ADVERTISEMENT

കിന്‍കേഡ് കാട്ടുതീ എന്ന പേര് മറക്കാന്‍ കലിഫോര്‍ണിയക്കാര്‍ക്ക് ഇനിയും ദശാബ്ദങ്ങള്‍ വേണ്ടിവരും. കാരണം കടന്നു പോയ വഴിയിലുള്ളതെല്ലാം ചുട്ടെരിച്ച ഈ കാട്ടുതീ അണയ്ക്കാന്‍ തന്നെ വേണ്ടി വന്നത് രണ്ടാഴ്ചയിലേറെയാണ്. 77758 ഏക്കര്‍ കത്തിയമരാന്‍ ഇടയാക്കിയ ഈ തീപിടുത്തം കലിഫോര്‍ണിയയിലെ സൊനോമാ കൗണ്ടിയിലുണ്ടായ ഏറ്റവു വലിയ തീപിടുത്തമാണ്. ശൂന്യാകാശത്തു നിന്ന് പോലും വ്യക്തമാകുന്ന രീതിയിലാണ് ഈ തീപിടുത്തം നശിപ്പിച്ച പ്രദേശങ്ങളുടെ വ്യാപ്തി.

നാസയുടെ സാറ്റ്‌ലെറ്റ് ദൃശ്യങ്ങളിലാണ് കാട്ടുതീ കടന്നുപോയി നാശം വിതച്ച മേഖല വ്യക്തമായി കാണാനാകുന്നത്. ചിത്രത്തില്‍ ചാര നിറത്തില്‍ കാണുന്ന മേഖലയിലാണ് കാട്ടുതീ നാശം വിതച്ചത്. ചാരനിറത്തില്‍ കാണുന്ന പ്രദേശത്തിനു നടുവിലായി ഇടയ്ക്കിടെ മഞ്ഞ പൊട്ടുകള്‍ പോലെ കാണുന്ന പ്രദേശം ഇപ്പോഴും തീ സജീവമായി നിലനില്‍ക്കുന്ന മേഖലയാണെന്നും നാസ വിശദീകരിക്കുന്നു. നവംബര്‍ 3 നാണ് ഉപഗ്രഹം ഈ ചിത്രങ്ങളെടുത്തത്.

2019 ല്‍ നിരവധി കാട്ടുതീകളാണ് കലിഫോര്‍ണിയയില്‍ മാത്രം ഉണ്ടായത്. ഇതില്‍ ഏറ്റവും വലുതാണ് കിന്‍കേഡ് വൈല്‍ഡ് ഫയര്‍ എന്നാണു കണക്കാക്കുന്നത്. അതേസമയം കാട്ടുതീകള്‍ വ്യാപിക്കുന്നത് ഇതുകൊണ്ട് അവസാനിക്കില്ലെന്ന് അധികൃതര്‍ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഡിസംബര്‍ മാസം വരെ വരണ്ട കാലാവസ്ഥ രൂക്ഷമായതിനാല്‍ ഇനിയും പലയിടങ്ങളിലും കാട്ടുതീ ഉണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ മഴയെത്തിയ ശേഷം മാത്രമെ ഈ കാട്ടുതീ ഭീഷണിയില്‍ നിന്ന് കലിഫോര്‍ണിയയ്ക്ക് പുറത്തു കടക്കാനാകൂ.

അതേസമയം കഴിഞ്ഞ വര്‍ഷം കലിഫോര്‍ണിയയിലെ മറ്റൊരു മേഖലയിലുണ്ടായ കാട്ടുതീയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കിന്‍കേഡ് കാട്ടുതീയുടെ വ്യാപ്തി കുറവാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ മെന്‍ഡോസിനോ കാട്ടുതീയില്‍ നാലര ലക്ഷം ഏക്കര്‍ ഭൂമിയാണ് കത്തി നശിച്ചത്.ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായിട്ടായിരുന്നു ഈ കാട്ടുതീ പരമ്പര ഉണ്ടായത്.

കലിഫോര്‍ണിയ അഗ്നിസമന സേനാവിഭാഗത്തിന്‍റെ കണക്കനുസരിച്ച് 12 ദിവസമാണ് കിന്‍കേഡ് കാട്ടുതീ നീണ്ടുനിന്നത്. ഈ കാലയളവില്‍ വീടുകളും, ഫ്ലാറ്റുകളും വ്യാപാര സമുച്ചയങ്ങളുമടക്കം ഏതാണ്ട് നാനൂറ് കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. അറുപതിലേറെ കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. അതേസമയം ഈ കാട്ടുതീയില്‍ ആര്‍ക്കും ആളപായം സംഭവിച്ചിട്ടില്ല. ഇതുവരെ നാല് പേര്‍ക്കാണ് പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  

കിന്‍കേഡ് കാട്ടുതീയുടെ 86 ശതമാനം വരെ നിയന്ത്രണവിധേമായതായാണ് നവംബര്‍ 6 ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഇപ്പോളും തീയുള്ള പ്രദേശങ്ങള്‍ കാട്ടുതീ പടര്‍ന്നു കത്തിയമര്‍ന്നു പോയ മേഖലയ്ക്ക് നടുവിലാണ്. അതുകൊണ്ട് തന്നെ ഇപ്പോഴും നിലനില്‍ക്കുന്ന അഗ്നിബാധകള്‍ മറ്റ് പ്രദേശങ്ങളിലേക്ക് പടരില്ലെന്നും കത്തി സ്വയം ഇല്ലാതാകുമെന്നുമാണ് പ്രതീക്ഷ.

English Summary: California's Fires Have Left a Dark Scar on Earth That Can Be Seen From Space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com