ADVERTISEMENT

കേരളം ഇപ്പോൾ അനുഭവിക്കുന്ന മഴക്കെടുതി മനുഷ്യനിര്‍മിത ദുരന്തമാണ്. ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണു ദുരന്തത്തിനു കാരണം. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ പ്രകൃതിക്ഷോഭം നേരിടുന്നതു കൂടുതല്‍ ലളിതമാകുമായിരുന്നു.

കവളപ്പാറയും പുത്തുമലയും സംസ്ഥാന അതിർത്തിയോടു ചേർന്ന് ഉരുൾ പൊട്ടിക്കൊണ്ടേയിരിക്കുന്ന തമിഴ്നാടിന്റെ മലനിരകളും ചേർത്തൊരു വട്ടം വരച്ചാൽ ഒറ്റ പകൽകൊണ്ട് നടന്നെത്താം. ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളായ ഈ മലകൾ എന്തുകൊണ്ടാണ് പൊട്ടിയൊഴുകുന്നത്?.ഇവിടങ്ങളിലെ ഉരുൾപൊട്ടലുകൾക്കും സോയിൽ പൈപ്പിങ്ങിനും പൊതുസ്വഭാവമോ പരസ്പര ബന്ധമോ ഉണ്ടോ? വിശദമായ പഠനങ്ങൾ ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ.

പുത്തുമലയ്ക്കു തൊട്ടടുത്ത അട്ടമലയിൽനിന്ന് നോക്കിയാൽ നേരെ എതിർവശത്ത്  തമിഴ്നാട് ഭാഗത്തായി ഒട്ടേറെ ഉരുൾപൊട്ടലുകൾ കാണാം. ചാലിയാറിന്റെ തീരങ്ങളെ മുക്കിയ പ്രളയത്തിന്റെ തുടക്കം നീലഗിരി മേഖലയിലെ മലവെള്ളപ്പാച്ചിലുകളായിരുന്നു. പിന്നാലെ കഴിഞ്ഞ 7നും 8നുമായി പുത്തുമലയിലും തൊട്ടടുത്ത ദിവസം കവളപ്പാറയിലും വൻ ദുരന്തങ്ങളുണ്ടായി. ചോലാടിക്കും പന്തല്ലൂരിനുമിടയിൽ ഇപ്പോഴും ചെറു പൊട്ടലുകൾ നടന്നുകൊണ്ടിരിക്കുന്നുവെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ രഞ്ജിത് കുമാർ പറയുന്നു.

2011 ഓഗസ്റ്റിൽ സമർപ്പിച്ച മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ കേരളത്തിലെ 18 സ്ഥലങ്ങൾ അതീവ പരിസ്ഥിതി സംവേദക മേഖലയായി കണ്ടെത്തിയിരുന്നു. നിലമ്പൂർ–മേപ്പാടി പ്രദേശത്തെ ഇതിൽ ഒറ്റ മേഖലയായാണ് രേഖപ്പെടുത്തിയത്. ഈ മേഖലയിൽ മുൻവർഷങ്ങളിലും മലയിടിച്ചിൽ താരതമ്യേന കൂടുതലായിരുന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വൻതോതിലുള്ള മരംമുറിയും പാറപൊട്ടിക്കലും മലയിടിച്ചിലിനു കാരണമാകുന്നു എന്ന പ്രാഥമിക വിലയിരുത്തലിനപ്പുറം ശാസ്ത്രീയ പഠനങ്ങൾ വേണമെന്ന ചർച്ച സജീവമാകുന്നുണ്ട്.

പശ്ചിമഘട്ടത്തിനുള്ള നിർദേശങ്ങൾ

പരിസ്ഥിതി ലോല മേഖലകളില്‍ പ്രോൽസാഹിപ്പിക്കപ്പെടേണ്ടതും നിരുൽസാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍  ഗാഡ്ഗിൽ റിപ്പോർട്ടിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല. മൂന്നു വർഷം കൊണ്ട് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കണം. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്. പൊതു ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യമാക്കരുത്. പുതിയ കയ്യേറ്റങ്ങള്‍ അനുവദിക്കരുത്. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. പരിസ്ഥിതി സൗഹാർദമായ കെട്ടിടനിര്‍മാണ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടാക്കണം. പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ പ്രോൽസാഹിപ്പിക്കണം.

നിയമവിരുദ്ധ ഖനനം അടിയന്തരമായി നിര്‍ത്തണം. ജല വിഭവ പരിപാലനം വികേന്ദ്രീകരിക്കണം. ശാസ്ത്രീയ സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജലത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തണം. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം ക്രമേണ ഒഴിവാക്കി, ജൈവകൃഷി പ്രോൽസാഹിപ്പിക്കണം. ജൈവ കൃഷിയിലേക്കു മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്കു സാമ്പത്തിക, സാങ്കേതിക സഹായം ലഭ്യമാക്കണം. രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കാന്‍ സഹായം നല്‍കണം. തീവ്ര, അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ ഉപേക്ഷിക്കണം.

സൗരോര്‍ജ ഉപയോഗം പ്രോൽസാഹിപ്പിക്കണം. വികേന്ദ്രീകൃത ഊര്‍ജാവശ്യങ്ങള്‍ക്കു ജൈവ മാലിന്യ– സോളര്‍ ഉറവിടങ്ങള്‍ ഉപയോഗിക്കണം. സ്വാഭാവിക കാലാവധി അതിക്രമിച്ച താപനിലയങ്ങളും ഡാമുകളും ഘട്ടംഘട്ടമായി ഡിക്കമ്മിഷന്‍ ചെയ്യണം. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണം. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കണം. പുതുതായി ഖനനത്തിന് അനുമതി നല്‍കരുത്. നിലവിലുള്ളവ 2016 ഓടെ നിർത്തണം തുടങ്ങിയ നിരവധി നിർദേശങ്ങളാണു പശ്ചിമഘട്ടത്തിന്റെ നിലനിൽപിനായി ഗാഡ്ഗിൽ മുന്നോട്ടുവച്ചത്.

2018 ഓഗസ്റ്റിൽ കേരളം നൂറ്റാണ്ടിലെ മഹാപ്രളയത്തിൽ ആടിയുലഞ്ഞപ്പോഴും ഉപദേശ നിർദേശങ്ങളുമായി ഗാഡ്ഗിൽ രംഗത്തെത്തി. ഏറ്റവും ദൗർഭാഗ്യകരമായ ദുരന്തമാണു കേരളത്തിൽ സംഭവിച്ചതെന്നും ഇതു മറികടക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിക്കേണ്ടതുണ്ട്. മനുഷ്യനിർമിത ദുരന്തമാണ് സംസ്ഥാനത്തുണ്ടായതെന്നും അഭിപ്രായപ്പെട്ടു. ചിലതു തുടങ്ങിവച്ചതല്ലാതെ മുന്നോട്ടു പോകാൻ സാധിച്ചില്ലെന്നതിന്റെ സാക്ഷ്യമാണ് ഇപ്പോഴുണ്ടായ ഉരുൾപൊട്ടൽ ദുരന്തങ്ങൾ.

കേരളത്തിലെ കാര്യങ്ങള്‍ ആശങ്കാജനകമാണ്. കാലവര്‍ഷത്തില്‍ നിന്നുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണിപ്പോൾ കാണുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്നു ഗാഡ്ഗിൽ കമ്മിറ്റി ശുപാര്‍ശ നൽകിയിരുന്നെങ്കിലും നടപ്പായില്ല. റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ തീവ്രത കുറയുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com