ADVERTISEMENT

വടക്കു കിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിലും തമിഴിനാട്ടിലും കനത്ത ഇടിയോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തമിഴ്നാട് തീരത്തെത്തിയ മഴ കേരളത്തിന്റെ പല ഭാഗത്തും സാന്നിധ്യമറിയിച്ചു. ഇന്നു സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇടിയോടു കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. ഇന്ത്യയിലെ വടക്കു കിഴക്കൻ മേഖലകളിൽ രൂപപ്പെട്ട അന്തരീക്ഷച്ചുഴിയാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും മഴയ്ക്കു കരുത്തേകുന്നത്.

വരും ദിവസങ്ങളിൽ തമിഴ്നാട്ടിൽ ഇടിയോടു കൂടിയ മഴപെയ്യാൻ സാധ്യതയുണ്ട്. കേരളത്തിലെ പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. അരുണാചൽ പ്രദേശിലും സിക്കിമിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയ്ക്കും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. കർണാടകയിലും ആന്ധ്രാപ്രദേശിലും മഴ ശക്തി പ്രാപിക്കും.

കിഴക്കൻ മഴ 

ജൂണിൽ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നു കേരളത്തിന് അഭിമുഖമായി വീശുന്നതാണ് കാലവർഷത്തിന്റെ രീതി. കിഴക്കു നിന്നാണ് തുലാമഴയുടെ വരവ്. ഉച്ചവരെ നല്ല വെയിൽ. ഉച്ച കഴിയുന്നതോടെ ആകാശം മൂടിക്കെട്ടും. ഒന്നോ രണ്ടോ ഇടിയും മിന്നലും. തുടർന്ന് മഴ. കാലവർഷക്കാലത്ത് ആകാശത്തേക്ക് നോക്കിയാൽ മേഘങ്ങളെല്ലാം പടിഞ്ഞാറു നിന്നു കിഴക്കോട്ടാവും ഒഴുകുക. തുലാമഴക്കാലത്ത് മേഘങ്ങളെല്ലാം കിഴക്കു നിന്നു പടിഞ്ഞാറേക്കാണ് നീങ്ങുന്നത്.

മിന്നലിനെതിരെ ജാഗ്രത

മിന്നലിന്റെ അകമ്പടിയോടെ എത്തുന്നതിനാ‍ൽ തുലാമഴക്കാലത്ത് ജാഗ്രത പുലർത്തണം. ആകാശം മൂടിക്കെട്ടുന്നതോടെ തുറസായ സ്ഥലങ്ങളിൽനിന്നും വലിയ ഒറ്റപ്പെട്ട വൃക്ഷങ്ങളുടെ ചുവട്ടിൽനിന്നും മാറണം.

മഴയും മിന്നലും തുടങ്ങിയാൽ ജനലിനോടും വാതിലിനോടും ലോഹവസ്തുക്കളോടും ചേർന്നു നിൽക്കരുത്. വൈദ്യുതി ഉപകരണങ്ങളും മൊബൈലും കംപ്യൂട്ടറും ഈ സമയത്ത് കഴിവതും പ്രവർത്തിപ്പിക്കരുത്.

English Summary: Kerala Receive Heavy Rains and Thunderstorms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com