ADVERTISEMENT
imd-report1

ബംഗാള്‍ ഉൾക്കടലിനു വടക്കു പടിഞ്ഞാറൻ ഭാഗത്തു ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി ചൊവ്വാഴ്ച കേരളത്തിലും രാജ്യത്തിന്റെ മധ്യഭാഗത്തും പരക്കെ മഴ പെയ്യുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്ത്‌ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും അതിശക്തമായ മഴയാണു പ്രവചിക്കുന്നത്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ച ശക്തമായ മഴ പെയ്യാനാണു സാധ്യത.

ഓഗസ്റ്റ് 12 ന്  ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ഓഗസ്റ്റ്  13 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ,കണ്ണൂർ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്  'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലീമീറ്റർ വരെ മഴ) അതിശക്തമായതോ (115 മില്ലീമീറ്റർ മുതൽ 204.5  മില്ലീമീറ്റർ വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. 

ഓഗസ്റ്റ്  12ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ  എന്നീ ജില്ലകളിലും ഓഗസ്റ്റ് 13 ന് പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ്  എന്നി ജില്ലകളിലും ഓഗസ്റ്റ്  14 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓഗസ്റ്റ് 15 ന് കണ്ണൂർ ജില്ലയിലും, ഓഗസ്റ്റ്  16 ന്   കാസർഗോഡ് ജില്ലയിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺ‌ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. 


തീവ്രമായത് മുതൽ അതിതീവ്രമായ അള‌വിലുള്ള മഴ വരെ വടക്കൻ ഒഡിഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഡ്, കിഴക്കൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത 48 മണിക്കൂറിൽ മഴ പെയ്യും. 12 മുതൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ്‌ ഇറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

imd-report2

കിഴക്കൻ, മധ്യ ഇന്ത്യയുടെ ഭാഗങ്ങളിലും കേരളത്തിലും ഓഗസ്റ്റ് 13നും 14നും ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. അധികൃതർ ഈ ദിവസങ്ങളിൽ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണു നിർദേശം. ഓഗസ്റ്റ് 15 നു ശേഷം  ഇവിടങ്ങളിൽ മഴ കുറയും. ദിവസങ്ങളായി കേരളത്തിലും കർണാടകയിലും മഹാരാഷ്ട്രയിലുമായി കനത്ത മഴ തുടരുകയാണ്.

കേരള തീര‍ത്ത് മൺസൂൺ സജീവമായതാണ് ഇതിനു കാരണമെന്ന് സ്കൈമെറ്റ് വെതറിലെ വിദഗ്ധനായ മഹേഷ് പലാവട്ട് പറഞ്ഞു. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കേരളത്തിൽ മരിച്ചവരുടെ എണ്ണം 79 ആയി. കഴിഞ്ഞ ആഴ്ചയില്‍ ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 150 പേരാണു മരിച്ചത്.

മഴ താണ്ഡവമാടുന്ന കർണാടകയിൽ 8 ദിവസത്തിനിടെ പൊലിഞ്ഞതു നാൽപതിലേറെ ജീവൻ. 31 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മണ്ണിടിച്ചിലിൽ 8 പേരെ കാണാതായ കുടകിലെ തോറയിലേക്ക് ഇതുവരെ ദുരന്തനിവാരണ സേനയ്ക്ക് എത്താനായിട്ടില്ല. ഇതുൾപ്പെടെ 14 പേരെയാണു കാണാതായത്.

മണ്ഡ്യ, മൈസൂരു, കുടക് മേഖലയിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിലാണ്. വടക്കൻ കർണാടകയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മലനാട് മേഖലയിൽ മഴ തുടരുകയാണ്. 2.18 ലക്ഷം പേർ ദുരിതാശ്വാസ ക്യാംപുകളിൽ. 17 ജില്ലകളിലായി പ്രളയം ബാധിച്ചത് 1024 ഗ്രാമങ്ങളെ. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ബെംഗളൂരു-മംഗളൂരു പാതയിലെ ഷിറാഡി ചുരം പൂർണമായി ഇന്നു ഗതാഗതയോഗ്യമാക്കാനാകും എന്നാണു പ്രതീക്ഷ. 

പൈതൃകനഗരമായ ഹംപി, തുംഗഭദ്ര നദി കരകവിഞ്ഞതിനെ തുടർന്ന് വെള്ളപ്പൊക്കഭീഷണിയിലാണ്.  കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ പ്രളയമേഖലകളിൽ വ്യോമനിരീക്ഷണം നടത്തി. പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കിടെയുണ്ടായ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

മഴ ശക്തിയായി പെയ്തതോടെ കേരളത്തിൽ മഴക്കുറവ് 4 ശതമാനത്തിലെത്തി. കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ജൂൺ 1 മുതൽ ഞായർ വരെ 1543 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1487 മില്ലിമീറ്റർ പെയ്തു. പാലക്കാട് ജില്ലയിൽ ശരാശരിയെക്കാൾ 21 ശതമാനവും കോഴിക്കോട്ട് 18 ശതമാനവും അധികമഴ ലഭിച്ചു. ഇടുക്കിയിൽ ഇപ്പോഴും 24% മഴക്കുറവുണ്ട്.

അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ തുടരുന്നു. ഇതുവരെ 78 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. ആയിരത്തി അഞ്ഞൂറിലധികം ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷത്തോളംപേരാണ് ഉള്ളത്. ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ ഇടവിട്ട് മഴയുണ്ട്.  പാലക്കാട്ട് അണക്കെട്ടുകളിലും പുഴകളിലും ജലനിരപ്പ് കുറഞ്ഞു. നെല്ലിയാമ്പതിയും അട്ടപ്പാടിയും ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലെ ഗതാഗത തടസംനീക്കി ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു.  അട്ടപ്പാടിയില്‍  ഭവാനി, ശിരുവാണി പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു. പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചു.  കണ്ണൂര്‍ ഇരിട്ടിയില്‍ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുകയാണ്.

തമിഴ്നാട് അപ്പർ ഭവാനി ഡാം തുറക്കും. അട്ടപ്പാടിയിൽ ഭവാനി പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം. മഴയുടെ ശക്തി കുറഞ്ഞതോടെ തിങ്കളാഴ്ച ഒരു ജില്ലയിലും റെഡ് അലർട്ടില്ല. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com