ADVERTISEMENT

പാമ്പുള്ള പ്രദേശം; സൂക്ഷിക്കുക...’ എന്ന് എവിടെയെങ്കിലും എഴുതിവച്ചാൽ തന്നെ പലരും ജീവനും കൊണ്ടോടും. വിഷപ്പാമ്പുകൾ കടിക്കുമോയെന്ന ഭയമാണു കാരണം. അപ്പോൾപ്പിന്നെ പാമ്പുകൾക്കു പേടിപ്പിക്കുന്ന രൂപം കൂടിയായാലോ! യുഎസിലാണ് ഇത്തരത്തിൽ പാമ്പുകൾ ‘രൂപം’ മാറുന്നത്. പക്ഷേ അതു ജനത്തെ പേടിപ്പിക്കാനല്ല, പാമ്പുകളെ ഒരു തരം ഫംഗസ് ആക്രമിക്കുന്നതാണ്. യുഎസ് സ്റ്റേറ്റായ കലിഫോർണിയയിൽ ഇതാദ്യമായാണു പാമ്പുകളിൽ ഇത്തരം ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്തെ ഒരാളാണു വഴിയരികിൽ മെലിഞ്ഞ്, അവശനിലയിൽ കണ്ടെത്തിയ കിങ്സ്നേക്കിനെ ആശുപത്രിയിലെത്തിച്ചത്. അവയുടെ ദേഹത്തെ ശൽക്കങ്ങളെല്ലാം പൊളിഞ്ഞു വീഴാറായ പരുവത്തിലായിരുന്നു. തൊലിയാകട്ടെ ആകെ ചുക്കിച്ചുളിഞ്ഞ് ഉണങ്ങി ഊർന്നിറങ്ങിയ പോലെയും. തലയുടെ ഭാഗം വീർത്തിരിക്കുകയായിരുന്നു. കണ്ണുകൾക്കു ചുറ്റിലും പാട കെട്ടിയതു പോലെയും. അതിനാൽത്തന്നെ കണ്ണു കാണാതെ, ഇര തേടാനാകാതെ വഴിയരികിൽ കിടക്കുമ്പോഴാണു രക്ഷപ്പെടുത്തിയത്. പക്ഷേ ആശുപത്രിയിലെത്തിച്ചെങ്കിലും പാമ്പിനെ രക്ഷിക്കാനായില്ല. 

ഒറ്റനോട്ടത്തിൽ ‘മമ്മിഫിക്കേഷനു’ വിധേയമാക്കിയ പാമ്പിനെപ്പോലുണ്ടായിരുന്നു അതെന്നാണ് കലിഫോർണിയ ഡിപാർട്മെന്റ് ഓഫ് ഫിഷ് ആന്‍ഡ് വൈൽഡ്‌ലൈഫിലെ ഉദ്യോഗസ്ഥർ പറഞ്ഞത്. പാമ്പുകളുടെ എണ്ണം കുറയ്ക്കാൻ വരെ കഴിവുള്ള രോഗമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നതും ആശങ്കയ്ക്കിടയാക്കുന്നു. പരിസ്ഥിതി പ്രവർത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം ജാഗ്രതയിലാണ്. മനുഷ്യരിലേക്ക് ഈ ഫംഗസ് പകരില്ലെന്ന ആശ്വാസവുമുണ്ട്. പക്ഷേ മനുഷ്യരിലൂടെ ഫംഗസിന് എവിടെ വേണമെങ്കിലും എത്തിച്ചേരാനാകും. 

2008ലാണ് ഈ ഫംഗസ് രോഗം ആദ്യമായി കണ്ടെത്തുന്നത്. Ophidiomyces ophiodiicola എന്നു പേരുള്ള ഫംഗസാണ് രോഗം പരത്തുന്നത്. യുഎസിലെയും യൂറോപ്പിലെയും 30 ഇനം പാമ്പുകളിലും ഈ ഫംഗസിനെ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. യുഎസിലെ 23 സ്റ്റേറ്റിലും കാനഡയിലെ ഒരു പ്രവിശ്യയിലും ഇതിന്റെ സാന്നിധ്യമുണ്ട്. ശരീരത്തിലെ മുറിവുകൾ വഴിയും മറ്റു പാമ്പുകളുമായി പോരടിക്കുമ്പോഴുമൊക്കെയാണ് ഈ രോഗം പകരുന്നത്. രോഗം രൂക്ഷമായാൽ പാമ്പുകളുടെ പടം പൊടിയാനും ആരംഭിക്കും. ഇരപിടിക്കാനാകാതെ തളർന്നു കിടക്കുന്ന പാമ്പുകളെ പരുന്തുകളെപ്പോലുള്ള പക്ഷികളും മറ്റും എളുപ്പം ഇരയാക്കുകയും ചെയ്യും. 

പാമ്പുകളെ കൊല്ലാനുള്ള ശേഷിയില്ല ഈ ഫംഗസിനെങ്കിലും ശരീരം തളരുന്നതോടെ മറ്റു ജീവികൾ ആക്രമിച്ചും പട്ടിണി കിടന്നുമെല്ലാം മരണം സംഭവിക്കുമെന്നു പറയുന്നു യുഎസ് ജിയോളജിക്കൽ സർവേ അധികൃതർ. പരിസ്ഥിതിയിൽ അടുത്ത കാലത്തുണ്ടായ ചില മാറ്റങ്ങൾ ഈ ഫംഗസ് പരക്കാൻ കാരണമായിട്ടുണ്ടെന്നും അവർ പറയുന്നു. രോഗബാധയേറ്റ പാമ്പുകളെ കണ്ടാൽ അധികൃതരെ അറിയിക്കണമെന്നും അവയെ സ്ഥലത്തു നിന്ന് അശാസ്ത്രീയമായി നീക്കം ചെയ്യരുതെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്.

English Summary: This Fungus Makes Snakes Look Like Mummies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com