ADVERTISEMENT

യുഎസിലെ വിവിധ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ അസാധാരണമായ ഒരു പ്രതിസന്ധി നേരിടുകയാണ്. ഒരു കൂട്ടം മാനുകളെ സംസ്ഥാനത്തിനകത്തേക്ക് കടക്കാതെ നോക്കുക എന്നതാണ് ഇവര്‍ നേരിടുന്ന വെല്ലുവിളി. ഈ മാനുകള്‍ വെറും മാനുകളല്ല മറിച്ച് സോംബി മാനുകളാണെന്ന് മാത്രം. ഇത് വരെ തിരിച്ചറിയനാകാത്ത ഏതോ പകര്‍ച്ചവ്യാധിയാണ് ഈ മാനുകളിലെ സോംബി എന്ന് വിളിക്കപ്പെടുന്ന അവസ്ഥയ്ക്ക് കാരണം. 

വേസ്റ്റിങ് ഡിസീസ് എന്ന രോഗം

യുഎസിലെ സോംബി മാനുകള്‍ നരഭോജികളാകുന്നതല്ല പ്രശ്നം മറിച്ച് മനുഷ്യരോടും മറ്റൊന്നിനോടും തന്നെ പേടിയില്ലാതാകുന്നതാണ്. വേസ്റ്റിങ് ഡിസീസ് എന്നതാണ് മാനുകളെ ഈ അവസ്ഥയിലെത്തുന്ന രോഗത്തെ വിളിക്കുന്ന പേര്. യുഎസിലെ 24 സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഈ രോഗബാധിതരായ മാനുകളുണ്ട്. മറ്റ് സംസ്ഥാനങ്ങളാണ് ഇവ തങ്ങളുടെ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാതാരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. 

രോഗം ബാധിച്ച മാനുകള്‍ പെട്ടെന്ന് ക്ഷീണിക്കുകയും, അവയുടെ ശരീരത്തിന്‍റെ ആകൃതി തന്നെ മാറി വികൃതരാക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ രോഗം ബാധിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഈ മാനുകള്‍ ചാകുകയും ചെയ്യും. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഈ അസുഖം ബാധിച്ച മാനുകളെ സോംബികള്‍ എന്നു വിളിക്കാന്‍ കാരണം. അതേസമയം ഒരു മാനില്‍ നിന്ന് എങ്ങനെയാണ് ഈ രോഗം മറ്റ് മാനുകളിലേക്ക് പകരുന്നതെന്ന് കണ്ടെത്തിയിട്ടില്ല. രോഗം ശരീരത്തിലേക്കെത്തിക്കുന്നത് വൈറസോ, പാരസൈറ്റോ അല്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. മാനുകളുടെ ശരീരത്തിലെത്തുന്ന പ്രിയോണ്‍സ് എന്ന അസാധാരണ പ്രോട്ടീന്‍ മറ്റ് പ്രോട്ടീനുകളില്‍ ഉണ്ടാക്കുന്ന മാറ്റമാണ് ഇവയെ ബോധം നഷ്ടപ്പെടുകയും ക്ഷീണിക്കുകയും ചെയ്യുന്ന അവസ്ഥയിലെത്തിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ഭ്രാന്തിപ്പശു രോഗത്തിന് തുല്യം

സാധാരണ കലമാനുകളെ മാത്രമല്ല യുഎസില്‍ കാണപ്പെടുന്ന എല്‍ക്, മൂസ് തുടങ്ങിയ മാന്‍ വർഗങ്ങളിലേക്കും ഈ പകര്‍ച്ചവ്യാധി എത്തുന്നുണ്ട്. പ്രിയോണ്‍സ് പ്രോട്ടീനുകള്‍ ശരീരത്തിലെ സാധാരണ പ്രോട്ടീനുകളില്‍  മാറ്റം വരുത്തുകയാണു ചെയ്യുന്നത്. ഇത് തലച്ചോറിലെ വരെ പ്രോട്ടീനുകളെ ബാധിക്കുന്നു. ഇതോടെ ശരീരത്തിനുണ്ടാകുന്ന ക്ഷീണത്തോടൊപ്പം തന്നെ മാനസിക നിലയും തെറ്റുന്നു. ഒരു കാലത്ത് ഭീതി പടര്‍ത്തിയ കന്നുകാലികളെ ബാധിച്ച മാഡ് കൗ ഡിസീസ് അഥവാ ഭ്രാന്തിപ്പശു രോഗത്തോടാണ് മാനുകളെ ബാധിച്ചിരിക്കുന്ന ഇപ്പോഴത്തെ അസുഖത്തെ ഗവേഷകര്‍ താരതമ്യപ്പെടുത്തുന്നത്.

അതേസമയം ഈ രോഗം മാനുകളില്‍ നിന്ന് സമാന വര്‍ഗത്തിലേക്കല്ലാതെ മറ്റ് ജീവികളിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ രോഗം പടര്‍ത്തുന്ന പ്രോട്ടീനുകള്‍ കന്നുകാലികളെയോ മനുഷ്യരെ ബാധിക്കുമെന്ന് പറയാനായിട്ടില്ല. ഈ രോഗത്തിന് ചികിത്സ നല്‍കുന്നതും അത്ര എളുപ്പമല്ല. കാരണം ഈ രോഗത്തിന്‍റെ ഇൻക്യുബേഷന്‍ പീരിയഡ് എന്നത് ഒരു വര്‍ഷമാണ്. അതായത് ഈ രോഗാണു ഉള്ളില്‍ കടന്ന് ഒരു വര്‍ഷത്തിന് ശേഷം മാത്രമെ രോഗലക്ഷണങ്ങള്‍ പുറത്തു കാണുകയും അവ മൂര്‍ച്ഛിക്കുകയും ചെയ്യൂ. ഇതിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ മിക്ക ജീവികളും മരണമടയുകയും ചെയ്യും.

മാനുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് കടക്കുന്നത് തടയുകയെന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. അതുകൊണ്ട് തന്നെ ഇതു വരെ രോഗം കടന്നു വരാത്ത സംസ്ഥാനങ്ങളെല്ലാം തന്നെ മാനുകളെ വേട്ടയാടുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. കൂടുതല്‍ വേട്ടക്കാരെ സംസ്ഥാനങ്ങളിലേക്കെത്തിക്കാനും നടപടികള്‍ സ്വീകരിച്ചു. ഇതിലൂടെ രോഗലക്ഷണങ്ങളുള്ള മാനുകളെ കണ്ടാല്‍ അവയെ ഇല്ലാതാക്കി മറ്റുള്ള മാനുകളെ രക്ഷിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com