ADVERTISEMENT

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ മഴ ശക്തമാകുന്നു. ദുരിതം പെയ്തിറങ്ങിയ വടക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞു. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്ന്  നല്ല മഴ ലഭിക്കുന്നുണ്ട് .  മറ്റു ജില്ലകളില്‍ ചാറ്റല്‍ മഴയുമുണ്ട്. കടുത്ത പ്രതിസന്ധി നേരിട്ടിരുന്ന കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം,  പാലക്കാട് ജില്ലകള്‍ സാധാരണനിലയിലേക്ക് മടങ്ങുകയാണ്. തെക്കന്‍ കേരളത്തില്‍  കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍  നെയ്യാർ അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.

നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണു തുറന്നത്. കനത്ത മഴ പെയ്താൽ അണക്കെട്ട് പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണു നടപടിയെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.  82.02 മീറ്ററാണ് നെയ്യാർ ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്. നേരിയ തോതിൽ മാത്രം വെള്ളം തുറന്നു വിടുന്നതിനാൽ തീരവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. അരുവിക്കര ഡാം ചൊവ്വാഴ്ച രാവിലെ 7.30ന് തുറന്നു. 1 ഷട്ടർ 50 സെന്റിമീറ്ററാണ് ഉയർത്തിയത്.

ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.  കുട്ടനാട്ടിലും കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും വെളളപ്പൊക്കം തുടരുന്നു. കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് വില്ലേജുകളിൽ ജാഗ്രതാ നിര്‍ദേശം നൽകി. തിക്കോയി, പൂഞ്ഞാർ, തലനാട്, തെക്കേക്കര വില്ലേജുകളിലാണു ജാഗ്രത നിർദേശം നൽകിയത്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ വീണ്ടും ശക്തമാകുന്നു. ഞായറാഴ്ച മഴയ്ക്കു അൽപം ശമനം ഉണ്ടായെങ്കിലും, ഇന്നലെ വീണ്ടും കനത്തു തുടങ്ങി. ഇതോടെ ആശങ്കയുടെ നിഴലിലാണ് ജനങ്ങൾ. അതേസമയം, ഹൈറേഞ്ചിൽ പലയിടങ്ങളിലും ഇന്നലെ മഴ കുറവായിരുന്നു. 

തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും ഇന്നലെ ഇടവിട്ട് ശക്തമായ മഴ പെയ്തു. നഗരത്തിൽ പാലാ റോഡിലും പഴയ മണക്കാട് റോഡിലും, മൂവാറ്റുപുഴ റോഡിൽ റോട്ടറി ജംക്​ഷനിലും ഉച്ചകഴിഞ്ഞ് വെള്ളം ഉയർന്ന് ഗതാഗതം താറുമാറായി.ചില ഭാഗത്ത് കടകളിലും വെള്ളം കയറി. മഴ വീണ്ടും കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ആശങ്കയിലാണ്.

അടിമാലി മേഖലയിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം മഴ ശക്തി പ്രാപിച്ചു. മൂന്നാറിൽ ഇന്നലെ ഇടവിട്ട് മഴ പെയ്തു. അതേസമയം, മറയൂർ മേഖലയിൽ പകൽ മഴ പെയ്തില്ല. രാജാക്കാട്, രാജകുമാരി മേഖലകളിൽ മഴ കുറവായിരുന്നു. നെടുങ്കണ്ടം മേഖലയിൽ ഇന്നലെ ഇടവിട്ട് ശക്തമായ മഴയുണ്ടായി. 

ചെറുതോണി ഉൾപ്പെടെയുള്ള ജില്ലാ ആസ്ഥാന മേഖലകളിൽ ഇന്നലെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. കട്ടപ്പനയിൽ ഇന്നലെ കാര്യമായി മഴ പെയ്തില്ല. പീരുമേട്ടിലും സമീപ പ്രദേശങ്ങളിലും ഉച്ചയ്ക്കു ശേഷം സാമാന്യം ശക്തമായ മഴ പെയ്തു. കുമളിയിൽ ഇടവിട്ട് ചെറിയ തോതിൽ മഴ പെയ്തു. 

6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തീവ്ര, അതിതീവ്രമഴ സംബന്ധിച്ച റെഡ് അലർട്ട് പൂർണമായി പിൻവലിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്കു (ഓറഞ്ച് അലർട്ട്) സാധ്യതയുണ്ട്. പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ വ്യാപക മഴയ്ക്കു (യെലോ അലർട്ട്) സാധ്യത. നാളെ മുതൽ 16 വരെ എവിടെയും റെഡ്, ഓറഞ്ച് അലർട്ടില്ല.

ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തിനടുത്തുള്ള ന്യൂനമർദമാണ് ഇന്നും നാളെയും മഴയ്ക്കു കാരണം. എന്നാൽ, കഴിഞ്ഞ വർഷത്തെപ്പോലെ പ്രളയസാധ്യതയില്ലെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.

പ്രളയ ഒരുക്കങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

കനത്ത മഴ, മണ്ണിടിച്ചിൽ, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ മുന്നൊരുക്കങ്ങൾ ഊർജിതമാക്കി. ജില്ലാതലത്തിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി ക്യാംപുകൾ സംഘടിപ്പിക്കുന്നതിനും മൃഗചികിത്സയ്ക്കു വേണ്ട മരുന്നുകൾ, ധാതുലവണ മിശ്രിതം എന്നിവ വാങ്ങുന്നതിനും ആവശ്യമായ ഫണ്ട് ലഭ്യമാണെന്നു ജില്ലാ മൃഗസംരക്ഷണ വകുപ്പ് പിആർഒ  ഡോ. ബിജു.ജെ. ചെമ്പരത്തി അറിയിച്ചു.

ജില്ലാതലത്തിൽ മേഖലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചീഫ് വെറ്ററിനറി  ഓഫിസറുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ചു. ഡപ്യൂട്ടി ഡയറക്ടറെ കോഓർഡിനേറ്റർ ആയി നിയമിച്ച് 4 താലൂക്കുതല ദ്രുതകർമ സേനകൾ സജ്ജമാക്കിയിട്ടുണ്ട്.

∙ കൺട്രോൾ റൂം ഫോൺ : 04862–223878, 9446204365.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com