ADVERTISEMENT

കലി തുള്ളി പെയ്ത വടക്കു കിഴക്കൻ കാലവർ‌ഷത്തിൽ ചെന്നൈയിൽ പരക്കെ നാശം. മേട്ടുപ്പാളയത്ത് വീടുക‌ൾ‌ക്കു മുകളിൽ മതിലിടിഞ്ഞു 17 പേരുൾപ്പെടെ സംസ്ഥാനത്തു 25 പേർ ‌മരിച്ചു. ഇ‌ന്നലെ ‌മാത്രം തമിഴ്നാടി‌‌‌ന്റെ മറ്റു ഭാഗങ്ങളിൽ ‌3 പേ‌ർ മരിച്ചു. ഞായറാഴ്ച ചെ‌‌‌‌‌ന്നൈയിൽ ഒരാ‌ൾ ഉൾപ്പെടെ അഞ്ചു പേ‌ർ മരിച്ചിരുന്നു.  മുഖ്യമന്തി എടപ്പാടി കെ.പളനിസാമി ഇന്നു മേട്ടുപ്പാളയത്തു ദുരന്തം നടന്ന സ്ഥലം സന്ദർശിക്കും.‌

മഴ 2 ദിവസം കൂടി തുടരും‌

അതേസമയം, അടുത്ത 2 ദിവസങ്ങളിലും മഴ തുടരുമെന്നാണു ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. തെക്കൻ തമിഴ്നാട്ടിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലെ മിക്ക ഇടങ്ങളിലും കനത്ത മഴ പെയ്യും. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, പുതുക്കോട്ട, കടലൂർ, അരിയാലൂർ, പെരമ്പലൂർ, തേനി, ഡിണ്ടിഗൽ, നീലഗിരി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇ‍‍ടങ്ങളിൽ തീവ്രമഴ മുതൽ അതിതീവ്ര മഴ വരെ പെയ്യുമെന്നും വടക്കൻ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ഒറ്റപ്പെട്ട ഇടങ്ങളിലും മഴ പെയ്യുമെന്നും ചെന്നൈ മേഖലാ കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ എസ്. ബാലചന്ദ്രൻ പറഞ്ഞു. 

മത്സ്യത്തൊഴിലാളികളോടു അടുത്ത 2 ദിവസത്തേക്കു കടലിൽ പോകരുതെന്നു നിർദേശം നൽകി. തിരുനെൽവേലി, തൂത്തുക്കുടി, കടലൂർ ജില്ലകളിൽ 1,000 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി.കോയമ്പത്തൂരിലെ മേട്ടുപ്പാളയം സ്റ്റേഷനിലാണു കഴിഞ്ഞ ദിവസം കൂടുതൽ മഴ രേഖപ്പെടുത്തിയത് - 180 മി.മീ. കരൂരിൽ 130.5 മി.മീ മഴ പെയ്തു. മധുരാന്തകം, ഷോളാവരം, ചെമ്പരമ്പാക്കം, ഗുമ്മിടിപൂണ്ടി, കൂനൂർ എന്നിവിടങ്ങളിലും 90 മി.മീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തി.

ചെന്നൈയിൽ നേരിയ ശമനം‌

ഇന്നലെ രാവിലെ വരെ ചെന്നൈ നഗരത്തിൽ പരക്കെ മഴ പെയ്തെങ്കിലും പകൽ മഴ വിട്ടുനിന്നു. എന്നാൽ പ്രാന്തപ്രദേശങ്ങളിൽ മഴ തുടർന്നു. മീനമ്പാക്കത്ത് 6 സെ.മീ മഴ പെയ്തു. ചെങ്കൽപെട്ട്, കാഞ്ചീപുരം ജില്ലകളിലും ചെന്നൈയിൽ താഴ്ന്ന പ്രദേശങ്ങളിലെയും കടകളിലും വീടുകളിലും വെള്ളം കയറി. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപെട്ട്, തിരുവള്ളൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഇന്നലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.‌

ഭവാനി നദീതീരങ്ങളിലെ ജില്ലകളിൽ വെള്ളപ്പൊക്ക ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ അണക്കെട്ടായ ഭവാനി സാഗർ അണക്കെട്ടിൽ വെള്ളം പരമാവധി ശേഷിയിലെത്തി. ഇതോടെയാണു നിർദേശം നൽകിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നു. ലോവർ‌ ഭവാനി ജലശേഖരത്തിൽ വെള്ളം പരമാവധി നിലയായ 105 അടിയിലെത്തി.‌

അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതികൾ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി അടിയന്തര ഉന്നതതല യോഗം വിളിച്ചു. ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.  യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്വീകരിക്കണമെന്നു മുഖ്യമന്ത്രി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും നിർദേശിച്ചു. ജലസംഭരണികളും തടാകങ്ങളും നിരീക്ഷിക്കാനും നിർദേശിച്ചു.‌

തടാകങ്ങൾ നിറയുന്നു പക്ഷേ, ആശങ്ക വേണ്ട‌

ഇന്നലെയും മഴ തുടർന്നതോടെ നഗരത്തിന്റെ കുടിവെള്ള സ്രോതസ്സുകളായ നാലു തടാകങ്ങളിലും വെള്ളം നിറയുകയാണ്. എന്നാൽ ആശങ്കവേണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

മഴ, മണ്ണിടിച്ചിൽ: കൂനൂർ–മേട്ടുപ്പാളയം ദേശീയപാത അടച്ചു

ഊട്ടിയിൽ കനത്ത മഴയെ തുടർന്നു കൂനൂർ–മേട്ടുപ്പാളയം ദേശീയ പാതയിൽ 12 സ്ഥലത്തു മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസ്സം. മേട്ടുപ്പാളയത്തേക്കുള്ള വാഹനങ്ങൾ കോത്തഗിരി വഴി തിരിച്ചുവിട്ടു. മണ്ണിടിഞ്ഞതിനെ തുടർന്ന് ഊട്ടി –മേട്ടുപ്പാളയം ഹെറിറ്റേജ് ട്രെയിൻ സർവീസ് റദ്ദാക്കി.

ഞായറാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നലെ രാവിലെയോടെ ശക്തിപ്രാപിച്ചു. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണു ദേശീയപാതയിൽ മണ്ണുനീക്കുന്നത്. കൂനൂർ–മേട്ടുപ്പാളയം ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു. കൂനൂരിലെ 5 കുടുംബങ്ങളിലെ 40 പേരെ വെസ്ലി ചർച്ചിലേക്കു മാറ്റിപാർപ്പിച്ചതായും അടിയന്തര സാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണെന്നും നീലഗിരി കലക്ടർ ജെ. ഇന്നസന്റ് ദിവ്യ അറിയിച്ചു. മഴ തുടരുകയാണെങ്കിൽ കൂനൂർ–മേട്ടുപ്പാളയം പാതയിൽ ബർളിയാർ വഴിയുള്ള രാത്രികാല ഗതാഗതം നിരോധിക്കുമെന്നും അവർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ഊട്ടി, കൂനൂർ, കോത്തഗിരി,കുന്ത താലൂക്കുകളിലെ സ്കൂളുകൾക്ക് ഇന്നലെ അവധിയായിരുന്നു

English Summary: Rain may lash Chennai for two more days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com