ADVERTISEMENT

കേരളത്തെ വീണ്ടും പ്രളയക്കെടുതികളിലേക്കു തള്ളിയിട്ട ന്യൂനമർദ മഴയ്‌ക്കു പിന്നിൽ മേഘസ്‌ഫോടനത്തിന്റെയും കാലാവസ്‌ഥാ മാറ്റത്തിന്റെയും കാണാക്കൈകളും. ഒരു മണിക്കൂറിൽ 10 സെമീ (100 മില്ലീമീറ്റർ) മഴ ഒരു പ്രദേശത്ത് പെയ്‌തിറങ്ങുന്നതിനെയാണു മേഘസ്‌ഫോടനമായി കരുതുന്നത്. 2017 ൽ ഉത്തരാഖണ്ഡിലും 2014 ൽ ജമ്മുവിലും തെഹ്‌രിയിലും കഴിഞ്ഞ വർഷം കർണാടകത്തിലും മേഘസ്‌ഫോടനം ഉരുൾപ്പൊട്ടലിലാണു കലാശിച്ചത്.

കഴിഞ്ഞ ദിവസം കേരളത്തിന്റെ പശ്‌ചിമഘട്ടം സാക്ഷ്യം വഹിച്ചതു ഇത്തരമൊരു മേഘസ്‌ഫോടനത്തിനു തന്നെയെന്നു സംശയിക്കാവുന്ന വിധമായിരുന്നു മഴയുടെ ശക്‌തി. വയനാട്ടിലും പാലക്കാട്ടും 36–40 സെ.മീക്കു മുകളിലും ലോവർ പെരിയാർ അണക്കെട്ടു പ്രദേശത്ത് 45 സെമീയുമായിരുന്നു മഴയുടെ തീവ്രത. കുറ്റ്യാടി, തരിയോട് പോലെയുള്ള അണക്കെട്ടുകളിൽ 43 സെമീ വരെയും തെക്കോട്ട് ശബരിമല– പമ്പാ ഡാം പ്രദേശത്ത് 20 സെമീ വരെയായിരുന്നു മഴ. തമിഴ്‌നാട്ടിലെ ഊട്ടിയിൽ അവലാഞ്ച് പ്രദേശത്ത് 91.1 സെമീ മഴ ലഭിച്ചത് റെക്കോർഡാണു. ഇതു മേഘസ്‌ഫോടന ഫലമായിരിക്കാമെന്നാണു വിദഗ്‌ധർ പറയുന്നത്.

Cloud

കേരളത്തിന്റെ മലയോരത്ത് 20 മുതൽ 40 വരെ സെമീ വ്യാപക മഴ ലഭിക്കണമെങ്കിൽ കരുത്തുറ്റ മേഘങ്ങളുടെ പിൻബലവും ന്യൂനമർദത്തിന്റെ അകമ്പടിയും വേണം. കൂമ്പാര മേഘങ്ങളുടെ (ക്യൂമുലോ നിംബസ്) രൂപപ്പെടൽ മൂലമാണ് മഴ ശക്‌തമായതെന്ന് കൊച്ചി സർവകലാശാലാ റഡാർ വിഭാഗം അസോഷ്യേറ്റ് ഡയറക്‌ടർ ഡോ. എസ്.അഭിലാഷ് പറഞ്ഞു.

സാധാരണ കാലവർഷ മേഘങ്ങൾക്ക് 4 കിമീ വരെയാണ് ഉയരം. 12 കിമീ വരെ ഉയരമുള്ള ഇത്തരം ആലക്‌തിക മേഘങ്ങൾ വൈദ്യുതി ചാർജ് പ്രവഹിപ്പിച്ച് മുറിഞ്ഞു വീണ് ഉരുൾപൊട്ടൽ ഉണ്ടാക്കാറുണ്ട്. അണപൊട്ടി വെള്ളം ഇറങ്ങുന്ന പ്രതിഭാസമാണിത്. മേഘങ്ങൾ ഇങ്ങനെ പൊട്ടി വീണോ എന്ന കാര്യം പഠനവിധേയമാകണം. മഴയുടെ പെയ്‌ത്തു രീതിയും സംഹാരശേഷിയും വർധിക്കുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച പുതിയ പഠനങ്ങളും അതനുസരിച്ചു മലയോരത്തെ ജനവാസ മേഖലയെ വേർതിരിക്കാനും നടപടി വേണം.

മഴക്കെടുതികളിൽ സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 17 മരണം. ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്നു കണ്ടെത്തിയ നാലും വയനാട് പുത്തുമലയിൽ നിന്നു കണ്ടെത്തിയ ഒന്നും മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്. മഴക്കെടുതികളിൽ മൊത്തം മരിച്ച 78 പേരിൽ 22 പേർ മലപ്പുറം ജില്ലയിലും 17 പേർ കോഴിക്കോട് ജില്ലയിലുമാണ്. 

വെള്ളക്കെട്ടിൽ മുങ്ങി കൊല്ലം

Flood Kollam
ശൂരനാട്തെക്ക് തൊടിയൂർ പള്ളിക്കലാറിന് കുറുകെയുള്ള തടയണ കവിഞ്ഞൊഴുകുന്നു.

മഴയൊഴിഞ്ഞിട്ടും ദുരിതപെയ്ത്ത് തീരാതെ ശൂരനാട്. പലയിടത്തും വെള്ളം കയറിയതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് കണക്ക്. പടിഞ്ഞാറെ കല്ലടയിൽ ഇതുവരെ 66 വീടുകൾ തകർന്നിട്ടുണ്ട്. ശൂരനാട്, പോരുവഴി പ്രദേശങ്ങളിലായി നൂറോളം വീടുകൾ വെള്ളക്കെട്ടിലാണ്. ശൂരനാട് വടക്ക് എഴുപതോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പടിഞ്ഞാറ്റംമുറി കരിങ്ങാട്ടിൽ ക്ഷേത്രം, കൂരിക്കുഴി, മണലാടി, ചിറപ്പാട്, പാതിരിക്കൽ നരിങ്ങാട്ടിൽകടവ്, നെടിയപാടം, വല്യകുളങ്ങരഭാഗം, അഴകിയകാവ് എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. ഇവരിൽ പലരും ബന്ധു വീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. രാവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറി സി.ഡെമാസ്റ്റന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശങ്ങൾ സന്ദർശിച്ചു. പാറക്കടവ് ചന്തയും റോഡും വെള്ളത്തിനടിയിലാണ്. കൂരിക്കുഴി പാലത്തിന് സമീപം കുടുംബങ്ങൾ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടെന്ന വാർത്ത പരിഭ്രാന്തി പരത്തി. തുടർന്ന് ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരുൾപ്പടെ എത്തിയെങ്കിലും ഇവിടെ നിന്നു വെള്ളമിറങ്ങിയതിനാൽ തിരിച്ചു പോയി.

ശൂരനാട് തെക്ക് ഇരുപതോളം വീടുകളിലാണ് വെള്ളം കയറിയത്. കോണത്ത് പ്രദേശത്തിനും ചുറ്റുമുള്ള തുരുത്തിലുമാണ് വെള്ളം നിൽക്കുന്നത്. പള്ളിക്കലാറിൽ തൊടിയൂർ ബണ്ടിന് കുറുകെയുള്ള ചെക് ഡാം കവിഞ്ഞൊഴുകുകയാണ്. ഇതിന്റെ അശാസ്ത്രീയമായ നിർമാണമാണ് സമീപപ്രദേശങ്ങളിൽ വെള്ളം കയറാൻ കാരണമെന്ന് ആരോപണമുണ്ട്. പോരുവഴി മലനട വയലുകളിൽ വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. അഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്. മഴ കുറഞ്ഞതോടെ പലയിടത്തും വെള്ളക്കെട്ട് കുറയുമെന്ന പ്രതീക്ഷയിലാണ്.ശക്തമായ മഴയിൽ പടിഞ്ഞാറെ കല്ലടയിൽ 2 വീടുകൾ തകർന്നു. ഇതോടെ 4 ദിവസത്തിനിടെ കുന്നത്തൂർ താലൂക്കിൽ ആകെ 66 വീടുകൾ ഇല്ലാതായി. ഏലാകളിൽ നൂറുകണക്കിനു വാഴകൾ ഉൾപ്പെടെ ലക്ഷങ്ങളുടെ കൃഷിനാശവും ഉണ്ടായി. വിളന്തറ 4–ാം വാർഡിൽ തുറുവിള തെക്കതിൽ സുജിത്, തെക്കേ വാഴ കണ്ടത്തിൽ പ്രീത എന്നിവരുടെ വീടുകളാണ് തകർന്നത്.

Flood Pathanamthitta
കുരുമ്പൻമൂഴി കോസ്‌വേയിൽ കുടുങ്ങിയ ത‌ടികൾ നീക്കം ചെയ്യുന്നു.

മഴപ്പേടി മാറാതെ പത്തനംതിട്ട

രാവിലെ മാനം കറുത്ത്, പിന്നീട് ഉച്ചവെയിൽ, സന്ധ്യയോടെ കാർമേഘം മൂടി. താലൂക്ക് പ്രദേശം ഇന്നലെയും പ്രളയജല ഭീതിയിൽ. പമ്പാനദിയിൽ ജലനിരപ്പ് അൽപം കുറഞ്ഞെങ്കിലും പ്രളയഭീതി വിട്ടൊഴിഞ്ഞിട്ടില്ല. വെള്ളപ്പൊക്കത്തിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ പ്രദേശങ്ങൾ. ഇവിടെ കോസ്‌വേകളിൽ നിന്ന് വെള്ളം പൂർണമായും  ഇറങ്ങിയി‌ട്ടില്ല. കുരുമ്പൻമൂഴി കോസ്‌വേ 3 ദിവസമായി വെള്ളത്തിലായിരുന്നു. അരയാഞ്ഞിലിമണ്ണ്  കോസ്‌വേയിൽ അടിഞ്ഞ തടികൾ കഴിഞ്ഞ ദിവസം നാട്ടുകാരുടെയും അഗ്നിശമന രക്ഷാസേനയുടെയും നേതൃത്വത്തിൽ മുറിച്ചു മാറ്റിയിരുന്നു. കുരുമ്പൻമൂഴി കോസ്‌വേയിൽ അടിഞ്ഞ കൂറ്റൻ തടികൾ ഇന്നലെയാണ് നീക്കം ചെയ്തത്. അരയാഞ്ഞിലിമണ്ണ് കോസ്‌വേയുടെ സമീപനപാത ഇടിഞ്ഞു താഴുന്ന സ്ഥിതിയാണ്. നാ‌ട്ടുകാർ മണ്ണും കല്ലുമിട്ട് ഉറപ്പിക്കുന്ന ജോലികൾ നടന്നു വരുന്നു. വെള്ളം പൂർണമായും താഴാതെ പുനർനിർമാണം അസാധ്യമാണ്. ആന്റോ ആന്റണി എംപി സ്ഥലം സന്ദർശിച്ചു. പ്രളയത്തിൽ ഒറ്റപ്പെട്ട് പ‌ട്ടിണിയിലേക്ക് നീങ്ങുന്ന കുരുമ്പൻമൂഴികാർക്ക് സൗജന്യ റേഷൻ അനുവദിക്കാൻ നടപടി വേണമെന്ന് അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു

ദുരിതപ്പെയ്ത്തിൽ വലഞ്ഞ് ആലപ്പുഴ

Flood Alappuzha
വെൺമണിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന എൻഡിആർഎഫ് സേനാംഗം

മഴയ്ക്കു നേരിയ കുറവുണ്ടെങ്കിലും അപ്പർ കുട്ടനാട്ടിൽ ദുരിതങ്ങൾ തുടരുന്നു. മുട്ടേൽ ഭാഗത്തു വീട്ടിൽ കുടുങ്ങിയ അമ്മയെയും കൈക്കുഞ്ഞിനെയും രക്ഷപ്പെടുത്തി. ചെന്നിത്തലയിൽ ക്യാംപ് തുടങ്ങി.  രാവിലെ മഴ മാറി നിന്നെങ്കിലും വൈകിട്ടു നാലോടെ വീണ്ടും തുടങ്ങിയത് ദുരിതബാധിതരുടെ ചങ്കിടിപ്പ് കൂട്ടി. പമ്പയിൽ ഒരടി ജലനിരപ്പുയർന്നു. അച്ചൻകോവിലാറിൽ അരയടി വെള്ളമുയർന്നതു കാരണം കൂടുതൽ ഇടങ്ങളിൽ വെള്ളം കയറി. 

ബുധനൂർ– പാണ്ടനാട് പാതയിലെ ബുധനൂർ 2–ാം വാർഡിലെ മുരമ്പിൻ ഭാഗത്തെ വീടുകളിൽ വെള്ളം കയറി. ഇവിടെ 7 വീടുകളാണുള്ളത്. മാന്നാർ മൂർത്തിട്ട മുക്കാത്താരി റോഡിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തിലായി. ഇവിടെയുള്ള 30ൽ അധികം കുടുംബങ്ങളെ പാവുക്കര കരയോഗം യുപി സ്കൂളിലേക്കു മാറ്റി. 

മാന്നാർ പഞ്ചായത്ത് 12 വാർഡിലെ നാലേകാട് ഭാഗത്ത് 15 വീടുകളിൽ വെള്ളം കയറി. പാവുക്കര കരുവേലിപ്പടി റോഡിലും മോസ്കോ മുക്ക്, കുര്യത്ത് ഭാഗം, മുല്ലശേരിക്കടവ്, വിരിപ്പിൽ ക്ഷേത്രം, വൈദ്യൻ കോളനി എന്നിവിടങ്ങളിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. മാന്നാർ, വള്ളക്കാലി, തോണ്ടുതറ, പൊതുവൂർ എന്നിവിടങ്ങളിലെ വീടുകളിലും വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി.

കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖല വെള്ളത്തിൽ

flodd changanassery
റോഡു നിറഞ്ഞ് വെള്ളം ഒഴുകുന്ന ആലപ്പുഴ– ചങ്ങനാശേരി റോഡ്. ചിത്രം∙ മനോരമ

മഴ കുറഞ്ഞെങ്കിലും ദുരിതപ്പെയ്ത്ത് കുറയാതെ ജില്ല. പടിഞ്ഞാറൻ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിൽ. ജില്ലാ ഹൈഡ്രോളജി വിഭാഗത്തിന്റെ കണക്കുകൾ പ്രകാരം കുമരകം പ്രദേശത്ത് ഇന്നലെ 9 സെന്റിമീറ്റർ ജലനിരപ്പ് ഉയർന്നു. കിഴക്കൻ മേഖലകളിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നതു മൂലം പടിഞ്ഞാറൻ കായലോര മേഖലകളിൽ ജലനിരപ്പ് ഉയരുന്നു. കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ മേഖല, കുമരകം, ആർപ്പൂക്കര, അയ്മനം, ചെങ്ങളം, തിരുവാർപ്പ്, തിരുവഞ്ചൂർ, പേരൂർ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം, പാലാ മേഖലകളിലാണ് വെള്ളപ്പൊക്ക ദുരിതം രൂക്ഷമായത്.

സന്നദ്ധ സംഘടനകൾ എത്തിക്കുന്ന ഭക്ഷ്യവസ്തുകൾ ലഭിക്കുന്നുണ്ടെങ്കിലും ദുരിതാശ്വാസ ക്യാംപുകളിൽ ഒട്ടേറെ പ്രശ്നങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഏറ്റവും വലിയ വെല്ലുവിളി ശുചിമുറികളുടെ കുറവാണ്. നൂറിലധികം കുടുംബങ്ങൾ കഴിയുന്ന ക്യാംപുകളിലുള്ളത് വെറും മൂന്നും നാലും ശുചിമുറികൾ.

കിഴക്കൻ വെള്ളത്തിന്റെ വരവു ശക്തമായതോടെ ചങ്ങനാശേരി താലൂക്കിലെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നലെ മാത്രം താലൂക്കിൽ 13 ക്യാംപുകളാണു പുതുതായി ആരംഭിച്ചത്. ചങ്ങനാശേരി‍ (8), വാഴപ്പള്ളി പടിഞ്ഞാറ് (5), കുറിച്ചി (2), വാഴപ്പള്ളി കിഴക്ക് (2), വാകത്താനം (1) താലൂക്കുകളിലാണ് നിലവിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നത്. വീണ്ടും ജലനിരപ്പ് ഉയരുമെന്ന ഭീതിയിൽ വീടുകളിൽ നിന്ന് ബന്ധുവീടുകളിലേക്കും മറ്റു സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 

പടിഞ്ഞാറൻ മേഖലയിൽ നിന്ന് ടിപ്പർ ലോറികളിൽ പ്രാണരക്ഷാർഥം ചങ്ങനാശേരിയിലേക്കും ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് എംപി, സബ് കലക്ടർ ഈശപ്രിയ എന്നിവർ ക്യാംപുകളിൽ സന്ദർശനം നടത്തി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ പരിശോധനകളും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ അവശ്യ സാധനങ്ങളും ക്യാംപുകളിലേക്ക് എത്തിക്കുന്നുണ്ട്. 

മനയ്ക്കച്ചിറ, എസി കോളനി, നക്രാൽപുതുവൽ, കോമങ്കേരിച്ചിറ, തുരുത്തേൽ, പറാൽ, നത്തനടിച്ചിറ, ഈരത്ര ഇഞ്ചൻതുരുത്ത്, ചാമ, തൂപ്രം, എടവന്തറ, കാവാലിക്കരിച്ചിറ, വെട്ടിത്തുരുത്ത്, കുറിച്ചി പഞ്ചായത്തിലെ 2, 3 വാർഡുകൾ എന്നിവിടങ്ങളിലെ മിക്ക വീടുകളിലും വെള്ളം കയറിക്കിടക്കുകയാണ്. പറാൽ, വെട്ടിത്തുരുത്ത്, കുമരങ്കരി, വാലടി ഭാഗങ്ങളിൽ ചെറു വഴികളിലും വെള്ളം കയറിയിട്ടുണ്ട്.

ഇന്നലെ പകൽ മഴ മാറി നിന്നത് ആശ്വാസം പകർന്നെങ്കിലും ഒഴുകിയെത്തുന്ന കിഴക്കൻ വെള്ളത്തിന്റെ അളവ് കൂടുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. എസി റോഡിലൂടെ ചെറു വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തിൽ പെരുന്ന റെഡ് സ്ക്വയറിനു സമീപത്തു വച്ച് വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ് ചെയ്യുന്നത്. 

മഴക്കണക്ക്

ജില്ലയിൽ ഇന്നലെ 50.6 മില്ലിമീറ്റർ ആയിരുന്നു ശരാശരി മഴ. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് കോഴായിലാണ്. 82.6 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

മറ്റു സ്ഥലങ്ങളിലെ മഴ (മില്ലീമീറ്ററിൽ)

∙ കോട്ടയം: 51.0,∙ പാമ്പാടി: 42.8,∙ മുണ്ടക്കയം: 32.4,∙ കാഞ്ഞിരപ്പള്ളി: 23.7,∙ ഈരാറ്റുപേട്ട: 57.0,∙ തീക്കോയി: 60.0

ഇടുക്കിയിൽ ഉയർന്നത് 24 അടി വെള്ളം

ഇടുക്കി ജില്ലയിൽ മഴ കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇടുക്കി അണക്കെട്ടിൽ 24 അടി വെള്ളമാണ് ഉയർന്നത്. നിലവിൽ 2339.90 അടി ആണു ജലനിരപ്പ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം ആണിത്. ഈ മാസം 4ന് അണക്കെട്ടിൽ 2316 അടി വെള്ളമാണ് ഉണ്ടായിരുന്നത്. നിലവിൽ സംഭരണ ശേഷിയുടെ 37.37 ശതമാനം വെള്ളം ഉണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം ഡാമിൽ 2401.10 അടി വെള്ളം ഉണ്ടായിരുന്നു. മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഞായറാഴ്ച 36.61 മില്ലീമീറ്റർ മഴയാണ് വൃഷ്ടിപ്രദേശത്ത് രേഖപ്പെടുത്തിയത്. 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. 

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 128.6 അടിയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 135 അടി വെള്ളമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. സെക്കൻഡിൽ 5661 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് സെക്കൻഡിൽ 1200 ഘനയടി വെള്ളം ഇവിടെ നിന്ന് കൊണ്ടു പോകുന്നുണ്ട്.

Flood Idukki
തുടർച്ചയായി പെയ്ത മഴയിൽ വെള്ളം കെട്ടി നിന്ന് നശിച്ച വെളുത്തുള്ളിപ്പാടം

ദുരിതപ്പെയ്ത്ത്: കർഷകന് കണ്ണീർ...

മറയൂരിൽ ശക്തമായി പെയ്ത മഴ അഞ്ചുനാട്ടിലെ കർഷകരെയും കടക്കെണിയിലാഴ്ത്തി.   ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിലെ കർഷകർ ഓണവിപണിയിൽ ലഭിക്കുന്ന വില പ്രതീക്ഷിച്ച് കടവും മറ്റും വാങ്ങി വ്യാപകമായി കൃഷിയിറക്കിയ പച്ചക്കറികളാണ് പാടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് നശിക്കുന്നത്.  ഉരുളക്കിഴങ്ങ്, ബീൻസ്, കാരറ്റ്, കാബേജ്, വെളുത്തുള്ളി, കാപ്സിക്കം തുടങ്ങിയ ഹെക്ടർ കണക്കിന് പ്രദേശത്ത് കൃഷി ചെയ്തിരുന്ന വിളകളാണ് നശിക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 4 ദിവസത്തോളം മഴ തുടർന്നതിനാൽ പകുതി വിളവെത്തിയവയാണു നശിക്കുന്നത്. പാടങ്ങളിൽ വെള്ളം കെട്ടി നിന്നു കിഴങ്ങ് വർഗങ്ങൾ അഴുകി.  ചെടികളുടെ ചുവടിളകിയും വേര് ചീഞ്ഞും നശിക്കുകയാണ്. നിലവിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും മഴ തുർന്നാലോ വെയിൽ വന്നാലോ, പകുതിയോളം വിളവെത്തിയ പച്ചക്കറികൾ നശിക്കുമെന്ന ആശങ്കയാണു കീഴാന്തൂർ സ്വദേശികളായ കുമരവേൽ, ജെ. ഭാഗ്യരാജ്, ജി വെട്രിവേൽ, കെകെ. വിനായകൻ, ജി.ടി. അച്ചുതൻ, ആർ. ശങ്കർ, സിഎസ് സാജു, സാലിവാഹനൻ, കാമാക്ഷി, ഷൺമുഖം, പരമശിവൻ എന്നിവരുടെ ബീൻസ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകളാണ് നിലവിൽ നശിക്കുന്നത്.

flood Periyar
മലയാറ്റൂർ–കോടനാട് പാലത്തിൽ നിന്നുള്ള കാഴ്ച

പെരിയാറിൽ വെള്ളം താഴുന്നു, ആശ്വാസത്തോടെ എറണാകുളം

പെരിയാറിൽ വെള്ളം വളരെയധികം താഴ്ന്നതോടെ പുഴയോര പഞ്ചായത്തുകളായ കാലടി, മലയാറ്റൂർ-നീലീശ്വരം, കാഞ്ഞൂർ, ശ്രീമൂലനഗരം എന്നിവിടങ്ങളിലെ ജനങ്ങൾ ആശ്വാസത്തിലായി. വെള്ളം മിനിയാന്നു രാവിലെ മുതൽ താഴ്ന്നു തുടങ്ങിയെങ്കിലും മഴ തുടർന്നതു ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ ഇന്നലെ മഴയും വിട്ടു നിന്നു. ഇതോടെ 3 ദിവസത്തെ നെടുവീർപ്പിന്റെ ദിനങ്ങൾക്ക് ഏറെക്കുറെ ശമനമായി. പെരിയാറിന്റെ തീരത്ത് വെള്ളത്തിനടിയിലായിരുന്ന താഴ്ന്ന പ്രദേശങ്ങൾ ഇപ്പോൾ മുകളിലായി. എന്നാൽ നിറഞ്ഞൊഴുകിയ വെള്ളത്തിലൂടെ ഇവിടെ നിറയെ ചേളിയടിഞ്ഞിരിക്കുകയാണ്. ഇതു വൃത്തിയാക്കി താമസത്തിനും കൃഷിക്കും മറ്റും അനുയോജ്യമാക്കാൻ താമസമെടുക്കും. ദുരിതാശ്വാസ ക്യാംപുകളിലെ താമസക്കാർ ഒഴിഞ്ഞുതുടങ്ങി.

പ്രളയപ്പെയ്ത്തിൽ വഴിമുട്ടി തൃശൂർ

Flood Thrissur
എട്ടുമനയിലെ ആശാ സുകുമാരന്റെ ഓല വീടിൽ വെള്ളം കയറിയപ്പോൾ. ചിത്രം: മനോരമ.

ജില്ലയിൽ 52.11 കോടിയുടെ കൃഷി നാശമെന്നു ആദ്യ കണക്കുകൾ. വരാനിരിക്കുന്നതു ഇതിലും എത്രയോ വലിയ നഷ്ടക്കണക്കുകളാണ്. 263 വീടുകൾ തകർന്നു കനത്ത കാറ്റിലും മഴയിലും ജില്ലയിൽ 52.1131 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി പ്രാഥമിക കണക്കുകൾ. രണ്ടു ദിവസത്തിനു ശേഷമെ കണക്കെടുപ്പു പൂർത്തിയാകൂ. 9 പൂർണ്ണമായും 254 വീടുകൾ ഭാഗികമായും തകർന്നു. 

കൃഷി വൻ തകർച്ചയിലേക്ക്

എത്ര ഏക്കറിലാണുകൃഷി നശിച്ചതെന്നു ആർക്കുമറിയില്ല. കഴിഞ്ഞ പ്രളയത്തിൽ നട്ടെല്ലു തകർന്ന കർഷകരുടെ സ്വത്താണു വീണ്ടും തകർന്നത്. ചാലക്കുടി, മാള, ഇരിങ്ങാലക്കുട, പാവറട്ടി, പുതുക്കാട്, തിരുവില്വാമല,പഴയന്നൂർ, ചെറുതുരുത്തി മേഖലകളിലെല്ലാം ഓണക്കൃഷി തകർന്നടിഞ്ഞിരിക്കുന്നു.  ഇരിങ്ങാലക്കുട ബ്ളോക്കിനു കീഴിൽ മാത്രം 15,000 വാഴ വെള്ളത്തിനടിയിലാണ്.

പുറത്തുപോകാനാകാതെ ഏറെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു കിടക്കുന്നു. പലയിടത്തും റോഡുകൾ വെള്ളത്തിനടിയിലാണ്.ഇരിങ്ങാലക്കുടയിൽനിന്നു മതിലകം,ചാലക്കുടി, വെള്ളാഞ്ചിറ റൂട്ടിൽ ഗതാഗതം നിർത്തിവച്ചു. മതിലകം– വെള്ളാച്ചിറ– ചാലക്കുടി റോഡിലും ഗതാഗതം തടസ്സപ്പെട്ടു.അന്തിക്കാടുനിന്നു മനക്കൊടി,കാരമുക്ക്,കോടന്നൂർ ഭാഗത്തേക്കുള്ള റോഡുകളിലും വെള്ളം കയറി.ചേലക്കര– പഴയന്നൂർ–തൃശൂർ റോഡിലെ വെള്ളക്കെട്ടു തുടരുകയാണ്.പഴയന്നൂർ ഭാഗത്തുനിന്നു ആലത്തൂർ ഭാഗത്തേക്കു പോകുന്ന റോഡുകളിലും വെള്ളമാണ്. സംസ്ഥാന പാതയിൽ കേച്ചേരിപാടത്തും പുഴയ്ക്കലും വെള്ളക്കെട്ടുണ്ട്. കേച്ചേരിയിൽ ഗതാഗതം തടഞ്ഞു. കുതിരാനിൽ റോഡ് ഗതാഗതത്തിനു തടസമില്ല.

പേമാരിയിൽ മുങ്ങി കോഴിക്കോട്

Flood Kozhikode
കോഴിക്കോട്ട് പന്തീരാങ്കാവിൽ മാമ്പുഴ കരകവിഞ്ഞ് ഒഴുകിയതിന്റെ ആകാശ ദൃശ്യം ചിത്രം : റസൽ ഷാഹുൽ ∙ മനോരമ.

കഴിഞ്ഞ പ്രളയത്തിൽ സുരക്ഷിതമായിരുന്ന പ്രദേശങ്ങളിൽപോലും ഇത്തവണ വെള്ളം ഇരച്ചെത്തി. ചാലിയാറിന്റെയും പുനൂർ പുഴയുടെയും കുറ്റ്യാടിപ്പുഴയുടെയും രൗദ്രഭാവത്തിനു കീഴടങ്ങുകയായിരുന്നു പല പ്രദേശങ്ങളും. വടകര മേഖലയിൽ ഏറാമല, അഴിയൂർ പഞ്ചായത്തുകളിലാണ് ഇത്തവണ കൂടുതൽ പ്രളയദുരിതം. ഏറാമല പഞ്ചായത്തിലെ കാർത്തികപ്പള്ളി,  കുന്നുമ്മക്കര, തട്ടോളിക്കര, ഏറാമല, കോവുമ്മൽ, നെല്ലാച്ചേരി എന്നിവിടങ്ങളിൽ വെള്ളം കൂടുതലായി കയറി. 7 ദുരിതാശ്വാസ ക്യാംപുകളിലായി 360 കുടുംബങ്ങളിലെ ആയിരത്തി അഞ്ഞൂറോളം പേർ കഴിയുന്നു. കാർത്തികപ്പള്ളി വെള്ളത്തിൽ ഒറ്റപ്പെട്ടു. ആദ്യമായാണ് ഈ പ്രദേശങ്ങളിൽ ഇത്രയും വെള്ളം കയറുന്നത്.

ചാലിയാറിൽ മുൻ വർഷത്തെക്കാൾ ജലപ്രവാഹം ഉണ്ടായതോടെ പുഴയോര പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. മാവൂർ, പന്തീരാങ്കാവ് മേഖലകളിലെല്ലാം ജലനിരപ്പ് ഉയർന്നു. ചെറുപുഴ, കടലുണ്ടിപ്പുഴ, വടക്കുമ്പാട് പുഴ, പുല്ലിപ്പുഴ, നീലിത്തോട് പുഴ എന്നിവയും കരകവിഞ്ഞു. കനത്ത മഴയും നിലമ്പൂർ മേഖലയിലെ ഉരുൾപൊട്ടൽ മൂലമുണ്ടായ മലവെള്ളപ്പാച്ചിലും കുത്തൊഴുക്കുമാണു നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം. പരുത്തിപ്പാറ എരുവത്ത് താഴം, മൂർക്കനാട് കടവ്, കോർപറേഷൻ ചെറുവണ്ണൂർ–നല്ലളം മേഖല കളിൽ കഴിഞ്ഞ പ്രളയകാലത്തെക്കാൾ വലിയ തോതിലാണ് വെള്ളം പൊങ്ങിയത്.

ദുരിതപ്പെയ്ത്തിനു ശമനമായില്ല;താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ‌. ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം, നന്മണ്ട പഞ്ചായത്തുകളിലായി ഇരുനൂറോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപുകളിൽ തുടരുകയാണ്. അതിലേറെ പേർ ബന്ധു വീടുകളിലേക്കു താമസം മാറിയിട്ടുണ്ട്. വെള്ളം കയറിയതിനെ തുടർന്ന് ഒട്ടേറെ കിണറുകൾ മലിനമായി. മഞ്ഞപ്പുഴയും പൂനൂർ പുഴയും കവിഞ്ഞൊഴുകുകയാണ്.

പനങ്ങാട് കരയത്തൊടി, മഞ്ഞപ്പാലം, തുരുത്യാട്, മരപ്പാലം ഭാഗങ്ങളിൽ വെള്ളം കയറി വീടുകൾ ഭീഷണിയിലായതോടെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മഞ്ഞപ്പുഴയുടെ ഭിത്തി പലയിടത്തും തകർന്നത് പ്രളയത്തിന് ആക്കം കൂട്ടി. മാണിയോട്ട് കെ.വി.ആലി, കരയത്തൊടിവയൽ ആയിഷ, ഗോവിന്ദൻ, പൊയിലിൽ നൗഷാദ്, മുഹമ്മദ്, മഞ്ഞക്കടവയൽ മൊയ്തീൻ കുഞ്ഞി, അബ്ദുറഹിമാൻ, ചന്ദ്രൻ, തങ്കമണി, ബേബി, തണൽ രാജൻ, മീര, കരയത്തൊടി ജാഫർ, ഇമ്പിച്ചാമിന തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കയറി.

മലയോര മേഖലയിൽ ആശങ്ക

മഴ തുടരുന്നത് തലയാട്, വയലട, കണ്ണാടിപ്പൊയിൽ മേഖലകളിൽ ആശങ്ക വർധിപ്പിക്കുന്നു. പൂനൂർ പുഴയിൽ കുത്തൊഴുക്ക് ശക്തമായി.ഇടയ്ക്കിടെ മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്നത് പുഴ കവിഞ്ഞെഴുകുന്നതിനു കാരണമായി. പുഴയോരത്ത് താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറിയിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് 32 കുടുംബങ്ങളെ തലയാട് എഎൽപി സ്കൂളിലെ ക്യാംപിലേക്കു മാറ്റി.ചീടിക്കുഴി, 25–ാം മൈൽ, കിളികുടുക്ക്, മങ്കയം പ്രദേശത്ത് നിന്നുള്ളവരാണ് ക്യാംപിൽ എത്തിയത്. വില്ലേജ് ഓഫിസർ അനുപമ കരുമലയുടെ നേതൃത്വത്തിലാണ് മുൻകരുതൽ പ്രവർത്തനങ്ങൾ നടക്കുന്നത്.

സബ് കലക്ടർ വിഘ്നേശ്വരി, തഹസിൽദാർ സി.മുഹമ്മദ് റഫീഖ്, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.കമലാക്ഷി, വൈസ് പ്രസിഡന്റ് പി.ഉസ്മാൻ എന്നിവർ ക്യാംപ് സന്ദർശിച്ചു. വാർഡ് മെംബർ പി.ആർ.സുരേഷ്, എം.പി.അജീന്ദ്രൻ, ഷാജു എം.ജോർജ് തുടങ്ങിയവർ ക്യാംപിനു നേതൃത്വം നൽകി.മുൻകരുതലുമായി ആരോഗ്യവകുപ്പ് ദുരിതാശ്വാസ ക്യാംപുകളിൽ സജീവമാണ്. പകർച്ചവ്യാധികൾക്കെതിരെ അധികൃതർ ജാഗ്രതയിലാണ്. പ്രാഥമിക ചികിത്സകൾ നൽകാനുള്ള സൗകര്യം ക്യാംപുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

മഴക്കെടുതിയിൽ വലഞ്ഞ് പാലക്കാട്

Flood Palakkad
വേലഞ്ചേരി മലയിൽ ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന എലപ്പുള്ളി ചെറോട്ടുപ്പള്ളി– പവർഗ്രിഡ് റോഡ്

കനത്ത മഴയ്ക്കു ശമനമുണ്ടായെങ്കിലും മഴക്കെടുതി ദുരിതം തീർന്നില്ല. പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. അപകട ഭീഷണിയും നിലനിൽക്കുന്നു. വീടും കൃഷിയിടങ്ങളും നശിച്ചതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമായില്ല. ഇപ്പോൾ ശേഖരിച്ചിട്ടുള്ള ഏകദേശ കണക്കുകളേക്കാൾ എത്രയോ കൂടുതലാകും യഥാർഥ കണക്ക്. ട്രെയിൻ ഗതാഗതം പഴയ രീതിയിലായിട്ടില്ല. ബസ് സർവീസുകൾ പലതും പുനരാരംഭിക്കാൻ കഴിഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് ജില്ലാ ഭരണകൂടം ഇപ്പോൾ പ്രാധാന്യം നൽകുന്നത്. മന്ത്രിമാരായ എ.കെ.ബാലൻ, കെ.കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ ദുരന്ത നിവാരണ അവലോകന യോഗം നടത്തി.

നശിച്ചത് 4482 ഹെക്ടർ കൃഷി

കനത്ത മഴ ജില്ലയിലെ കൃഷിമേഖലയെ വലിയ തോതിൽ ബാധിച്ചു. ഒന്നാം വിള നെൽക്കൃഷി പലയിടത്തും വെള്ളത്തിലാണ്. 4482 ഹെക്ടർ കൃഷി നശിച്ചെന്നാണു പ്രാഥമിക കണക്കുകൂട്ടൽ. നഷ്ടം ഏകദേശം 20.50 കോടി രൂപ കണക്കാക്കുന്നു. ആയിരത്തിഅഞ്ഞൂറോളം കർഷകരെ ബാധിച്ചു. നെല്ല്, വാഴ, കൂർക്ക ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങൾ, പച്ചക്കറി, ഇഞ്ചി എന്നിവയെയാണു കൂടുതൽ ബാധിച്ചത്.  കൃഷിയിടങ്ങളിൽ അടിഞ്ഞ മണലും കല്ലും മണ്ണും നീക്കാനുള്ള തുക കർഷകർക്ക് അനുവദിക്കണമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.

ശരാശരി 30 സെന്റീമീറ്റർ മഴ

ജില്ലയിൽ സമീപ ദിവസങ്ങളിൽ ലഭിച്ചതു ശരാശരി 30 സെന്റീമീറ്റർ മഴ. കഴി‍ഞ്ഞ പ്രളയകാലത്തു പോലും 26 സെന്റീമീറ്റർ മഴയാണു ലഭിച്ചത്.

മലപ്പുറത്ത് മഴ കുറഞ്ഞു; ഭാരതപ്പുഴ പിൻവാങ്ങുന്നു

മഴയും ഭാരതപ്പുഴയും പിന്മാറിയതോടെ നഗരസഭയിലെ 4 ക്യാംപുകളിൽ നിന്ന് 344 കുടുംബങ്ങൾ വീടുകളിലേക്കു മടങ്ങി. ഇൗശ്വരമംഗലം, ഇൗഴുവതിരുത്തി മേഖലകളിൽ വെള്ളം കെട്ടിക്കിടക്കുന്ന ദുരിതമൊഴിച്ചാൽ പ്രളയ സമാനമായ ദുരിതങ്ങൾ ഒഴിവായി. എവി ഹൈസ്കൂൾ, ഐഎസ്എസ്, ആർവി ഹാൾ തുടങ്ങിയ കാംപുകളിലാണ് കൂടുതൽ കുടുംബങ്ങൾ കഴിയുന്നത്. ഭാരതപ്പുഴയോടു ചേർന്നുള്ള ഭാഗത്തെ കുടുംബങ്ങളാണ് ക്യാംപുകളിൽ കഴിയുന്നവരിൽ ഏറെയും.

വെള്ളമിറങ്ങിയ ഭാഗങ്ങളിൽ വീടുകൾ വൃത്തിയാക്കി വരികയാണ്. വീടിനകത്ത് ഒട്ടുമിക്ക സാധനങ്ങളും ചെളിനിറഞ്ഞ് നശിച്ച നിലയിലാണ്. സ്കൂൾ ബാഗും പുസ്തകങ്ങളും ഗൃഹോപകരണങ്ങളുമെല്ലാം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വൈദ്യുതീകരണ സംവിധാനങ്ങളെല്ലാം തകരാറിലാണ്. പൊന്നാനി മേഖലയിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ കുടുംബങ്ങൾക്കും സംഭവിച്ചിരിക്കുന്നത്. പല മേഖലകളിലും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.

malappuram-town-view
പ്രളയജലത്തിൽ മുങ്ങിയ മലപ്പുറം നഗരം. കോട്ടക്കുന്നിൽ ഉരുൾപൊട്ടിയ സ്ഥലം ചതുരത്തിൽ

മഴയ്ക്ക് നേരിയ ശമനം വന്നതോടെ എടപ്പാളിൽ പലയിടത്തും വെള്ളക്കെട്ട് ഒഴിഞ്ഞു തുടങ്ങി. വീടുകളിൽ വെള്ളം ഒഴിഞ്ഞതോടെ ബന്ധുവീടുകളിലേക്ക് താമസം മാറിയ ചിലർ സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തി. അതേസമയം ക്യാംപുകളിൽ കഴിയുന്ന ഭൂരിഭാഗം പേരും ക്യാംപിൽത്തന്നെ കഴിയുകയാണ്.എടപ്പാൾ എംഎച്ച് ഇംഗ്ലിഷ് സ്കൂളിലെ ക്യാംപിൽനിന്ന് 4 കുടുംബങ്ങൾ മാത്രമാണ് ഒഴിഞ്ഞുപോയത്. 

156 കുടുംബങ്ങൾ ഇവിടെത്തന്നെ തുടരുകയാണ്. ഇവർക്ക് ആവശ്യമായ സാധനങ്ങളെല്ലാം അധികൃതരും വിവിധ സംഘടനകളും പഞ്ചായത്ത് ഭാരവാഹികളും ചേർന്ന് ലഭ്യമാക്കുന്നുണ്ട്. വട്ടംകുളം കുറ്റിപ്പാല അമൃതാനന്ദമയീ മഠത്തിലെ ക്യാംപിലും ഒട്ടേറെ കുടുംബങ്ങൾ കഴിയുന്നുണ്ട്. വീടുകളിലേക്ക് തിരിച്ചെത്തിയാലും ശുചീകരിക്കേണ്ടതായുമുണ്ട്. ശുചിമുറി മാലിന്യം ഉൾപ്പെടെയുള്ളവ കിണർ വെള്ളത്തിൽ കലർന്നതിനാൽ ശുദ്ധജല ക്ഷാമവും രൂക്ഷമാണ്.

മഴ കുറഞ്ഞു, പക്ഷേ ദുരിതം ഒഴിയാതെ വയനാട്

വയനാടിനെയൊന്നാകെ വിറപ്പിച്ച രണ്ടാം പ്രളയത്തിനു തെല്ലുശമനം. മഴ കുറ‍ഞ്ഞതോടെ വെള്ളക്കെട്ടും പതിയെ പിൻവാങ്ങുകയാണ്. പുത്തുമലയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. കാലാവസ്ഥ പ്രിതികൂലമായതു ദുഷ്കരമാക്കിയെങ്കിലും തിരച്ചിൽ ഇന്നുകൂടി തുടരും. ഇനി 7 പേരെ കൂടി കണ്ടെത്താനുണ്ട്. വയനാകഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് ശരാശരി 62.07 മില്ലിമീറ്ററായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ 150 മില്ലിമീറ്ററിനു മുകളിലായിരുന്നു മഴ.

wayanad-landslide

24 മണിക്കൂറിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മാനന്തവാടി താലൂക്കിലാണ്–101 മില്ലിമീറ്റർ. വൈത്തിരിയിൽ 53 മില്ലിമീറ്ററും ബത്തേരിയിൽ 32.2 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. മഴ കുറഞ്ഞ സാഹചര്യത്തിൽ ബാണാസുര സാഗർ, കാരാപ്പുഴ ഡാമുകൾക്ക് താഴെയുള്ള പ്രദേശങ്ങളിലെ സ്‌ഥിതിഗതികൾ ശാന്തമായി തുടങ്ങി. ബാണാസുര ഡാമിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറന്നതിലൂടെ 1.565 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുക്കി വിടുന്നുണ്ട്.

കാരാപ്പുഴയുടെ 3 ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം തുറന്നു 35.83 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കബനി റിസർവോയറിലൂടെ മൈസൂരുവിലേക്കും കഴിഞ്ഞ വർഷത്തേക്കാൾ കുടുതൽ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തിൽ നിലവിൽ അനുഭവപ്പെടുന്ന വെള്ളപ്പൊക്കത്തിനു വരുംദിവസങ്ങളിൽ കുറവു വരും.

ഭീതിയൊഴിയാതെ കണ്ണൂർ

kannur-meekuzhi

മലയോര മേഖലയിൽ മഴയ്ക്ക് അൽപം ശമനം ഉണ്ടായെങ്കിലും ദുരിതങ്ങൾക്ക് അറുതിയായില്ല. പലയിടങ്ങളിലും മണ്ണിടിച്ചലും ജലപ്രവാഹവും തുടരുകയാണ്. ചെറുപുഴ പഞ്ചായത്തിലെ തിരുമേനിയിൽ നിന്ന് 10 കുടുംബങ്ങളിലെ 32 പേരെ തിരുമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാംപിലേക്കു മാറ്റി. എയ്യൻകല്ലിലെ 25 കുടുംബങ്ങളിൽ നിന്നുള്ള 93 ആളുകളാണ് പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ക്യാംപിൽ കഴിയുന്നത്.

ആറാട്ടുക്കടവ് കോളനിയിൽ നിന്നും 11 കുടുംബങ്ങളെ പുളിങ്ങോം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ക്യാംപിലേക്കു മാറ്റി. ഇവർക്കുള്ള ഭക്ഷണ സാധനങ്ങൾ സപ്ലൈക്കോയിൽ നിന്നു ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു. ഇതിനു പുറമെ വിവിധ സാമൂഹിക - സാംസ്കാരിക സംഘടനകളുടെയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിൽ ആവശ്യസാധനങ്ങൾ എത്തിച്ചു നൽകി. മുതുവംപാടിയിലെ ചേലക്കാവുങ്കൽ രാധാമണിയുടെയും പുതിയവീട്ടിൽ വെള്ളച്ചിയുടെയും വീടിനു സമീപത്തു നിന്നും മണ്ണിടിഞ്ഞു രണ്ടു വീടുകളും അപകടാവസ്ഥയിലാണ്. 

പ്രധാന ടൗണുകളിലും ജംക്‌ഷനുകളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുവെങ്കിലും ഗ്രാമപ്രദേശങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. കാറ്റിലും മഴയിലും ഏകദേശം 100 വൈദ്യുത തൂണുകൾ നശിച്ചതായാണു പ്രാഥമിക നിഗമനം. ഇവ പുനഃസ്ഥപിക്കുന്നതിനു പ്രത്യേക സംഘങ്ങളെ തന്നെ നിയോഗിച്ചിട്ടുണ്ട്. വീടുകളുടെ സമീപം ഇടിഞ്ഞു വീണ മണ്ണും കടപുഴകി വീണ മരങ്ങളും നീക്കാനുള്ള ശ്രമം നാട്ടുകാരുടെ നേതൃത്വത്തിൽ തുടങ്ങി. വെള്ളം റോഡിൽ കയറുന്നതുമൂലം ചെറുപുഴ, ഉമയംചാൽ, കന്നിക്കളം, പാക്കഞ്ഞിക്കാട്, മുളപ്ര ഭാഗങ്ങളിൽ ഇടയ്ക്കിടെ ഗതാഗതം തടസ്സപ്പെടുന്നുണ്ട്. വയലായി, കോലുവളളി ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 8 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

കാസർകോട് കണ്ണീരായി പുഴകൾ!

നിർത്താതെ പെയ്യുന്ന മഴയിൽ കാസർകോട് ജില്ലയിലെ പുഴകൾ നിറഞ്ഞു കവിയുന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഹെക്ടർ കണക്കിനു കൃഷിയാണ് നശിച്ചത്. പുഴയോരങ്ങളിലെ നൂറുകണക്കിനു കുടുംബത്തെ മാറ്റി പാർപ്പിച്ചു. ചന്ദ്രഗിരിപുഴ നിറഞ്ഞു കവി‍ഞ്ഞതിനാൽ ചെമ്മനാട് പ്രദേശങ്ങളിൽ വെള്ളം കയറി. നീലേശ്വരം കാര്യങ്കോട്, തേജ്വസനി, അരയി, കരിച്ചേരി,  ഉപ്പള, ഷിറിയ, മൊഗ്രാൽ തുടങ്ങിയ പുഴകളിലാണ് വെള്ളം കയറിയത്.

kasargod-bridge

അരയി പുഴ കവിഞ്ഞൊഴുകുന്നതിനാൽ പനങ്കാവ് ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. കാര്യങ്കോട് പുഴയിലെ വെള്ളം ദേശീയപാതയോരമായ  മയിച്ചയിൽ എത്തി.  പൊലീസും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് പാതയിൽ വാഹനഗതാഗതം നിയന്ത്രിച്ചത്. ചെറുവത്തൂർ, പേരോൽ, കിനാനൂർ, കരിന്തളം, ചീമേനി കയ്യൂർ, ഭീമനടി വില്ലേജുകളിലെ പുഴയുടെ തീരങ്ങളിൽ വെള്ളപ്പൊക്കത്തിൽ ജലനിരപ്പ് ഉയരുകയാണ്.

ഇവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കലക്ടർ ഡി.സജിത് ബാബു നിർദേശിച്ചിട്ടുണ്ട്. പുഴയോടൊപ്പം ചെറുതോടുകളും നിറഞ്ഞിരിക്കുകയാണ്. നടവഴികൾ പാടേ വെള്ളത്തിൽ മുങ്ങി. പയസ്വിനി പുഴ നിറഞ്ഞതിനാൽ ഹിദായത്ത് നഗറിലെ ഒട്ടേറെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കർണാടകയിൽ ശക്തമായ മഴ പെയ്യുന്നതോടെയാണ് ചന്ദ്രഗിരി ഉൾപ്പെടെയുള്ള ജില്ലയിലെ മിക്ക പുഴകളും നിറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com