ADVERTISEMENT

അര നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തിൽ ഇറ്റലിയിലെ പൈതൃക നഗരമായ വെനീസ് മുങ്ങി. ഒരാഴ്ചയ്ക്കിടെ മൂന്നാം വട്ടമാണു നഗരത്തിൽ വെള്ളപ്പൊക്കം. വേലിയേറ്റത്തെ തുടർന്നു ചൊവ്വാഴ്ച ആറടി വെള്ളം ഉയർന്ന നഗരം ഇന്നലെ വീണ്ടും വെള്ളത്തിലായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളം പൊങ്ങി എടിഎമ്മുകൾ കേടായി.

സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായ സെന്റ് മാർക് സ്ക്വയർ അടച്ചു. 1000 വർഷം പഴക്കമുളള സെന്റ് മാർക്സ് ബസിലിക്കയ്ക്കും പൗരാണിക സൗധങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും ഉപ്പുവെള്ളം കയറി നാശമുണ്ടായി. 100 കോടി യൂറോയുടെ നഷ്ടമുണ്ടായതായി മേയർ ലൂയിജി ബ്രൂന്യാരോ അറിയിച്ചു. അര ലക്ഷത്തോളം ജനസംഖ്യയുള്ള വെനീസ് നഗരത്തിൽ പ്രതിവർഷം ശരാശരി മൂന്നരക്കോടിയോളം സന്ദർശകരാണെത്തുന്നത്.

കാലാവസ്ഥാമാറ്റം തള്ളി; പിന്നാലെ വെള്ളം ഇരച്ചെത്തി

വെനീസ് നഗരം ഉൾപ്പെടുന്ന വെനെറ്റോ പ്രാദേശിക കൗൺസിലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വെള്ളമെത്തിയതു കാലാവസ്ഥ മാറ്റത്തെ നേരിടാനുള്ള നിർദേശങ്ങൾ കൗൺസിൽ യോഗം തള്ളിയതിനു തൊട്ടുപിന്നാലെ. 2020 ബജറ്റ് ചർ‌ച്ചകൾക്കിടെ കാലാവസ്ഥാ മാറ്റത്തെ നേരിടാനുളള ഭേദഗതി നിർദേശങ്ങൾ ഭരണപക്ഷം തള്ളിക്കളഞ്ഞതിനു പിന്നാലെയാണു കൗൺസിൽ ചേംബറിലേക്കു വെള്ളം ഇരച്ചെത്തിയത്.

ഇറ്റലിയുടെ ആലപ്പുഴ!

ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്നു വിശേഷിപ്പിക്കുന്നത് ഇരു പ്രദേശങ്ങളും തമ്മിലുള്ള സാദൃശ്യം കൊണ്ടാണ്. നിറയെ തോടുകൾ ഉള്ള ആലപ്പുഴ പോലെ ചുറ്റുപാടും കനാലുകളും അവയ്ക്കെല്ലാം കുറുകെ പാലങ്ങളുമുള്ള നഗരമാണ് വെനീസ്. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വെനീസിൽ 118 ചെറു ദ്വീപുകളുണ്ട്, ഇവയെ ബന്ധിപ്പിക്കാൻ 400 പാലങ്ങളും. മധ്യ, നവോത്ഥാന കാലഘട്ടങ്ങളിൽ ലോകത്തിലെ നിർണായക സാമ്പത്തിക ശക്തി. മുഖ്യ വാണിജ്യകേന്ദ്രം. 13ാം നൂറ്റാണ്ടു മുതൽ 17ാം നൂറ്റാണ്ടു വരെ കലാ സാംസ്കാരിക തലസ്ഥാനം. 1866 മുതൽ ഇറ്റലിയുടെ ഭാഗമാണിത്.

English Summary: Venice Hit by Third Exceptional Tide in One Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com