ADVERTISEMENT

വെള്ളത്തിലൊരു കല്ലിട്ടാൽ വൃത്താകൃതിയിൽ തരംഗങ്ങളുണ്ടാകും. കടൽത്തിരമാലകളും അത്തരമൊരു തരംഗമാണ്. ഇത്തരത്തിൽ ദ്രാവകങ്ങളിലുണ്ടാകുന്ന തരംഗങ്ങളെ ഗ്രാവിറ്റി വേവ്സ് എന്നു വിളിക്കും. വെള്ളത്തിന്റെ ചലനത്തിനോ നിശ്ചലാവസ്ഥയ്ക്കോ അനക്കം തട്ടുമ്പോഴാണ് ഇത്തരം തരംഗങ്ങളുണ്ടാകുന്നത്. പക്ഷേ വെള്ളത്തിൽ മാത്രമല്ല അന്തരീക്ഷത്തിലും ഇതു സംഭവിക്കാറുണ്ട്. സമുദ്രത്തിനു തൊട്ടുമുകളിലും ചിലപ്പോഴൊക്കെ ആകാശത്തുമാണ് ഇതു സംഭവിക്കുന്നത്. അതിനാൽത്തന്നെ സാധാരണക്കാർക്കു കാണാനും സാധിക്കാറില്ല. പക്ഷേ കാലാവസ്ഥാ ഉപഗ്രഹങ്ങൾ വന്നതോടെ സ്ഥിതി മാറി.

അടുത്തിടെ പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ ആകാശത്തു പ്രത്യക്ഷപ്പെട്ട ഗ്രാവിറ്റി തരംഗങ്ങളുടെ വിഡിയോ ഒരു കാലാവസ്ഥാ വിദഗ്ധൻ ട്വീറ്റ് ചെയ്തതു വൈറലാവുകയായിരുന്നു. അപൂർവമാണ് ഇത്തരം ദൃശ്യങ്ങൾ. കോറൽ കടലിന്റെ മുകളിൽ രൂപപ്പെട്ട തരംഗങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. ഗ്രാവിറ്റി തരംഗങ്ങളെ പലരും ഗ്രാവിറ്റേഷനൽ തരംഗങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്. ബഹിരാകാശത്തു രണ്ടു തമോഗർത്തങ്ങൾ കൂടിച്ചേരുമ്പോഴോ സൂപ്പർനോവകൾ പൊട്ടിത്തെറിക്കുമ്പോഴോ രൂപപ്പെടുന്നതാണ് ഗ്രാവിറ്റേഷനൽ തരംഗങ്ങള്‍. അവ ഭൂമിക്കു പുറത്താണു സംഭവിക്കുക. ഭൂമിക്കു സമീപം വച്ചാണ് തമോഗർത്തങ്ങൾ കൂട്ടിയിടിച്ച് ഗ്രാവിറ്റേഷനൽ തരംഗങ്ങളുണ്ടാകുന്നതെങ്കില്‍ നമ്മുടെ ഗ്രഹം തന്നെ തകർന്നില്ലാതാകും. 

അത്രയ്ക്കു പ്രശ്നക്കാരനല്ല പക്ഷേ ഗ്രാവിറ്റി തരംഗങ്ങള്‍. അതുണ്ടാകുന്നതാകട്ടെ ഭൂമിയുടെ അന്തരീക്ഷത്തിലും. വായു അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ ഇടയ്ക്കു തടസ്സങ്ങളുണ്ടാകാറുണ്ട്. ഉദാഹരണത്തിന് കാറ്റ് പർവതങ്ങളിൽ ചെന്നിടിക്കുന്നത്. രണ്ടു വ്യത്യസ്ത താപനിലയിലുള്ള വായുഘടകങ്ങൾ കൂട്ടിമുട്ടുമ്പോഴും ഇടയ്ക്ക് ‘അസ്വസ്ഥത’ സൃഷ്ടിക്കപ്പെടാറുണ്ട്. രണ്ടു ഘട്ടത്തിലും വിഷയത്തിൽ ഗുരുത്വാകർഷണബലം കയറി ഇടപെടും. കാരണം അന്തരീക്ഷത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ആ ഇടപെടൽ ആവശ്യമാണ്. ശുക്ര ഗ്രഹത്തിൽ അന്തരീക്ഷത്തിലെ വിവിധ താപനിലയിലുള്ള വായു കൂട്ടിയിടിച്ചു പടുകൂറ്റൻ തരംഗങ്ങളാണ് ഉണ്ടാകാറുള്ളത്. ഭൂമിയിൽ പക്ഷേ അത്രയും പ്രശ്നമില്ല. 

Rarely Seen Gravity Waves

എങ്കിലും അത്തരമൊരു പ്രതിഭാസമാണ് പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ കണ്ടത്. മേഖലയിൽ വമ്പൻ ഇടിയും മിന്നലുമായി ഒരു കൊടുങ്കാറ്റ് രൂപപ്പെട്ടിരുന്നു. അതിൽ നിന്നുള്ള തണുത്ത കാറ്റ് ഭൂമിയുടെ ഉപരിതലത്തോടു ചേർന്നുള്ള ചൂടുവായുവുമായി കൂടിക്കലർന്നതാണു പ്രശ്നമായത്. തണുത്തവായു അടിച്ചു കയറിയതോടെ തരംഗങ്ങളും രൂപപ്പെട്ടു. വായുവിന്റെ ആ ഇടിച്ചു കയറ്റത്തെത്തുടർന്നുണ്ടായ തരംഗങ്ങളുടെ വിഡിയോയാണ് ഉപഗ്രഹങ്ങൾ പകർത്തിയതും. വൈകാതെ തന്നെ അന്തരീക്ഷം സാധാരണ നിലയിലെത്തുകയും ചെയ്തു. 

വടക്കു പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രം വരെ ആകാശത്തെ മേഘങ്ങൾക്കിടയിലൂടെയായിരുന്നു ഗ്രാവിറ്റി തരംഗങ്ങളുടെ സഞ്ചാരം. മേഘങ്ങളിലൂടെയായതിനാലാണ് ഇത്രയും വ്യക്തമായി ചിത്രം പകർത്താനായതും. ഇതു സംഭവിക്കുന്നതും വളരെ അപൂർവമായാണ്. ജാപ്പനീസ് കാലാവസ്ഥാ ഉപഗ്രഹമായ ഹിമവരി–8 ആണ് ഒക്ടോബർ 21ന് ഈ അപൂർവദൃശ്യങ്ങൾ പകർത്തിയത്.

English Summary: Rarely Seen Gravity Waves Captured Rippling in Earth's Atmosphere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com