ADVERTISEMENT

കനത്ത മഴയിൽ മുങ്ങി കേരളം. വില്ലനായി ഇടിമിന്നലും. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

Lightning

മേഘങ്ങളിൽ നടക്കുന്ന വൈദ്യുതി ചാർജുകളുടെ പ്രവാഹമാണു മിന്നൽ എന്നു ശാസ്‌ത്രീയമായി പറയാം. അല്ലെങ്കിൽ മേഘങ്ങളുടെ ഘർഷണത്തിൽ നിന്നുണ്ടാകുന്നതാണു മിന്നൽ. ഈ വൈദ്യുതിപ്രവാഹത്തിന്റെ ഫലമായി ഇടിയുമുണ്ടാകുന്നു. മിന്നലിനെ ശാസ്‌ത്രീയമായി രണ്ടായി വേർതിരിച്ചിട്ടുണ്ട്. മേഘങ്ങൾക്കിടയിൽ സംഭവിക്കുന്നതും മേഘത്തിനും ഭൂമിക്കുമിടയിൽ സംഭവിക്കുന്നതും. വൈദ്യുതിപ്രവാഹം മേഘങ്ങൾക്കിടയിൽ പ്രവഹിക്കുന്നതു നമുക്കു ദോഷം ചെയ്യില്ല. എന്നാൽ മേഘങ്ങളിൽ നിന്ന് ഈ പ്രവാഹം ഭൂമിയിലേക്കാണു സഞ്ചരിക്കുന്നതെങ്കിൽ അപകടഭീഷണിയുണ്ടാകുന്നു.

ഭൂമിയുടെ പ്രതലത്തിൽ നിന്ന് ഉയർന്നു നിൽക്കുന്ന വസ്‌തുക്കളിൽ മിന്നലേൽക്കാൻ സാധ്യത കൂടുതലാണെന്നതാണ് അപകടഭീഷണിയുണ്ടാക്കുന്നത്. മനുഷ്യനും മൃഗങ്ങൾക്കും ജീവഹാനി വരെ വരുത്തി വയ്‌ക്കുന്നതാണു മിന്നൽ. മരങ്ങൾ, കെട്ടിടങ്ങൾ, വൈദ്യുതോപകരണങ്ങൾ തുടങ്ങിയവയുടെ നാശത്തിനും ഇവ കാരണമാകുന്നു. അമിതമായ വൈദ്യുതി പ്രവാഹമാണു മിന്നലിനെ വിനാശകാരിയാക്കുന്നത്. 

ചരിത്ര ചാലകം

മിന്നലിന്റെ അപകടഭീഷണിയൊഴിവാക്കാൻ നമുക്കു മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയും. ശാസ്‌ത്രത്തിന്റെ വളർച്ചയിൽ മിന്നലിൽ നിന്നു രക്ഷനേടാനുള്ള ഉപകരണങ്ങളെ കുറിച്ചു വിശദമായ പഠനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. കെട്ടിടത്തിനു മുകളിൽ ഇന്ന് ഉപയോഗിക്കുന്ന മിന്നൽരക്ഷാ ചാലകങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപു ഫലപ്രദമായി ഉപയോഗിച്ചിരുന്നവയാണെന്നാണു നിഗമനം.

സാധാരണയായി കെട്ടിടങ്ങളുടെ ഏറ്റവും ഉയർന്ന ഭാഗത്താണ് മിന്നൽ രക്ഷാചാലകം സ്ഥാപിക്കുന്നത്. അറ്റം കൂർപ്പിച്ച ഒരു കമ്പിയാണിത് .ഇത് നല്ല കനമുള്ള ചെമ്പുതകിടുമായി ഭൂമിയുമായി ബന്ധിപ്പിച്ചിരിക്കും. ഉയർന്ന ഭാഗത്തുണ്ടാകുന്ന മിന്നലിൽ നിന്നു വൈദ്യുതി പെട്ടെന്ന് ഭുമിയിലേക്ക് ധാരയായി പ്രവഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം ഈ ചാലകങ്ങളിൽ പതിക്കുന്ന മിന്നലിന്റെ ഊർജം എർത്തിങ് സംവിധാനം വഴി പുറത്തേക്കു പ്രവഹിക്കുന്നതു വഴിയാണു കെട്ടിടങ്ങളും മറ്റും സുരക്ഷിതമാകുന്നത്.

Lightning

മിന്നലിനെ അറിയാം

ഏതുസമയത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 100 ഇടിമിന്നലെങ്കിലുമുണ്ടാകുന്നു. അതായതു ദിവസം എട്ടുലക്ഷത്തിലധികം മിന്നലുണ്ടാകുന്നുണ്ട്. ‌

‌‌. ഒരു മിന്നലിന്റെ നീളം ചുരുങ്ങിയത് ആറു കിലോമീറ്ററുണ്ടായിരിക്കും. ‌

‌‌. മിന്നലിനു സൂര്യന്റെ ഉപരിതലത്തേക്കാൾ അഞ്ചുമടങ്ങ് അധികം ചൂടുണ്ട്. ‌

‌‌‌. ആറോ ഏഴോ ഉപശാഖകളിൽ നിന്നാണു വലിയൊരു മിന്നൽ രൂപപ്പെടുന്നത്. ‌

‌‌. മൂന്നു മുതൽ ആറു മില്ലിസെക്കൻഡ് വരെയാണു മിന്നലിന്റെ ശരാശരി ദൈർഘ്യം ‌

‌‌. പെരുവിരലിനോളം വണ്ണമുള്ള ശാഖകളിലൂടെയാണു മിന്നലിൽ വൈദ്യുതി പ്രവഹിക്കുന്നത്. ‌

‌‌‌. ശക്‌തിയായ ഒരു മിന്നലിൽ നിന്നുണ്ടാകുന്ന വെളിച്ചം ഒരുകോടി 100 വാട്ട് ബൾബുകൾ ഒരുമിച്ചു പ്രകാശിപ്പിക്കുന്നതിനേക്കാൾ അധികമാണ്. ‌‌‌. ഭൂമിയിലേക്കു പതിക്കുന്നതിന്റെ മുപ്പതിരട്ടിയോളം മിന്നലുകൾ മേഘങ്ങൾക്കിടയിലാണു സംഭവിക്കുന്നത്. ‌

‌‌. ഭൂമിയിൽ ജീവനുണ്ടാകാനുള്ള സാധ്യതയുണ്ടാക്കിയതു മിന്നലുകളാണെന്നു ശാസ്‌ത്രം വിലയിരുത്തുന്നു. ‌

‌‌. ധ്രുവങ്ങളിൽ ഒരിക്കലും മിന്നൽ ഉണ്ടാകാറില്ല. ‌

‌‌. വിദേശങ്ങളിൽ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന മിന്നൽ രക്ഷാചാലകങ്ങൾക്കു മൂന്നുകിലോമീറ്ററോളം പരിധിയിലുള്ള മിന്നലുകൾ പിടിച്ചെടുക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com