ADVERTISEMENT

ഏകദേശം 900 കിലോഗ്രാം ഭാരം വരുന്ന പാറ. ഒരു സുപ്രഭാതത്തിൽ അതു കാണാതായി. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ തിരികെ വരികയും ചെയ്തു. അതിലെന്താണിപ്പോൾ ഇത്ര വലിയ സംഭവം? പക്ഷേ സംഗതി അൽപം നിഗൂഢജനകമാണ്. യുഎസിലെ അരിസോണയിലായിരുന്നു പാറയുടെ ‘സ്വയം’ അപ്രത്യക്ഷമാകലും തിരിച്ചുവരവും. അവിടുത്തെ പ്രീസ്കോട്ട് ദേശീയോദ്യാനത്തിലെ(പിഎൻഎഫ്) സ്റ്റേറ്റ് റൂട്ട് 89 ലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു പാറക്കല്ല്. കറുത്ത പാറയിൽ വെള്ള ക്വാർട്ട്സ് കൊണ്ട് പ്രകൃതി തന്നെ തീർത്ത വരകളുമായി കാഴ്ചയിലും ഏറെ കൗതുകകരമായിരുന്നു ഇത്. 

ദേശീയോദ്യാനം സന്ദർശിക്കുന്നതിനിടെ പലരും പാറയ്ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്യാറുണ്ട്. വർഷങ്ങളോളം അതു തുടർന്ന് ഒരു ദേശീയ സ്മാരകത്തിന്റെ പദവിക്കു തുല്യമായിരുന്നു അതിന്റെ സ്ഥാനം. അങ്ങനെയിരിക്കെയാണ് ഒക്ടോബർ അവസാനവാരം ഈ പാറക്കല്ല് കാണാതാകുന്നത്. പ്രദേശവാസികളാണ് ആദ്യം കല്ല് കാണാതായതിനെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നത്. ഒരു നിധി പോലെ സംരക്ഷിച്ചു വച്ച കല്ല് കാണാതായ ഞെട്ടലിൽ നിന്നു മോചിതരാകും മുൻപ് ഫോറസ്റ്റ് റേഞ്ചർമാർ അന്വേഷണവും ആരംഭിച്ചു. ഒടുവിൽ പാറക്കല്ല് ‘അപ്രത്യക്ഷമായെന്ന്’ ഒക്ടോബർ 31ന് ഔദ്യോഗികമായിത്തന്നെ ഉദ്യോഗസ്ഥർ അറിയിച്ചു. പക്ഷേ തൊട്ടടുത്ത ദിവസം നോക്കുമ്പോഴുണ്ട്, അതേ സ്ഥാനത്ത്, യാതൊരു പോറലുമേൽക്കാതെയിരിക്കുന്നു നഷ്ടപ്പെട്ടെന്നു കരുതിയ പാറക്കല്ല് എത്തിയിരിക്കുന്നു!

നവംബർ ഒന്നിന് രാവിലെ ഒരു പിഎൻഎഫ് ഉദ്യോഗസ്ഥനാണ് ഇതു കണ്ടെത്തിയത്. പാറക്കല്ല് എങ്ങനെ അവിടെയെത്തി എന്നതിൽ ഇപ്പോഴും അധികൃതർക്ക് ഉത്തരമില്ല. അതോടെ പാറക്കല്ലിന് ഒരു പേരുമിട്ടു– വിസാഡ് റോക്ക് അഥവാ മന്ത്രവാദിപ്പാറ. പാറയുടെ തിരിച്ചുവരവ് മാധ്യമങ്ങളിലെ കൗതുകവാർത്തയുമായി. അതേസമയം തന്നെ ഈ വിഷയം പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച പുതിയ ചർച്ചകള്‍ക്കു തുടക്കമിടുകയും ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി പിഎൻഎഫിലെ പല ഭാഗങ്ങളില്‍ നിന്നും വമ്പൻ പാറക്കഷ്ണങ്ങൾ കാണാതായിരുന്നു. ഇത്രയേറെ വലുപ്പമുള്ള പാറകൾ എങ്ങനെ നീക്കുന്നുവെന്നായിരുന്നു മന്ത്രവാദിപ്പാറയുടെ കാര്യത്തിലും സംശയം. 

എന്നാൽ വനത്തിലെ പല ഭാഗത്തും പലപ്പോഴായി ജെസിബികൾ കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഫോറസ്റ്റ് റേഞ്ചര്‍മാരുടെ നിർദേശ പ്രകാരമുള്ള ജോലി നടക്കുകയാണെന്നു കരുതി പലരും ശ്രദ്ധിക്കാതെ വിടുകയായിരുന്നു പതിവ്. സത്യത്തിൽ അത് പാറകൾ കടത്താനെത്തുന്നവരാണ്. ഇത്തരം സാഹചര്യം നിലനിൽക്കെ, ആരെങ്കിലും മന്ത്രവാദിപ്പാറയ്ക്കു സമീപം ജെസിബിയുമായി വന്നാൽപ്പോലും ആരും സംശയിക്കാത്ത അവസ്ഥയായിരുന്നു. അതുതന്നെയാകാം പാറക്കടത്തിനു പിന്നിൽ സംഭവിച്ചതെന്നും പിഎൻഎഫ് കരുതുന്നു. ഒരു ടൺ വലുപ്പമുള്ള മന്ത്രവാദിപ്പാറയിൽ നിന്നു മാത്രം ഏകദേശം 14,000 രൂപ മൂല്യമുള്ള ധാതുക്കൾ ലഭിക്കുമെന്നാണു വിദഗ്ധർ പറയുന്നത്. അനുമതിയില്ലാതെ ഇത്തരം പാറകൾ കടത്തുന്നത് നിയമവിരുദ്ധവുമാണ്. പിടിക്കപ്പെട്ടാൽ പിഴശിക്ഷയും തടവും വരെ ലഭിക്കാം. 

നേരത്തേ അരിസോണയിലെ തന്നെ ഗ്രാനൈറ്റ് മൗണ്ടൻ ദേശീയോദ്യാനത്തിൽ നിന്നു നഷ്ടപ്പെട്ട ഹൃദയാകൃതിയിലുള്ള കല്ലും ദിവസങ്ങള്‍ക്കകം തിരികെയെത്തിയിരുന്നു. ആ കല്ല് കാണാതായതിന്റെ മാധ്യമ വാർത്തകൾക്കു പിന്നാലെയായിരുന്നു ഒരു കത്ത് സഹിതം തിരിച്ചെത്തിയത്. ഒട്ടേറെ പേർക്ക് പ്രിയപ്പെട്ടതായിരുന്നു കല്ലെന്ന് അറിഞ്ഞില്ലെന്നായിരുന്നു കത്തിൽ. മന്ത്രവാദിപ്പാറയും അത്തരത്തിൽ ആരെങ്കിലും കൊണ്ടുപോയി തിരികെ കൊണ്ടുവന്നതാകാമെന്നാണു കരുതുന്നത്. എന്തായാലും പിഎൻഎഫ് ഉദ്യോഗസ്ഥരും നാട്ടുകാരും സന്തോഷത്തിലാണ്– തങ്ങളുടെ പ്രിയപ്പെട്ട ‘നിധി’ തിരികെയെത്തിയല്ലോ! മന്ത്രവാദിപ്പാറയ്ക്കു കൂടുതൽ സുരക്ഷയൊരുക്കാനും പിഎൻഎഫ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

English Summary: 'Wizard Rock' has magically returned to an Arizona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com