sections
MORE

കുറുമ്പു കാട്ടി കുട്ടിയാനകൾ; കാണികളില്‍ വിസ്മയമുണര്‍ത്തി ആനപരേഡ്: വിഡിയോ

Anayoottu at Kottoor
SHARE

തിരുവനന്തപുരം കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലെ ഗജദിനം വ്യത്യസ്തമാക്കി വനം വകുപ്പ്. ആനയൂട്ട് കാണാന്‍ വിദേശികളുള്‍പ്പടെ വന്‍ജനാവലിയാണ് തലസ്ഥാനത്തെത്തിച്ചേര്‍ന്നത്. കാണികളില്‍ വിസ്മയമുണര്‍ത്തി ആനപരേഡും അരങ്ങേറി. രാജ്കുമാറും അര്‍ജുനനും സോമനും ജയശ്രീയുമെല്ലാം കുളിച്ചൊരുങ്ങി. എല്ലാ ദിവസവും രാവിലെ കുളി പതിവാണെങ്കിലും ഈ ദിവസത്തിന്‍റെ പ്രത്യേകതയനുസരിച്ച് തന്നെ ഒരുക്കം. പിന്നെ ഒാരോരുത്തരായി കാഴ്ച്ചക്കാരുടെ മുന്നില്‍ അണി നിരന്നു. കുളിക്കു ശേഷം കൂട്ടിലും വനത്തിലും പോകണ്ട. സഞ്ചാരികൾക്കു മുന്നിൽ മസ്തകം കുലുക്കി നിന്നാൽ മതി.  2മാസം പ്രായമുള്ള വർഷ മുതൽ തലയെടുപ്പുള്ള 81 കാരൻ സോമൻ ഇവിടെയുണ്ടായിരുന്നു. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചാണ് ആനകൾക്ക് വേണ്ടി ഒരു ദിനം വനം വകുപ്പ് മാറ്റിവച്ചത്.

17 ആനകൾ കേന്ദ്രത്തിലുണ്ട്. ഒരു മാസം മുൻപെത്തിയ വർഷയാണ് ജൂനിയർ. 2 മാസം മുതൽ 6വയസുവരെ പ്രായമുള്ള 6 കുസൃതിക്കുട്ടികളാണ് പ്രധാന ആകർഷണം. തലയെടു പ്പുള്ള കുറുമ്പുകാരൻ റാണയും,കൊമ്പില്ലാത്ത മോഴയാന രാജ് കുാറും 81 കാരൻ സൗമ്യനായ സോമനുമുൾപ്പെടെ മുതിർന്ന 11 എണ്ണം വേറെയുമുണ്ട്. ഇത്തിരി കുറുമ്പോടെ കുട്ടി ആനകളായ മനുവും പൂര്‍ണ്ണയും കണ്ണനും മായയും മുന്നില്‍ തന്നെയുണ്ട്. വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികള്‍ മൊബൈലുകളും ക്യാമറകളുമായി കരിവീരന്‍മാരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ തിക്കിതിരക്കി. 

സാധാരണയായി ചോറും മുതിരയും ശര്‍ക്കരയും പയറും ചേര്‍ത്ത് ഉരുളയാക്കിയാണ് നല്‍കിയിരുന്നതെങ്കില്‍ ഇൗ ദിവസത്തെ മെനുവിലും മാറ്റമുണ്ട്. ഗജദിനം പ്രമാണിച്ച് തണ്ണിമത്തനും പപ്പായയും ആപ്പിളും പഴവുമെല്ലാമായി ഭക്ഷണം കുശാല്‍. കാഴ്ച്ചക്കാര്‍ക്കും ആനകള്‍ക്ക് ഭക്ഷണം കൊടുക്കാം.വഴുതക്കാട് കാഴ്ച്ചപരിമിതര്‍ക്കായുള്ള സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഗജദിനത്തില്‍ കോട്ടുരെത്തിയ വി.െഎ.പികള്‍. .ഗജയാത്രയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി.

കേരളത്തിലെ ഏക ആന പരിപാലന കേന്ദ്രമാണ് കോട്ടൂരിലേത്. 2006ലാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. 2003ൽ എത്തിയ അമ്മുവും മിന്നയുമാണ് ഇവിടത്തെ ആദ്യ അന്തേവാസികൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അപകടത്തിൽപെട്ടതും നിയമവിരുദ്ധമായി കൈവശം വച്ചതും, കാട്ടിൽ ഒറ്റപ്പെട്ടു   പോകുന്ന കുട്ടിയാനകളും മറ്റുമാണ് കോട്ടൂരിലെ പരിപാലന കേന്ദ്രത്തിലെത്തുന്നത്. 172 ഹെക്ടറിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.  ഒരോ ആനയ്ക്കും 2 പാപ്പാൻമാരുണ്ട്.ഡോക്ടർ സേവനവും ലഭ്യമാണ്.

ശനി,ഞായർ ദിവസങ്ങളിൽ ആനകൾക്കു പരേഡുമുണ്ട്. മുന്നിൽ പോകുന്ന ‘കമാൻഡ’റായ ആനയുടെ വാലിൽ തുമ്പി കൈകൊണ്ട് പിടിച്ച് കേന്ദ്രത്തിലെ മുഴുവൻ ആനകളും ഒന്നിന് പുറകേ ഒന്നായി 1 കി.മി.ദൂരം നടക്കുന്നതാണ് ആന പരേഡ്. കുട്ടിയാനകളുടെ കുറുമ്പും കൗതുക കാഴ്ചകളുമൊക്കെയായി അഗസ്ത്യവന താഴ്‌വരയിലെ ആന പരിപാലന കേന്ദ്രം സ്വദേശികളുടെയും വിദേശികളുമായ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA