ADVERTISEMENT

ഭൂമിയിലെ ഏറ്റവും ഓമനത്തമുള്ള ജീവികളിലൊന്നാണ് കോവാലകള്‍. ഓസ്ട്രേലിയയില്‍ മാത്രം കാണപ്പെടുന്ന ഈ ജീവികള്‍ അതീവ സംരക്ഷണമാവശ്യമുള്ള ജീവിവര്‍ഗങ്ങളില്‍ പെട്ടവയാണ്. എന്നാല്‍ അടുത്തിടെ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സ് മേഖലയിലുണ്ടായ കാട്ടുതീയില്‍ കൊല്ലപ്പെട്ടത് നൂറ് കണക്കിനു കോവാലകളാണ്. കോവാലകളുടെ ഏറ്റവും പ്രധാനപ്പെട്ട ആവാസമേഖലയിലാണ് തീപിടുത്തമുണ്ടായത് എന്നതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്.

വടക്കന്‍ ന്യൂസൗത്ത് വെയ്ല്‍സിലെ കുറ്റിക്കാടുകളില്‍ പടര്‍ന്നു പിടിച്ച തീയാണ് കോവാലകളുടെ കൂട്ടക്കൊലയ്ക്ക് കാരണമായത്. ചുരുങ്ങിയത് 350 കോവാലകളെങ്കിലും തീപിടിത്തത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. വന്യജീവി വകുപ്പ് ഇതുവരെ കൃത്യമായ എണ്ണം പുറത്തു വിട്ടിട്ടില്ല. മക്വെയര്‍ തുറമുഖത്തിനു സമീപത്തു നിന്നു പടര്‍ന്നുപിടിച്ച തീയില്‍ ആയിരക്കണക്കിന് ഹെക്ടറാണ് എരിഞ്ഞമര്‍ന്നത്. തീ പടര്‍ന്ന മേഖലയില്‍ കോവാലകള്‍ ഇണ ചേരുന്ന മേഖല കൂടി ഉള്‍പ്പെട്ടതാണ് ഈ ജീവികളുടെ കൂട്ടമരണത്തിന് കാരണമായത്.

തീ പിടിച്ച മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയ അധികൃതര്‍ക്ക് നൂറ് ഏക്കര്‍ മേഖലയില്‍ നിന്ന് ജീവനോടെ കണ്ടെത്താനായത് 2 കോവാലകളെ മാത്രമാണ്. ഇണചേരുന്ന സമയം ആയതിനാലാണ് ഈ മേഖലയില്‍ ഇത്രയധികം കോവാലകള്‍ കൂട്ടത്തോടെ എത്തിയതെന്ന് പോര്‍ട മക്വെയര്‍ മേഖലയിലെ കോവാലകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ആശുപത്രിയിലെ ഡോക്ടര്‍ സ്യൂ ആഷ്ടണ്‍ പറയുന്നു. അഞ്ച് ദിവസത്തോളം തുടര്‍ച്ചയായി മേഖലയില്‍ തീ സജീവമായി നിന്നിരുന്നു. ഇക്കാരണം കൊണ്ടുതന്നെ പ്രദേശത്തെ കോവാലകളില്‍ 60 ശതമാനമെങ്കിലും ചത്തിരിക്കുമെന്നാണ് കണക്കാക്കിയാണ് 350 എന്ന നിഗമനത്തിലെത്തിയത്.

നഗരവൽക്കരണവും വനനശീകരണവും മൂലം വംശനാശ ഭീഷണി നേരിടുന്ന കോവാലകളുടെ നിലനില്‍പ്പിനേറ്റ അപ്രതീക്ഷിത ആഘാതമാണ് ഇപ്പോഴത്തെ തീപിടുത്തം. കോവാലകളുടെ മരണത്തിനൊപ്പം ഇവയുടെ ആവാസവ്യവസ്ഥയിലുണ്ടായിരിക്കുന്ന ആഘാതം അവശേഷിച്ചിരിക്കുന്നവയ്ക്കു കൂടി പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ കോവാലകള്‍ക്കിടയിലെ തന്നെ ജനിതകമായി ഏറെ വ്യത്യസ്തമായ ഘടനയുള്ളവയാണ് പോര്‍ട്ട് മക്വയര്‍ മേഖലയിലെ ഈ ജീവികള്‍. ഇക്കാരണം കൊണ്ടു തന്ന സംഭവിച്ചത് ദേശീയ ദുരന്തമാണെന്നാണണ് ഡോക്ടര്‍ സ്യൂ ആഷ്ടണിന്‍റെ അഭിപ്രായം.

ഒരാഴ്ചയിലേറെ നീണ്ടു നിന്ന ന്യൂസൗത്ത് വെയ്ല്‍സിലെ കാട്ടുതീ ഏതാണ്ട് 2800 ഹെക്ടര്‍ മേഖലയെ നശിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വൈദ്യുത വിതരണം ഉള്‍പ്പടെ വ്യാപകമായി മുടങ്ങാന്‍ ഈ കാട്ടു തീ കാരണമായിരുന്നു. ഉണ്ടായത് ഒരു കാട്ടുതീയല്ലെന്നും ചുരുങ്ങിയത് 44 കാട്ടുതീകളെങ്കിലും പല ഭാഗത്തായി ഉടലെടുത്തതാണ് ഇത്രയധികം വ്യാപകമായ നാശനഷ്ടമുണ്ടാകാന്‍ കാരണമാമെന്നുമാണ് അഗ്നിശമന സേനാ വിഭാഗത്തിന്‍റെ വാദം.

English Summary: Hundreds of koalas feared dead just after NSW

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com