വിമാനത്താവളത്തില്‍ മഴ പെയ്തെത്തുന്ന വെള്ളം ഒഴുകി പോകുന്നതിനുള്ള ഓട നിര്‍മിച്ചിരിക്കുന്നതും ചെങ്കല്‍ തോട്ടിലേക്കാണ്. അതിനാല്‍ തന്നെ വെള്ളപ്പൊക്ക സമയത്ത് വെള്ളം പുറത്തേക്ക് പോകുന്നതിനു പകരം വിമാനത്താവളത്തിനകത്തേക്ക് വെള്ളമെത്തുകയാണ് ചെയ്യുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ അശാസ്ത്രീയതയ്ക്ക് കാരണമായത് വിമാനത്താവളത്തിന്‍റെ നിർമാണത്തിനിടെ ഡിസൈനില്‍ അധികൃതര്‍ മാറ്റം വരുത്തിയതാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 

1999 ലാണ് വിമാനത്താവളത്തിന്‍റെ നിർമാണം പൂര്‍ത്തിയായി പ്രവര്‍ത്തനമാരംഭിക്കുന്നത്. വിമാനത്താവളത്തിന്‍റെ നിർമാണത്തിനായി സമര്‍പ്പിച്ച ആദ്യ രൂപരേഖയില്‍ പരിസ്ഥിതി അനുമതി ലഭിച്ചത് വ്യക്തമായ നിബന്ധനകളോടെയാണ്. ചെങ്കല്‍ത്തോടിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ ബണ്ട് നിർമിച്ച് കനാല്‍ വഴി ജലം തിരിച്ചു വിടണമെന്നായിരുന്നു നിബന്ധന. എന്നാല്‍ നിർമാണ സമയത്ത് ഈ രൂപരേഖ മാറ്റുകയും പെരിയാറിന്‍റെ തീരത്തോടു ചേര്‍ന്നു വരെ സ്ഥലം ഏറ്റെടുത്ത് മതില്‍ നിർമിക്കുകയും ചെയ്തു. ഈ നിർമാണത്തിനിടിയില്‍ തോടിന്‍റെ വീതി കുറഞ്ഞതായാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ തോടിന്‍റെ വീതി കുറഞ്ഞതും വെള്ളം ഒഴുകി പോകാനുള്ള ഇടം ഇല്ലാതായതുമാണ് തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളക്കെട്ടിനു കാരണമാകുന്നതെന്നും ഇവര്‍ പറയുന്നു.

കാലവര്‍ഷം ശക്തമായ എല്ലാ വര്‍ഷങ്ങളിലും നെടുമ്പാശ്ശേരിയിലെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായെങ്കിലും ദിവസങ്ങളോളം വെള്ളക്കെട്ടു മൂലം തടസ്സപ്പെട്ടിട്ടുണ്ട്. 2013 ല്‍ 3 ദിവസം വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും മുടങ്ങി. പിന്നീട് 2018 ലെ പ്രളയത്തിലാണ് നെടുമ്പാശ്ശേരി ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്. തുടര്‍ച്ചയായി 13 ദിവസമാണ് കഴിഞ്ഞ ഓഗസ്റ്റില്‍ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിർത്തിവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com