ADVERTISEMENT

ഉത്തരേന്ത്യയിൽ കനത്തനാശമുണ്ടാക്കി ഇന്നലെയും കനത്ത മഴ. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മണ്ണിടിഞ്ഞ്, 9 മാസം പ്രായമായ കുഞ്ഞും അമ്മയും ഉൾപ്പെടെ 6 പേർ മരിച്ചു. ജമ്മു കശ്മീരിലെ റെസായി ജില്ലയിൽ കുടുംബത്തിലെ 3 പേർ മണ്ണിടിഞ്ഞും ബംഗാളിൽ 12 വയസ്സുകാരി ഉൾപ്പെടെ 4 പേർ മിന്നലേറ്റും മരിച്ചു. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപം കൊണ്ട ന്യൂനമർദം ഒഡീഷയിലും ബംഗാൾ തീരത്തും വീണ്ടും കനത്ത മഴപെയ്യിക്കുമെന്നാണു  പ്രവചനം. 

പശ്ചിമ മഹാരാഷ്ട്രയിലും വടക്കൻ കർണാടകയിലുമായി മഴമരണം 82 ആയി. പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാംപുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തൊട്ടാകെ 12 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചതായാണ് ഔദ്യോഗിക കണക്ക്.തീരദേശ, മധ്യ, മലനാട് കർണാടകയി‍ൽ അടുത്ത 4-5 ദിവസം കനത്ത മഴയുണ്ടാകുമെന്നാണു പ്രവചനം. വീടുകൾ പൂ‍ർണമായി തകർന്നവർക്ക് 5 ലക്ഷം രൂപ വീതവും ഭാഗികമായി തകർന്നവർക്ക് 1 ലക്ഷം വീതവും കർണാടക സ‍ർക്കാർ നൽകും.  അറ്റകുറ്റപ്പണി കഴിയും വരെ വാടകവീടുകളിൽ തങ്ങാൻ പ്രതിമാസം 5000 രൂപ വീതം അനുവദിക്കും. 

ആറു ദിവസമായി അടച്ചിട്ടിരുന്ന പുണെ-ബെംഗുളുരു ഹൈവേ തുറന്നു.  വഴിയിലുടനീളം നിർത്തിയിട്ടിരുന്ന ആയിരക്കണക്കിനു ട്രക്കുകളും ഇതരവാഹനങ്ങളും യാത്ര തുടങ്ങിയെങ്കിലും ഒറ്റവരിയായി മാത്രം കടത്തിവിടുന്നതിനാൽ ഇഴഞ്ഞാണു നീങ്ങുന്നത്. ഗുജറാത്തിലെ കച്ച് ജില്ലയിൽ റോഡ് ഒഴുകിപ്പോയതിനെ തുടർന്നു കുടുങ്ങിയ 125 പേരെ വ്യോമസേന രക്ഷിച്ചു. 

flood

പ്രളയക്കെടുതിയിൽ വലഞ്ഞ് പശ്ചിമ മഹാരാഷ്ട്ര

പശ്ചിമ മഹാരാഷ്ട്രയിലെ പുണെ ഡിവിഷനിൽ ഒരാഴ്ചയോളം നീണ്ട പ്രളയക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 43 ആയി. സാംഗ്ലി ജില്ലയിൽ 22 പേർ മരിച്ചപ്പോൾ സത്താറ, പുണെ എന്നിവിടങ്ങളിൽ ഏഴു പേർ വീതവും കോലാപുരിൽ ആറും സോലാപുരിൽ ഒരാളുമാണ് മരിച്ചത്. 

4.48 ലക്ഷം പേരെയാണ് പശ്ചിമ മഹാരാഷ്ട്രയിലെ പ്രളയമേഖലകളിൽ നിന്നു ദുരിതാശ്വാസ ക്യാംപുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിയത്. ഇതിൽ 4.04 ലക്ഷം പേരും സാംഗ്ലി, കോലാപുർ ജില്ലകളിൽ നിന്നുള്ളവരാണ്. വെള്ളം ഇറങ്ങിയതിനെത്തുടർന്ന് ഒട്ടേറെപ്പേർ തിരികെ നീങ്ങിത്തുടങ്ങിയെങ്കിലും ചെളിയും മാലിന്യങ്ങളും വീടുകളിൽ അടിഞ്ഞുകൂടിയ നിലയിലാണ്. 

ശുചീകരണ ജോലികൾ ആരംഭിച്ചെങ്കിലും ദിവസങ്ങൾ നീണ്ടേക്കും. കോലാപുരില്‍ പലയിടങ്ങളിലും പാമ്പുകൾ ഒഴുകിയെത്തിയിട്ടുണ്ടെന്നും വീടുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പഞ്ചഗംഗ നദിക്കു കുറുകെയുള്ള പാലത്തിനു വിള്ളലുണ്ടെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്നും അപകടസാധ്യതയുള്ള പാലങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് പാത ഗതാഗതത്തിനു തുറന്നുകൊടുത്തതെന്നും നാഷനൽ ൈഹവേ അതോറിറ്റി അധികൃതര്‍ അറിയിച്ചു. 

വെള്ളപ്പൊക്കത്തിനു കാരണമായ കൃഷ്ണ, പാഞ്ചഗംഗ നദികളിൽ ജലനിരപ്പു താഴ്ന്നു. കൃഷ്ണാ നദിയിൽ 24 മണിക്കൂറിനിടെ 3.8 അടിയാണ് െവള്ളം താഴ്ന്നത്. പാഞ്ചഗംഗയിൽ അപകടനിലയേക്കാൾ 7.6 അടി ഉയരത്തിലായിരുന്നു വെള്ളം. ഇതു കാര്യമായി താഴ്ന്നതായി ജില്ലാ അധികൃതർ വ്യക്തമാക്കി. കോലാപുർ, സാംഗ്ലി, സത്താറ, പുണെ, സോലാപുർ ജില്ലകളിൽ കരുതൽ നടപടിയെന്നോണം 147 റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 

പുണെ ഡിവിഷനിൽ 69 താലൂക്കുകളിലെ 761 ഗ്രാമങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്. കര-വ്യോമ-നാവിക, എൻഡിആർഎഫ് സേനകളുടെ 105 ടീമുകളും തീരദേശസേന, സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്നിശമനസേന, പൊലീസ്, പ്രാദേശിക ഭരണകൂടങ്ങളിലെ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരാഴ്ചയോളം നീണ്ട രക്ഷാപ്രവർത്തനം. 

ഒറ്റപ്പെട്ട് 35 ഗ്രാമങ്ങൾ

പാൽഘറിൽ മലവെള്ളപാച്ചിലിൽ ജവാർ സക്കൂർ റോഡിന്റെ മധ്യഭാഗം ഒലിച്ചുപോയതിനെ തുടർന്ന് ഒറ്റപ്പെട്ട 35 ഗ്രാമങ്ങളിലെ  ജനങ്ങൾ ദുരിതത്തിൽ. ജവാറിലെ സ്കൂളുകളിൽ  പോകാൻ ഗതാഗത സൗകര്യം ഇല്ലാതെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. അഖർ, സക്കൂർ, ചൗത്യാചിവാടി, വനോശി ഗ്രാമങ്ങളിൽ പലചരക്ക് പച്ചക്കറി മുതലായവ എത്തുന്നില്ല. പൊതുമരാമത്ത് വിഭാഗം മഴ മാറിയിട്ടും റോഡ് പണി തുടങ്ങിയിട്ടില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com