ADVERTISEMENT

ബെംഗളൂരു നഗരത്തിലെ മാലിന്യം നവംബർ ഒന്നു മുതൽ പാറമടകളിൽ തള്ളേണ്ടെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ(എൻജിടി). നിലവിൽ ബെംഗളൂരുവിൽ നിന്നുള്ള വേർതിരിക്കാത്ത മാലിന്യം തള്ളുന്ന പാറമടകളെല്ലാം നിറയാറായതിനാൽ അടുക്കള മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കണം. വലിയ തോതിൽ‍ മാലിന്യം തള്ളുന്ന അപ്പാർട്മെന്റുകളും ഓഡിറ്റോറിയങ്ങളും ഇവ സംസ്കരിക്കാൻ സംവിധാനമുണ്ടാക്കണം. 

മാലിന്യ സംസ്കരണം ഉറവിടത്തിൽ തന്നെ നടക്കുന്നുവെന്നു ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി) കോർപറേറ്റർമാരും വാർഡ്തല സമിതികളും ഉറപ്പാക്കണമെന്നും എൻജിടി സംസ്ഥാന തല സമിതി ചെയർമാൻ ജസ്റ്റിസ് സുഭാഷ് ആദി വ്യക്തമാക്കി. കർണാടക രാജ്യോത്സവം കൂടിയായ നവംബർ 1 മുതൽ ബെംഗളൂരുവിൽ മാലിന്യം പാറമടകളിൽ തള്ളരുത്. അടുത്ത മാസം ഒന്നു മുതൽ പ്ലാസ്റ്റിക് ഉപയോഗത്തിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഇതു യാഥാർഥ്യമാകുമെന്നും കോർപറേറ്റർ‌മാരുടെ പ്രത്യേക യോഗത്തിൽ സുഭാഷ് ആദി പറഞ്ഞു.

ഇളവ് തേടി ബിബിഎംപി

മാലിന്യ നീക്കം സംബന്ധിച്ച് പുതിയ കരാറിൽ അന്തിമ തീരുമാനം ആകാത്തതിനാൽ എൻജിടി നിർദേശം നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്നു മേയർ ഗംഗാംബികെ മല്ലികാർജുൻ പറഞ്ഞു. ബെംഗളൂരു ദിവസേന പുറംതള്ളുന്ന 6000 ടൺ മാലിന്യത്തിൽ പകുതിയും വേർതിരിക്കാത്തവയാണ്. വീടുകളിൽ നിന്ന് അടുത്തമാസം മുതൽ വേർതിരിച്ച ദ്രവമാലിന്യം ദിവസേന ശേഖരിക്കാനും ഖരമാലിന്യം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായി ശേഖരിക്കാനും ബിബിഎംപി നീക്കം നടത്തിയിരുന്നു. എന്നാൽ ഭൂരിഭാഗം കോർപറേറ്റർമാരുടെയും കടുത്ത എതിർപ്പിനെ തുടർന്ന് ഇതു നടപ്പായിട്ടില്ല. മാലിന്യ സംസ്കരണം സംബന്ധിച്ച് എൻജിടി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ 198 വാർഡുകളിൽ 100ൽ താഴെ കോർപറേറ്റർമാരെ പങ്കെടുത്തുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com