ADVERTISEMENT

ഭാരതപ്പുഴയുടെ നടുവിൽ പട്ടാമ്പി മുതൽ പൊന്നാനി വരെ രൂപപ്പെട്ട മണൽക്കൂനകളും കാടും നീക്കം ചെയ്യാതിരുന്നത് പ്രളയത്തിന്റെ ശക്തി കൂട്ടിയെന്ന് പ്രദേശവാസികൾ. മലമ്പുഴ ഡാം തുറക്കാതെ തന്നെ ഭാരതപ്പുഴ ഇത്തവണ കരകവിഞ്ഞ് ഒഴുകി ഒട്ടേറെ നാശനഷ്ടം വരുത്തിയത് വെള്ളത്തിന്റെ ഒഴുക്ക് പലയിടങ്ങളിലും തടസ്സപ്പെട്ടതിനാലാണ്. സാധാരണ രീതിയിൽ മഴ വെള്ളം പുഴയിലൂടെ കടലിൽ എത്താറാണു പതിവ്. എന്നാൽ, കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് ഇത്തവണ ദുരിതമായത്. 

50 കിലോമീറ്ററോളം ദൂരത്തിൽ ഭാരതപ്പുഴയ്ക്കു മധ്യത്തിലുള്ള മണൽത്തിട്ടകളും വൻ മരങ്ങൾ ഉൾപ്പെടെ കാടുകളും രൂപപ്പെട്ടതാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പുഴയുടെ നടുവിൽ ഏറെ വീതിയിൽ മണൽ ഉയർന്നുനിന്ന് മരങ്ങൾ വളർന്നതിനാൽ ഇരു ഭാഗങ്ങളിലെ ചാലുകളിലൂടെയാണ് പുഴ ഒഴുകിയിരുന്നത്. ഭാരതപ്പുഴയുടെ മധ്യഭാഗം കരയെക്കാൾ  ഉയരത്തിലായതാണ് ചില പ്രദേശങ്ങളിലെ തുടർച്ചയായ വെള്ളപ്പൊക്കത്തിന് കാരണമെന്ന് പരിസ്ഥിതി സംഘടനകളും അഭിപ്രായപ്പെട്ടു. 

പുഴയിലെ കരയോടു ചേർന്നുള്ള 2 ഭാഗങ്ങളിൽനിന്നും വൻ തോതിൽ മണൽകടത്തിയതിനാലാണ് ആഴത്തിലുള്ള ചാലുകൾ രൂപപ്പെട്ടത്. ഭാരതപ്പുഴയിലൂടെ കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ നടപടിയില്ലെങ്കിൽ ദുരിതം ആവർത്തിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. 

പുഴയിൽ ഒഴുക്കി ‘പുഴ മുതൽ പുഴ വരെ’

ഭാരതപ്പുഴ നവീകരണത്തിനായുള്ള ‘പുഴ മുതൽ പുഴ വരെ’ പദ്ധതി ഉപേക്ഷിച്ചത് തിരിച്ചടിയായി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് 100 കോടി രൂപ ചെലവിട്ട് പുഴ നവീകരിക്കാൻ തീരുമാനിച്ചത്. കുറ്റിപ്പുറം മുതൽ  ഭാരതപ്പുഴയ്ക്കു നടുവിൽ ഉയർന്നു നിൽക്കുന്ന മണൽക്കൂനയും കാടും ഒഴിവാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനായിരുന്നു പദ്ധതി. കൂടാതെ പുഴയോരത്ത് സുരക്ഷാ ഭിത്തി നിർമിക്കാനും  തിരുനാവായ മുതൽ കുറ്റിപ്പുറം വരെ വിവിധ ജല വിനോദ പദ്ധതികൾ ആരംഭിക്കാനും തീരുമാനിച്ചിരുന്നു. 

ഭാരതപ്പുഴയിലേക്ക് മാലിന്യം തള്ളുന്നതു തടഞ്ഞ് ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചത്. എന്നാൽ, തുടർ പ്രവർത്തനങ്ങൾ സ്തംഭിക്കുകയും പിന്നീട് പദ്ധതി തന്നെ ഉപേക്ഷിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.

400 വീടുകൾ വെള്ളക്കെട്ടിൽ

കോൾ മേഖലയിൽ ജലനിരപ്പ് താഴാത്തതുമൂലം വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിൽ 400 വീടുകൾ വെള്ളക്കെട്ടിൽ. പൊന്നാനി കോളിലെ താഴ്ന്ന പാടശേഖരങ്ങളിലേക്ക് ജില്ലയുടെ തെക്കൻ മേഖലയിൽനിന്നും തൃശൂർ ജില്ലയിൽനിന്നും കൂടുതൽ വെള്ളം തുറന്നുവിട്ടതോടെയാണ് 2 പഞ്ചായത്തുകളിലെ കുടുംബങ്ങൾ വെള്ളക്കെട്ടിലായത്. 

ബിയ്യം റഗുലേറ്റർ ഷട്ടർ വഴി ഒഴുക്കി വിടുന്നതിനെക്കാൾ ഇരട്ടിയിലേറെ വെള്ളമാണ് തെക്കൻ മേഖലയിൽനിന്ന് ഒഴുകിയെത്തുന്നത്. പത്തിരം ദ്വീപ്, പാലയ്ക്കൽ താഴം, ചെറവല്ലൂർ, ചേരിക്കല്ല്, നരണിപ്പുഴ, കുഴപ്പുള്ളിത്താഴം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. 2 പഞ്ചായത്തുകളുടെ തീരമേഖലയിലും കനോലി കനാലിന്റെ ഇരുവശത്തും വെള്ളക്കെട്ട് തുടരുകയാണ്. പാലപ്പെട്ടി, താവളക്കുളം, പുതിയിരുത്തി, കുണ്ടുച്ചിറ, അയിരൂർ, വെളിയങ്കോട് ഗ്രാമം, വെളിയങ്കോട് മേഖലകളും വെള്ളക്കെട്ടിലാണ്. 86 കുടുംബങ്ങൾ വിവിധ ക്യാംപുകളിലും ബാക്കിയുള്ളവർ ബന്ധുവീടുകളിലുമാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com