ADVERTISEMENT

സ്പോഞ്ച് പോലെയുള്ള ശ്വാസകോശത്തിനു വേണ്ടിയാണു  ഓക്സി പ്യൂവർ. ശുദ്ധവായു വിൽക്കുന്ന ‘ഓക്സിജൻ ബാർ’. വില 15 മിനിറ്റിനു 299 രൂപ. വിഷപ്പുക നിറഞ്ഞു നിൽക്കുന്ന ഡൽഹി നഗരത്തിന്റെ  ഭാവിയെക്കുറിച്ചുള്ള ആശങ്കകൂടിയാണ് ഈ സംരംഭം. ശ്വാസകോശത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ചിന്തിക്കുമ്പോൾ ആശ്വസിക്കാൻ പഴുതൊന്നുമല്ലാത്ത നഗരത്തിനു വേണ്ടിയാണു സാകേത് സെലക്ട് സിറ്റി മാളിലെ ഓക്സി പ്യൂവർ 4 മാസം മുൻപു തുറന്നത്. 

ഇതുവരെ സൗജന്യമായിരുന്ന ഓക്സിജന് ഇവിടെ പണം നൽകണം. സുഗന്ധം നിറഞ്ഞ ഓക്സിജനാണു വേണ്ടതെങ്കിൽ 15 മിനിറ്റിനു 499 രൂപ. യുഎസിലെ ലാസ് വെഗസിലെ വെനീഷ്യൻ റിസോർട്ടിൽ ഓക്സിജൻ ബാർ കണ്ടതിന്റെ അനുഭവവുമായാണു ആര്യവീർ കുമാറും സുഹൃത്തു മാർഗരിറ്റ കുറിസ്റ്റിനയും സംരംഭത്തിനു തുടക്കമിട്ടത്.  ലെമൺഗ്രാസ്, ഓറഞ്ച്, കറുവപ്പട്ട, പെപ്പർമിന്റ്, ലാവൻഡർ തുടങ്ങി ഏഴു സുഗന്ധത്തിലുണ്ട് ഓക്സിജൻ. ഒരു ഫ്ലേവറിലുള്ള ഓക്സിജൻ ശ്വസിച്ചു കൊണ്ടിരിക്കെ മണം പിടിച്ചില്ലെങ്കിൽ ഒരു സ്വിച്ചിൽ അടുത്ത ഫ്ലേവറിലേക്കു മാറ്റുകയും ചെയ്യാം.

യൂക്കാലിപ്റ്റസ് ശ്വാസനാളത്തിന്റെ അസ്വസ്ഥത നീക്കുകയും തൊണ്ടയ്ക്കു കുളിർമ നൽകുകയും ചെയ്യുമെന്നാണ് ഇവരുടെ വിശദീകരണം. വാനില മനസിനെ ശാന്തമാക്കുമെന്നും പെപ്പർമിന്റ് ഛർദ്ദി അകറ്റുമെന്നും ഇവർ പറയുന്നു. ആശുപത്രികളിൽ നൽകുന്നതു പോലുള്ള മരുന്നുകൾ ചേർത്ത ഓക്സിജനല്ല ഇവിടെ. വായുവിൽ നിന്ന് വേർതിരിച്ചു ശുദ്ധീകരിച്ച  ഈ ഓക്‌സിജൻ 90 ശതമാനവും ശുദ്ധമാണെന്ന് ഇവർ വിശദീകരിക്കുന്നു.

ശ്വാസകോശ രോഗങ്ങളുള്ളവർക്കു ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ  ഈ ഓക്സിജൻ ഉപയോഗിക്കാൻ അനുമതിയുള്ളൂ. പ്രതിദിനം 20–25 പേർ ശുദ്ധവായു തേടിയെത്തുന്നുവെന്നാണു സ്റ്റോറിന്റെ ചുമതല വഹിക്കുന്ന അജയ് ജോൺസൺ പറയുന്നത്. അടുത്ത മാസം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ ത്രിയിൽ ഓക്സി പ്യുവർ രണ്ടാമത്തെ സ്റ്റോറും ആരംഭിക്കുന്നുണ്ട്

English Summary: Oxygen bar opens for Delhiites choking with Air Pollution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com