ADVERTISEMENT

ഫയര്‍ ക്ലൗഡ് എന്നാല്‍ തീ മേഘങ്ങള്‍ എന്നാണ് മലയാള വിവര്‍ത്തനം. പേര് സൂചിപ്പിക്കുന്നത് പോലെ തീയുമായി നേരിട്ടു ബന്ധമുള്ളവയാണ് ഈ മേഘങ്ങള്‍. അത്യപൂര്‍വമായി മാത്രം രൂപപ്പെടാറുള്ള ഈ മേഘങ്ങളുടെ ദൃശ്യം ആകാശത്ത് നിന്ന് ഇതാദ്യമായി ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ് നാസയിലെ ഗവേഷകര്‍. സയന്‍സ് ഫിക്ഷന്‍ സിനിമകളിലും മറ്റും കാണുന്ന മറ്റേതോ ഗ്രഹത്തില്‍ നിന്നുള്ള ദൃശ്യമാണെന്ന പ്രതീതിയാണ് ഈ ചിത്രം നല്‍കുന്നത്.

പൈറോക്യൂമുലോനിംബസ് എന്ന തീ മേഘങ്ങള്‍

വാഷിങ്ടണിൽ കഴിഞ്ഞ ദിവസങ്ങളില്‍ പടര്‍ന്ന കാട്ടുതീ വന്‍ നാശനഷ്ടമുണ്ടാക്കിയിരുന്നു. ഭൂമിയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം കൂടാതെ കാട്ടുതീ ആകാശത്തും ചില മാറ്റങ്ങളുണ്ടാക്കാറുണ്ട്. കാട്ടുതീ സൃഷ്ടിക്കുന്ന വലിയ അളവിലുള്ള പുകപടലങ്ങളാണ് ആകാശത്തെ മാറ്റങ്ങള്‍ക്കു കാരണം. ഈ പുകപടലങ്ങള്‍ തന്നെയാണ് ക്രമേണ പൈറോക്യൂമുലോനിംബസ് എന്ന് വിളിക്കുന്ന ഫയര്‍ക്ലൗഡ് അഥവാ തീ മേഘങ്ങള്‍ക്കു കാരണമാകുന്നതും.

വില്ല്യം ഫ്ലാറ്റ് വൈല്‍ഡ് ഫയര്‍ എന്നാണ് വാഷിങ്ടണില്‍ ഉണ്ടായ കാട്ടുതീയുടെ പേര്. ഈ കാട്ടുതീയെക്കുറിച്ച് അന്വേഷിക്കുന്നതിനായാണ് നാസയും, നാഷണല്‍ ഓഷ്യാനിക് അറ്റ്മോസ്ഫിയറിക് ഏജന്‍സിയും പഠനം നടത്തിയത്. ഈ പഠനത്തിനിടയിലാണ് അപ്രതീക്ഷിതമായി തീ മേഘങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. 

കാട്ടുിതീ ഭൂമിയില്‍ നിന്ന് വലിയ തോതില്‍ ഈര്‍പ്പവും ചൂടും ഉയരുന്നതിന് കാരണമാകുകയും ഇത് അന്തരീക്ഷത്തിന്‍റെ ഉയര്‍ന്ന പാളികളിലെത്തി ക്രമേണ മേഘങ്ങള്‍ രൂപപ്പെട്ട് മഴയായി പെയ്യുകയും ചെയ്യും. ഇങ്ങനെ രൂപപ്പെടുന്ന മേഘങ്ങളെയാണ് തീ മേഘങ്ങള്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ എല്ലായ്പോഴും കാട്ടുതീ ഉണ്ടാകുമ്പോള്‍ ഈ മേഘങ്ങള്‍ രൂപപ്പെടണമെന്നില്ല. ഇതിനു മറ്റ് ചില അന്തരീക്ഷ ഘടകങ്ങളും അന്തരീക്ഷത്തിന്‍റെ ഉയര്‍ന്ന മേഘലയിലെ താപനിലയും അനുകൂലമാകണമെന്ന് ഗവേഷകനായ ഡേവിഡ് പീറ്റേഴ്സണ്‍ പറയുന്നു. വളരെ അപൂര്‍വം സന്ദര്‍ഭങ്ങളിലാണ് ഈ സാഹചര്യങ്ങള്‍ ഒത്തുവരിക. വാഷിങ്ടണിലെ തീ മേഘത്തിന് കാരണമായത് ഇത്തരത്തില്‍ ഒരു സന്ദര്‍ഭമാണ്.

ഫയര്‍എക്സ് എക്യൂ സ്മോക് റിസേര്‍ച്ച് പദ്ധതിയുടെ ഭാഗമായിട്ടാണ് ഗവേഷണ ഏജന്‍സികള്‍ ആകാശ നിരീക്ഷണം നടത്തിയത്. ഇതിനിടയിലാണ് ഡ്രോണ്‍ ഉപയോഗിച്ച് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതും. അമേരിക്കയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മഴയ്ക്ക് കാരണമായ ഏക ഫയര്‍ക്ലൗഡാണ് വാഷിങ്ടണിനു മുകളില്‍ രൂപപ്പെട്ടതെന്ന് ഗവേഷകര്‍ പറഞ്ഞു. അമേരിക്കയില്‍ തുടരുന്ന കൊടും ചൂടു തന്നെയാണ് കാട്ടുതീക്കും ഫയര്‍ ക്ലൗഡിനും കാരണമായത്. അതുകൊണ്ട് തന്നെ ഫയര്‍ക്ലൗഡ് നിരീക്ഷിക്കാന്‍ ലഭിച്ച അവസരം സന്തോഷിപ്പിക്കുന്നു എങ്കിലും അതിലേക്ക് നയിച്ച കാര്യങ്ങള്‍ ഒട്ടും ശുഭകരമല്ലെന്നും ഗവേഷകര്‍ ഓർമിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com