ADVERTISEMENT

ലോകത്തെ അത്യപൂര്‍വമായ ജീവിവര്‍ഗങ്ങളിലൊന്നാണ് മൗസ് ഡീര്‍ എന്നു വിളിക്കുന്ന മാനുകള്‍. തീരെ ഉയരം കുറഞ്ഞ എലിയെ പോലുള്ള ചെവികളും മുഖവും ഉള്ള ഈ ജീവികളെ ഇപ്പോള്‍ വിയറ്റ്നാമില്‍ വീണ്ടും കണ്ടെത്തിയിരിക്കുകയാണ്. 30 വര്‍ഷത്തിന് ശേഷമാണ് ഈ മാനുകളെ വിയറ്റ്നാം കാടുകളില്‍ കാണ്ടെത്തിയത്

സില്‍വര്‍ബാക്ക് ഷെല്‍വോര്‍ഷ്യന്‍ എന്ന പേരുകൂടിയുള്ള ഈ മൃഗത്തെ 1990 ലാണ് ഇതിന് മുന്‍പ് വിയറ്റ്നാമില്‍ കണ്ടത്. കാടിനുള്ളില്‍ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നാണ് അപ്രതീക്ഷിതമായി ഇപ്പോള്‍ ഈ മാനുകളെ കണ്ടെത്തിയത്. മുന്‍കാലുകള്‍ക്ക് പുള്ളിമാനിന്‍റെ നിറവും ഇതിനു പുറകിലേക്ക് തിളങ്ങുന്ന ചാര നിറവുമാണുള്ളത്. ഇതിനാലാണ് ഇവയ്ക്ക് സില്‍വര്‍ ബാക്ക് എന്ന പേരു കൂടി നല്‍കിയത്

1910 ലാണ് ഈ മാനുകളെ ആദ്യമായി കണ്ടെത്തുന്നത്. ആദ്യമായി അക്കാലത്താണ് ഈ മേഖലയില്‍ ജീവികളെ കുറിച്ചുള്ള പഠനം നടത്തുന്നതും. അന്ന് കണ്ടെത്തിയ അനവധി മൃഗങ്ങളില്‍ ഒന്നായിരുന്നു ഈ മൗസ് ഡീര്‍.രണ്ട് മാനുകളെയാണ് ഇപ്പോള്‍ ക്യാമറയുടെ സഹായത്തോടെ കണ്ടെത്തിയിരിക്കുന്നത്. 1990 ന് ശേഷം പിന്നീടിവയെ കണ്ടെത്താന്‍ സാധിക്കാതെ വന്നത്തോടെ വേട്ടയാടല്‍ മൂലം വിയറ്റ്നാമില്‍ ഇവയ്ക്ക് വംശനാശം സംഭവിച്ചു എന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്.

വിയറ്റ്നാമിലെ തന്നെ ബയോളജിസ്റ്റും ഗവേഷക വിദ്യാര്‍ത്ഥിയുമായ ആന്‍ ന്യൂയെന്‍ ആണ് ഇപ്പോള്‍ ഈ മാനുകളെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. കാട്ടില്‍ താമസിക്കുന്ന പ്രാദേശിക ഗോത്രങ്ങളില്‍ നിന്നുള്ള വിവരം വച്ച് ഈ മാനുകളെ ഇപ്പോഴും കാണപ്പെടാറുണ്ടെന്ന് ആന്‍ മനസ്സിലാക്കി. എന്നാല്‍ ഏറെ വര്‍ഷങ്ങള്‍ ഇതിനായി ശ്രമിച്ചിട്ടും ഇവയെ കണ്ടെത്താനായില്ല. ആറ് വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇപ്പോള്‍ മൗസ് ഡീറുകളുടെ സാന്നിധ്യം സംബന്ധിച്ച തെളിവുകള്‍ ഗവേഷകര്‍ക്കു ലഭിച്ചത്.

ആര്‍നി ബോര്‍, ഹെന്‍റി ടിക്കര്‍ എന്നീ ഗവേഷക സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആന്‍ ക്യാമറകള്‍ സ്ഥാപിച്ചത്. ജീവികള്‍ അടുത്തെത്തിയാല്‍ അവയുടെ ശരീര ചലനം കൊണ്ട് ആക്റ്റിവേറ്റ് ആയി ചിത്രങ്ങളെടുക്കുന്ന മോഷന്‍ സെന്‍സറിങ്ങ ക്യാമറകളായിരുന്നു കാട്ടില്‍ സ്ഥാപിച്ചത്. ക്യാമറയില്‍ മൗസ് ഡിയറുകളുടെ ചിത്രം പതിഞ്ഞെത്തു കണ്ടെത്തിയ നിമിഷം വിവിരിക്കാന്‍കഴിയാത്ത സന്തോഷമാണ് തോന്നിയതെന്ന് ആന്‍ പറയുന്നു. അതേസമയം ക്യാമറയില്‍ രണ്ട് ജീവികളെ കണ്ടെത്തിയത് കൊണ്ടു മാത്രം ഇവയ്ക്ക് വംശനാശ ഭീഷണി ഇല്ലെന്നു കരുതരുതെന്നും ആന്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

English Summary: Rare 'Mouse Deer' Spotted in Vietnam After Vanishing For Almost 30 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com