ADVERTISEMENT

നാലു മാസത്തെ മഴക്കാലം ഇന്നു തീരും, എന്നാൽ മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം. ജൂൺ ഒന്നിന് ആരംഭിച്ച മഴ ലക്ഷദ്വീപ് മുതൽ പശ്ചിമ രാജസ്ഥാനിലെ ഗംഗാനഗർ വരെ സഞ്ചരിച്ച് സെപ്റ്റംബർ ഒന്നിനു പിൻവാങ്ങൽ തുടങ്ങേണ്ടതായിരുന്നു.

എന്നാൽ അതുണ്ടായില്ല. രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇപ്പോഴും കാലവർഷം സജീവമാണ്. പലയിടത്തും പ്രളയക്കെടുതിയും. ന്യൂനമർദത്തെ തുടർന്നുള്ള ഈ മഴ ഒക്ടോബർ 5 വരെ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മേധാവി മൃത്യുജ്ഞയ് മഹാപാത്ര പറഞ്ഞു. കാലാവസ്ഥാ വിഭാഗം 1960 ൽ കണക്കുകൾ സൂക്ഷിച്ചു തുടങ്ങിയശേഷം ഏറ്റവും നീണ്ട മഴക്കാലമായിരുന്നു ഇക്കൊല്ലത്തേതെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിൽ കാലവർഷത്തിന്റെപിന്മാറ്റം വൈകുന്നത് അരനൂറ്റാണ്ടിനു ശേഷം

രാജ്യത്തുനിന്നു കാലവർഷം പിൻവാങ്ങി തുടങ്ങുന്നത് 60 വർഷത്തിനിടെ ആദ്യമായി ഒക്ടോബറിലേക്കു നീളുന്നു. സെപ്റ്റംബർ 15നകം സാധാരണ പിൻവാങ്ങാറുള്ള മഴയാണ് രാജസ്ഥാന്റെ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുന്നത്. രാജ്യത്ത് അവസാനം കാലവർഷം എത്തുന്നതും ആദ്യം പിൻവാങ്ങുന്നതും പടിഞ്ഞാറൻ രാജസ്ഥാനിലാണ്.

ഓഗസ്റ്റ് 31 കഴിഞ്ഞാൽ ഏതു സമയവും കാലവർഷം നിലയ്ക്കുന്നതാണു സംസ്ഥാനത്തു കണ്ടുവരുന്നത്. എന്നാൽ ഇത്തവണ പതിവുതെറ്റി. കഴിഞ്ഞ വർഷത്തേക്കാൾ 42.6% മഴ ഇതിനകം അധികമായി ലഭിച്ചു. 752.26 മില്ലിമീറ്റർ മഴയാണ് ഇതേവരെ ലഭിച്ചിരിക്കുന്നത്. 

കഴിഞ്ഞ 60 വർഷത്തിനിടയിൽ 3 തവണ മാത്രമാണ് 700 മില്ലിമീറ്ററിലേറെ മഴ കിട്ടുന്നത്.അതേസമയം, കാലവർഷം പിൻമാറ്റത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയെന്നും ഒക്ടോബർ ആദ്യ ആഴ്ചയോടെ പൂർണമായി പിൻവാങ്ങിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Flood
കനത്ത മഴയിൽ മുങ്ങിയ ബിഹാറിലെ പട്നയിൽ ട്രാക്ടറിൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു. ചിത്രം:പിടിഐ

പട്ന നഗരം തടാകംപോലെ

ഉത്തരേന്ത്യയിൽ മഴയോടനുബന്ധിച്ച് കഴിഞ്ഞ 4 ദിവസങ്ങളിലായി 124 പേർ മരിച്ചു. യുപിയിൽ മാത്രം 93 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ശനിയാഴ്ച ഇവിടെ 25 പേർ മരിച്ചു. ബിഹാറിലെ പല ജില്ലകളും വെള്ളത്തിനടിയിലാണ്.  പട്ന നഗരം തടാകംപോലെയായി. കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രം ഉയർന്നുകാണാം. ഇവിടെ 48 മണിക്കൂറിനുള്ളിൽ 13 പേർ മരിച്ചു.  സംയമനത്തോടെ സ്ഥിതിവിശേഷം കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. കഴിയുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ രാജ്കോട്ടിൽ കാർ ഒഴുകിപ്പോയതിനെ തുടർന്ന് 3 സ്ത്രീകൾ മരിച്ചു. മഴയിൽ ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 13 പേർ മരിച്ചു. കനത്ത മഴയെ തുടർന്ന് ജാർഖണ്ഡിലെ ഗുംല ജില്ലയിൽ ഇന്നലെ നടത്താനിരുന്ന സന്ദർശന പരിപാടി രാഷ്ട്രപതി റാം നാഥ് കോവിന്ദ് റദ്ദാക്കി.

ഇതിനിടെ, മഹാരാഷ്ട്രയിലെ പുണെ ജില്ലയിൽ മരണസംഖ്യ 22 ആയി. കാണാതായ 4 പേർക്കായി തിരച്ചിൽ തുടരുകയാണെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. പുണെ മേഖലയിൽ ഒരാഴ്ചയോളം ചെറിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com