sections
MORE

ഉടമ കാട്ടിലൊളിപ്പിച്ച ആനയ്ക്ക് ഒടുവിൽ വിലങ്ങ് വീണു; ത്രില്ലടിപ്പിച്ച് കാട്ടാനയും പൊലീസും കളി..!

Elephant Lakshmi
കസ്റ്റഡി എഴുന്നള്ളിപ്പ്: വ്യാപക തിരച്ചിലിനൊടുവിൽ കണ്ടെത്തി, ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ലക്ഷ്മി എന്ന ആനയെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ. ചിത്രം: പിടിഐ
SHARE

വനവാസത്തിനൊടുവിൽ ലക്ഷ്മി ആന ഡൽഹി പൊലീസിന്റെ കസ്റ്റഡിയിൽ. കഴിഞ്ഞ രണ്ടുമാസമായി ‘അപ്രത്യക്ഷയായിരുന്ന’ ആനയെ ഇന്നലെ പുലർച്ചെയോടെ യമുനാ നദിക്കരയിലെ ഖാദർ എന്ന സ്ഥലത്തു നിന്നാണു പൊലീസ് കണ്ടെത്തിയത്.ഒപ്പമുണ്ടായിരുന്ന പാപ്പാനെയും കസ്റ്റഡിയിലെടുത്തു. ആനയെ ഹരിയാനയിലുള്ള പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റും. ഇതോടെ രണ്ടുമാസമായി തുടരുന്ന ദുരൂഹതയ്ക്കും അവസാനമായി.‌

‌ഷക്കർപുരിലെ യൂസഫ് അലിയുടെ ഉടമസ്ഥതയിലുള്ളതാണു 47 വയസ്സുള്ള ലക്ഷ്മി ആന. പ്രായാധിക്യം കാരണം അവശത അനുഭവിക്കുന്ന ആനയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി വനംവകുപ്പ് രംഗത്ത് എത്തിയതോടെയാണു തർക്കം തുടങ്ങുന്നത്. പരിപാലിക്കുന്നതിനുള്ള സൗകര്യങ്ങളൊന്നും ഇല്ലെന്നാരോപിച്ചു കഴിഞ്ഞ ഫെബ്രുവരിയിൽ ആനയെ ഏറ്റെടുക്കാനുള്ള നോട്ടിസ് വനംവകുപ്പ് പുറപ്പെടുവിച്ചു. ഇതിനെതിരെ ഉടമ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷം മാത്രമേ ആനയെ ഏറ്റെടുക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു.‌

‌ഇതിനിടെ, ഹരിയാനയിലെ വൻ സന്തൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് ലക്ഷ്മിയെ മാറ്റാൻ അനുമതി ലഭിച്ച വനംവകുപ്പ്, കഴിഞ്ഞ ജൂലൈ 6നു അക്ഷർധാമിനു സമീപം യമുനാ നദിക്കരയിൽ തളച്ചിരുന്ന ആനയെ കൊണ്ടുപോകാനെത്തി. ആനയുടമയും ബന്ധുക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരെ തടയുകയും ആക്രമിക്കുകയും ചെയ്തതോടെ ഏറ്റെടുക്കാനുള്ള നീക്കം പാളി. മാത്രമല്ല, അക്ഷർധാമിനു സമീപത്തുള്ള വനത്തിലേക്ക് ആനയുമായി ഉടമ അപ്രത്യക്ഷനാവുകയും ചെയ്തു. കാണാതായ ആനയെ കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്നു പിന്നീട് വനംവകുപ്പ്. കഴിഞ്ഞ ഓഗസ്റ്റിൽ ആനയെ കണ്ടെത്താനായി എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രത പ്രഖ്യാപിക്കുകയും ചെയ്തു. ആനയെ നേപ്പാളിലേക്ക് കടത്തിയതായും സംശയമുണ്ടായിരുന്നു. എന്നാൽ, നഗരത്തിൽ തന്നെയുള്ള വനമേഖലയിലാണ് ആനയെ ഒളിപ്പിച്ചിരിക്കുന്നതെന്ന സൂചനയുണ്ടായിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല.‌

‌ഇതിനിടെയാണു കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ലക്ഷ്മിയെ കണ്ടെന്ന സൂചന മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതോടെ യമുനാ നദിക്കരയിലെ വനപ്രദേശങ്ങളിൽ ഉൾപ്പെടെ പരിശോധനയ്ക്കു 12 അംഗങ്ങൾ വീതമുള്ള 3 സംഘങ്ങളെ വനംവകുപ്പ് നിയോഗിച്ചു. പൊലീസിനും ജാഗ്രതാ നിർദേശം നൽകി.‌

‌ഇന്നലെ പുലർച്ചെയോടെ ഷക്കർപുർ പൊലീസ് നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. തുടർന്ന് ആനയെയും പാപ്പാൻ സദ്ദാമിനെയും കസ്റ്റഡിയിലെടുത്ത പൊലീസ് ആനയെ ഷക്കർപൂർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. സ്റ്റേഷനിലെത്തിയ ആന തുടക്കത്തിൽ ഇടഞ്ഞെങ്കിലും പിന്നീട് അനുസരണയോടെ പെരുമാറിയതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (ഈസ്റ്റ്) ജസ്മീത് സിങ് പറഞ്ഞു.‌

‌ആനയെ കുളിപ്പിക്കാനും പ്രഭാത ഭക്ഷണം നൽകാനും പൊലീസ് സൗകര്യമൊരുക്കി. സ്റ്റേഷനു സമീപമാണു ആനയെ തളച്ചിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത പാപ്പാനു തന്നെയാണ് ആനയുടെ സംരക്ഷണ ചുമതല. ആനയുടമ യൂസഫ് അലി, മകൻ എന്നിവർ ഒളിവിലാണ്.

 ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. വനത്തിൽ ഒളിപ്പിച്ച സമയത്തും വിവാഹങ്ങൾ, മതപരമായ ചടങ്ങുകൾ തുടങ്ങിയവയ്ക്ക് ആനയെ വാടകയ്ക്കു നൽകിയിരുന്നു എന്നാണു സൂചന. നഗരത്തിൽ പല സ്ഥലത്തും ആന പ്രത്യക്ഷപ്പെട്ടിട്ടും തങ്ങൾ അറിഞ്ഞില്ലെന്നാണു പൊലീസും വനംവകുപ്പും പറയുന്നത്.‌

ത്രില്ലടിപ്പിച്ച്  കാട്ടാനയും പൊലീസും കളി..!

ഹരിയാനയിലെ വൻ സന്തൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് ലക്ഷ്മിയെ മാറ്റാൻ അനുമതി ലഭിച്ച വനംവകുപ്പ്, കഴിഞ്ഞ ജൂലൈ 6നു അക്ഷർധാമിനു സമീപം യമുനാ നദിക്കരയിൽ തളച്ചിരുന്ന ആനയെ കൊണ്ടുപോകാനെത്തി. ആനയുടമയും ബന്ധുക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരെ തടയുകയും ആക്രമിക്കുകയും ചെയ്തതോടെ ഏറ്റെടുക്കാനുള്ള നീക്കം പാളി. മാത്രമല്ല, അക്ഷർധാമിനു സമീപത്തുള്ള വനത്തിലേക്ക് ആനയുമായി ഉടമ അപ്രത്യക്ഷനാവുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA