ADVERTISEMENT

കേരളത്തിൽ തുടർച്ചയായി രണ്ടാംവർഷവും മിന്നൽ പ്രളയവും വ്യാപകമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മഴയുടെ ഘടനയിൽ വന്ന മാറ്റമാണെന്നു വ്യക്തമാകുന്നു. കുറഞ്ഞ സമയത്തിനിടെ അപ്രതീക്ഷിതമായി അതിതീവ്രമഴ പെയ്യുന്ന രീതിയാണ് കേരളത്തിനു വൻ ഭീഷണിയായി മാറുന്നത്. കേരളത്തിന്റെ 300 വർഷത്തെ ചരിത്രത്തിലെ ഏറ്റവും കനത്ത മഴയാണ് കഴിഞ്ഞയാഴ്ച പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രേഖപ്പെടുത്തിയത്.

കഴിഞ്ഞ എട്ടിന് പാലക്കാട്ട് ആലത്തൂരിൽ പെയ്ത 39.8 സെന്റിമീറ്റർ മഴയാണ് ഇത്തവണ മുന്നിൽ. ഒറ്റപ്പാലത്ത് 33.5, കൊല്ലങ്കോട്ട് 31.9, മണ്ണാർക്കാട്ട് 30.5, വടകര 30 സെമി എന്നിങ്ങനെയായിരുന്നു അന്നത്തെ മഴക്കണക്ക്. വയനാട് ജില്ലയിൽ 28.5 സെമി വരെ മഴ പെയ്തു. നിലമ്പൂരിൽ 18.8 സെമി മഴയാണു രേഖപ്പെടുത്തിയത്.കഴിഞ്ഞ വർഷം പ്രളയ ദിവസങ്ങളിൽ നിലമ്പൂരിൽ 40 സെന്റിമീറ്ററും മാനന്തവാടിയിൽ 30 സെന്റിമീറ്ററും മഴ പെയ്തിരുന്നു.

Rain

വന്നും പോയും മഴ

മെല്ലെയൊഴിഞ്ഞും വീണ്ടും ശക്തമായും മഴ.ആശ്വാസവും ഒപ്പം ആശങ്കയും. റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലും ജാഗ്രതാനിർദേശം. കോഴിക്കോട്ട് 20 സെന്റിമീറ്ററിലേറെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ പ്രവചനം. എറണാകുളം ജില്ലയിൽ കോതമംഗലം മേഖലയിൽ കടവൂർ, നേര്യമംഗലം, കുട്ടമ്പുഴ വില്ലേജുകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് ഇന്നലെ അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. കോട്ടയത്ത് ഉരുൾപൊട്ടൽ സാധ്യത മുൻനിർത്തി മുൻകരുതലെടുത്തിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റി.

Rain

കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ തിരച്ചിൽ നിർത്തിവച്ചു. മണ്ണിടിച്ചിൽ‌ സാധ്യത മുൻനിർത്തിയാണു തീരുമാനം. ബുധനാഴ്ച ഒരു മൃതദേഹം കൂടി കവളപ്പാറയിൽനിന്ന് കണ്ടെത്തി. നിലവിൽ കവളപ്പാറയിൽനിന്ന് 26 മൃതദേഹങ്ങളാണു കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് 33 പേരെ. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്നു വീണ്ടും മഴ തുടങ്ങി. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട റാന്നിയിൽ ഒരു രാത്രികൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ പ്രളയത്തിൽ പോലും വലിയ തോട് കരകവിഞ്ഞിരുന്നില്ല. ഇന്നലെ വൈകുന്നേരം 5നു തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയർന്നത്. പമ്പയാറിലും തോടുകളിലും ഇന്നലെ കാൽ ഭാഗം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി. റാന്നിയിൽ ഇപ്പോഴും മഴ തുടരുന്നു.

Rain Kollam

കഴിഞ്ഞ വർഷം ഈ സമയം തോടുകളിലും പുഴയിലും ഇതേ ജലനിരപ്പായിരുന്നു. 14നു രാത്രി 11 മണിയോടെയാണ് റാന്നി ടൗൺ മുങ്ങിയത്. കക്കി ഡാമിൽ ജലനിരപ്പ് 961.34 മീറ്ററായി. 981.46 മീറ്ററാണ് സംഭരണ ശേഷി. പമ്പാ ഡാമിൽ സംഭരണ ശേഷിയുടെ 50.56% വെള്ളമുണ്ട്. മൂഴിയാറിൽ 46.36% വെള്ളമുണ്ട്. അതേസമയം, പാലയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഈാരാറ്റുപേട്ട പാല റോഡില്‍ വെള്ളം കയറി. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. മലപ്പുറത്തും കോഴിക്കോടുമായി രണ്ടു ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ രാത്രി ശക്തമായ മഴ തുടർന്നതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇടുക്കി അണക്കെട്ടില്‍ പൂര്‍ണ സംഭരണ ശേഷിയുടെ നാല്‍പത് ശതമാനം വെള്ളമാണുള്ളത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടി പിന്നിട്ടു. 142 അടിയാണ് അണക്കെട്ടിന്‍റെ പൂര്‍ണ സംഭരണ ശേഷി. ജില്ലയിലെ പ്രധാനപ്പെട്ട ചെറിയ ഡാമുകള്‍ തുറന്നിട്ടുണ്ട്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും ന്യൂനമര്‍ദം നേരിയതോതില്‍ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

കൊല്ലത്ത് തീരദേശ മേഖലകളിൽ കടലാക്രമണ ഭീഷണി രൂക്ഷമാണ്. അഴീക്കൽ ബീച്ച് പൂർണമായും കടലെടുത്തു. കണ്ണൂരിൽ ഇന്നലെ കനത്ത മഴ പെയ്തു; ഇടുക്കിയിൽ മഴ കുറഞ്ഞെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു. പത്തനംതിട്ടയിൽ മഴ കുറഞ്ഞു.  മലപ്പുറത്ത് പാതകളെല്ലാം ഗതാഗത യോഗ്യമായി. ബസ് സർവീസുകൾ പുനരാരംഭിച്ചു. തൃശൂരിൽ ഇന്നലെ ഉച്ചവരെ മഴമാറിനിന്നെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തമായത് ആശങ്കയുണർത്തി. വെട്ടുകാട് ചോട്ടിലപ്പാറ പാലം മലവെള്ളപ്പാച്ചിലിൽ തകർന്നു. ഏനാമ്മാവ് ബണ്ട് പൊട്ടിച്ചുനീക്കി. പാലക്കാട് ജില്ലയിൽ ഇന്നലെ നേരിയ മഴ മാത്രം. തിരുവനന്തപുരം നെയ്യാർ ഡാമിന്റെ 4 ഷട്ടറുകളും ഇന്നലെ രാവിലെ ഒരു ഇഞ്ച് വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com