ADVERTISEMENT

യമുനാ നദിയിൽ ജലനിരപ്പ് അപകടനില കടന്നതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാൻ പൊലീസ്– റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘങ്ങളെ നിയോഗിച്ചു. ഡൽഹിയിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 23,800 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. മന്ത്രിമാർ, വകുപ്പു മേധാവികൾ എന്നിവരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ സ്ഥിതി വിലയിരുത്തി.

ഡൽഹിയിൽ യമുനാ നദിക്കു കുറുകെയുള്ള ഓൾഡ് യമുന പാലത്തിൽ ഗതാഗതം നിരോധിച്ചു. അടുത്ത 2 ദിവസം നിർണായകമാണെന്നും ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നദിയിൽ വീണ് ആളുകൾ അപകടത്തിൽപ്പെടുന്നതു തടയാൻ വിവിധ സ്ഥലങ്ങളിൽ 30 ബോട്ടുകൾ തയാറാക്കി നിർത്തിയിട്ടുണ്ട്. പൊലീസ് ഉൾപ്പെടെയുള്ള സേനാംഗങ്ങളും ജാഗ്രതയിലാണ്.നഗരത്തിന്റെ പല ഭാഗങ്ങളിലായി 2,120 താൽക്കാലിക ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷണം, വെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. 

കുട്ടികളെ നദിക്കരയിലേക്കു വിടരുതെന്നും നദിയിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ വൈകിട്ട് 6 മണിയോടെയാണു ജലനിരപ്പ് അപകടനിലയായ 205.33 മീറ്ററിനു മുകളിലായത്. ജലനിരപ്പു വീണ്ടും ഉയരുകയാണ്. കനത്ത മഴയെ തുടർന്ന് ഹരിയാനയിലെ ഹാത്‍നി കുണ്ഡ് ബറാജിൽ നിന്നു കഴിഞ്ഞ ദിവസം 8.28 ലക്ഷം ക്യൂസെക്സ് ജലം തുറന്നുവിട്ടതോടെയാണ് യമുനയിൽ ജലനിരപ്പ് വൻതോതിൽ ഉയർന്നത്. ഇന്നലെ വൈകിട്ട് 1.43 ലക്ഷം ക്യൂസെക്സ് ജലം കൂടി തുറന്നുവിട്ടതോടെ കൂടുതൽ വെള്ളം യമുനയിലേക്ക് ഒഴുകിയെത്തും. നദിയിൽ അതിശക്തമായ ഒഴുക്കുണ്ട്. ഡൽഹിയിലെ 6 ജില്ലകളിലൂടെയാണ് യമുനാ നദി ഒഴുകുന്നത്.

മഴ: ഹിമാചലിൽ മരണം 25; ഉത്തരാഖണ്ഡിൽ 10

Flood
ജമ്മുവിനടുത്തു താവി നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ വ്യോമസേന എയർലിഫ്റ്റ് ചെയ്യുന്നതിനിടെ കയർ പൊട്ടിയപ്പോൾ. കുത്തിയൊഴുകുന്ന നദിയിൽ വീണ ഇവർ പിന്നീടു നീന്തി കരയിലെത്തുമ്പോഴേക്കും സേന രക്ഷിച്ചു. ചിത്രങ്ങൾ: പിടിഐ, എപി

ഹിമാചൽപ്രദേശിൽ പേമാരിയിൽ 3 ജീവൻ കൂടി പൊലിഞ്ഞതോടെ ആകെ മരണം 25 ആയി. പ്രളയവും മണ്ണിടിച്ചിലും മൂലം അഞ്ഞൂറോളം പേർ കുടുങ്ങിക്കിടക്കുകയാണ്. 574 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ വക്താവ് പറഞ്ഞു. 24 മണിക്കൂർ കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പു പ്രവചനം. മഴയിൽ ഉത്തരാഖണ്ഡിൽ 10 പേർ മരിച്ചു. ഉത്തരകാശി ജില്ലയിൽ ഒട്ടേറെപ്പേരെ കാണാതായി. ഹരിദ്വാറിലും ഋഷികേശിലും ഗംഗാ നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തി.

യമുനാ നദിയിൽ ജലനിരപ്പ് അപകടനില കടന്നതോടെ ഡൽഹിയിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണു ജലനിരപ്പ് അപകടനിലയായ 205.33 മീറ്ററിനു മുകളിലായത്. തമിഴ്നാട്ടിലെ 11 ജില്ലകളിൽ മിതമായ തോതിൽ മഴ തുടരുകയാണ്.

കശ്മീരിലെ താവി നദിയിൽ കുടുങ്ങിയ 4 മത്സ്യത്തൊഴിലാളികളെ വ്യോമസേന രക്ഷിച്ചു. നിർമാണം പുരോഗമിക്കുന്ന പാലത്തിന്റെ കൽക്കെട്ടിൽ അഭയം തേടിയ ഇവരെ ഹെലികോപ്റ്ററിലാണു രക്ഷിച്ചത്.പഞ്ചാബിലെ പ്രളയബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് 100 കോടി രൂപ മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com