ADVERTISEMENT

നാട്ടിൽ നിന്ന് പിടികൂടി കാട്ടിൽ വിട്ട പുള്ളിപ്പുലി തിരികെ ജനവാസ കേന്ദ്രത്തിലെത്തിയപ്പോൾ വീണ്ടും മയക്കുവെടി വച്ച് കൂട്ടിലാക്കി. കഴിഞ്ഞ 5ന് ബത്തേരി ചെതലയം മാതമംഗലത്തുള്ള ബൊമ്മൻ കോളനിയിൽ നിന്ന് പിടിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നു വിട്ട പുള്ളിപ്പുലിയെയാണ് ഇന്നലെ വീണ്ടും പൊൻകുഴി ഗോത്ര കോളനിയിൽ മയക്കുവെടി വച്ച് പിടികൂടേണ്ടി വന്നത്.

മാതമംഗലത്തെ ജനങ്ങളെയാണ് ഈ പുലി ആദ്യം വിറപ്പിച്ചത്. പിടികൂടുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. വനം വകുപ്പ് ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തു. ഈ മാസം നാലിനാണ് പുലിയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലാക്കിയത്. കാലിന് ചെറിയ പരുക്കുമുണ്ടായിരുന്നു. ചികില്‍സ നല്‍കി ഏഴുവയസുള്ള പുലിയെ പിന്നീട് വയനാട് വന്യജീവി സങ്കേതത്തിലെ ഉള്‍ക്കാട്ടിലേക്ക് തുറന്നുവിട്ടു. എന്നാല്‍ മുത്തങ്ങ പൊന്‍കുഴിയിലെ ജനവാസമേഖലയിലേക്ക് പുലി വീണ്ടും തിരിച്ചെത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പുലിയെ കോളനി മുറ്റത്ത് കാണുന്നത്. നായയെ പിടികൂടി നിൽക്കുന്ന നിലയിലായിരുന്നു പുലി.

തുടർന്ന് മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെ.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പുലിയ നിരീക്ഷിച്ചു. പുലർച്ചെ ഒന്നരയോടെ ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സഖറിയയും സ്ഥലത്തെത്തി. കോളനി മുറ്റത്തു തന്നെ രാത്രി കഴിച്ചു കൂട്ടിയ പുലിയെ പുലർച്ചെ ആറു മണിയോടെ ഡോ. അരുൺ മയക്കു വെടിവച്ച് പിടികൂടുകയായിരുന്നു. വയനാട് വന്യജീവി സങ്കേതം ലാബ് അങ്കണത്തിൽ നിരീക്ഷണത്തിലാണ് പുലി. ഒരു തവണ കാട്ടിൽ വിട്ട് തിരിച്ചു വന്നതിനാൽ വീണ്ടും കാട്ടിൽ തുറന്നു വിട്ടേക്കില്ല. നെയ്യാർ മൃഗശാലയിലേക്ക് നീക്കുന്ന കാര്യമാണ് ഉദ്യോഗസ്ഥർ ആലോചിക്കുന്നത്. മൃഗശാലയിലേക്ക് മാറ്റാനുള്ള നടപടി ആരംഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു.

ഏഴു വയസുള്ള ആൺപുലിയാണ് പിടിയിലായത്. കഴിഞ്ഞ 4 ന് ചെതലയത്ത് റേഞ്ചിന്റെ കീഴിലുള്ള ഇരുളം മാതമംഗലം പ്രദേശത്താണ് ഈ പുലി ആദ്യമെത്തുന്നത്. തുടർന്ന് പടക്കം പൊട്ടിച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും പുലി തിരികെ വന്നു. ഇതിനിടെ നാട്ടുകാരും വനപാലകരും തമ്മിൽ സംഘർഷമുണ്ടായി. എന്നാൽ പ്രദേശത്ത് സ്ഥാപിച്ച കൂട്ടിൽ 5ന് പുലർച്ചെ പുലി കുടുങ്ങി. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന പുലിയ വയനാട് വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നു വിട്ടു. ഈ പുലിയാണ് വീണ്ടും മുത്തങ്ങ റേഞ്ചിന് കീഴിലുള്ള പൊൻകുഴി കോളനിയിലെത്തിയത്.

തുര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്നലെ വീണ്ടും മയക്കുവെടിവെച്ച് കൂട്ടിലാക്കി. നേരത്തെ കാട്ടിലേക്ക് വിട്ട പുലിയാണ് ഇതെന്ന് ആരോപണം അധികൃതര്‍ ആദ്യം നിഷേധിച്ചിരുന്നു. പത്തുദിവസത്തിനിടെ രണ്ടുതവണ മയക്കുവെടിയേറ്റതിന്റെ ആരോഗ്യപ്രശ്നങ്ങള്‍ പുലിക്കുണ്ട്. എന്നാല്‍ കൊടുത്ത ഭക്ഷണം കഴിക്കുന്നുണ്ട്. മൃഗശാലയിലേക്ക് നീക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com