ADVERTISEMENT

എല്ലാ വര്‍ഷവും പ്രമുഖ നിഘണ്ടു പ്രസാധകരായ, ഓക്‌സ്ഫർഡ്, കേംബ്രിഡ്ജ്, കോളിന്‍സ് തുടങ്ങിയവര്‍ 'വേഡ് ഓഫ് ദി ഇയര്‍' (word of the year) ആയി ഒരു വാക്കിനെ തിരഞ്ഞെടുക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും സുസ്ഥിര വികസനവുമൊക്കെ ലോകസമൂഹത്തെ ഏറെ സ്വാധീനിച്ച വര്‍ഷമാണ് കടന്നുപോയതെന്നു  തെളിയിക്കുന്നതാണ് മൂന്നു പ്രസാധക പ്രമുഖകരും  പ്രഖ്യാപിച്ച 2019 ന്റെ വാക്കുകള്‍. 

വാക്കുകളുടെ ഉപയോഗത്തിലുള്ള വർധനവാണ് ഇത്തരമൊരു തിരഞ്ഞെടുപ്പിനുള്ള  മുഖ്യനിദാനം. ക്ലൈമറ്റ് എമര്‍ജന്‍സി (climate emergency) എന്ന വാക്കാണ് ഓക്‌സ്ഫഡ് നിഘണ്ടു ഈ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. കാലാവസ്ഥാ അടിയന്തരാവസ്ഥയെന്ന് മലയാളത്തില്‍ പ്രയോഗിക്കപ്പെടുന്ന വാക്കാണിത്.കാലാവസ്ഥാ വ്യതിയാനത്തെ തടയാനും, ലഘൂകരിക്കാനും അതുമൂലമുണ്ടാകുന്ന പരിഹരിക്കാന്‍ സാധ്യമല്ലാത്ത പാരിസ്ഥിതിക നാശത്തെ തടയാനാവശ്യമായ  അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യം' എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം.

കാലാവസ്ഥാ വ്യതിയാനം ലോകത്തിനുണ്ടാക്കുന്ന ഇതുവരെ കാണാത്ത പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട്, ലോകം കാലാവസ്ഥാ അടിയന്തിരാവസ്ഥയിലാണെന്ന് 153 രാജ്യങ്ങളില്‍ നിന്നുള്ള 11,000 ശാസ്ത്രജ്ഞര്‍ ഒരുമിച്ച് പ്രഖ്യാപിച്ച വര്‍ഷമായിരുന്നു ഇത്. ജേണല്‍ ബയോസയന്‍സിലാണ് കാലാവസ്ഥാ എമര്‍ജന്‍സി സംബന്ധിച്ച കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കിയത്. 2019 ല്‍ പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യപ്പെട്ട വാക്കായി ഓക്‌സ്ഫഡ് ഗവേഷണ വിഭാഗം ക്ലൈമറ്റ് എമര്‍ജന്‍സിയെ കണ്ടെത്തി.

2019 സെപ്റ്റംബര്‍ മാസമായപ്പോള്‍ തന്നെ ഈ വാക്കിന്റെ ഉപയോഗത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നൂറിരട്ടി വർധനവാണുണ്ടായത്. ദ് ഗാര്‍ഡിയന്‍  പോലുള്ള ദിനപത്രങ്ങള്‍ കാലാവസ്ഥാമാറ്റം എന്ന സ്ഥിരം വാക്കിനു  പകരമായി കാലാവസ്ഥാ അടിയന്തിരാവസ്ഥ (Climate emergency) ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി വെളിപ്പെടുത്തിയിരുന്നു. മറ്റൊരു പ്രമുഖ നിഘണ്ടു പ്രസാധകരായ കോളിന്‍സും 2019 ന്റെ വാക്കായി  കാലാ വസ്ഥാമാറ്റവുമായി ബന്ധമുള്ള ക്ലൈമറ്റ് സ്‌ട്രൈക്ക് (climate strike) എന്ന വാക്കിനെയാണ് പ്രഖ്യാപിച്ചത്.   

2015-ല്‍ പാരിസില്‍ നടന്ന ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തോട് ബന്ധപ്പെട്ടാണ് ഈ വാക്ക് ആദ്യമായി കേട്ടു തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗ്രേറ്റ ട്യൂൺബര്‍ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ ഗ്ലോബല്‍ ക്ലൈമറ്റ് സ്‌ട്രൈക്ക് പ്രസ്ഥാനം ലോകമെമ്പാടും തരംഗമായപ്പോള്‍ പ്രസ്തുത വാക്കിന് നൂറിരട്ടിയിലധികം ഉപയോഗ വർധനവുണ്ടായതായി  'കോളിന്‍സ്' പറയുന്നു. കേംബ്രിഡ്ജ് ഡിക്ഷനറിയാകട്ടെ അപ്‌സൈക്ലിങ് (upcycling)  എന്ന വാക്കാണ് 2019 ന്റെ വാക്കായി പ്രഖ്യാപിച്ചത്.   

പഴയതും ഉപയോഗശൂന്യമെന്നു  കരുതി ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കളില്‍  നിന്ന് പുത്തന്‍ വസ്തുക്കളുണ്ടാക്കുന്ന രീതിക്ക് പറയുന്ന വാക്കാണിത്.  2011 ല്‍ നിഘണ്ടുവില്‍  ചേര്‍ക്കപ്പെട്ട ഈ വാക്കിനു വേണ്ടിയുള്ള തിരച്ചില്‍ അതിനുശേഷം 181 ശതമാനമായി വർധിച്ചിരിക്കുന്നുവെന്ന് പ്രസാധകര്‍ പറയുന്നു. കാലാവസ്ഥാ മാറ്റത്തേക്കുറിച്ചും പാരിസ്ഥിതിക പ്രശ്‌നങ്ങളേക്കുറിച്ചും ലോകജനത കൂടുതല്‍ ബോധവാന്‍മാരാകുന്നതിന്റെ സൂചനയായിട്ടാണ് കേംബ്രിഡ്ജ് പ്രസാധകര്‍ ഈ പുതിയ താല്‍പര്യത്തെ കാണുന്നത്. 

ലോകത്തെ മൂന്നു പ്രമുഖ നിഘണ്ടു പ്രസാധകരും, അവരുടെ 'വര്‍ഷത്തിന്റെ വാക്കിന്റെ' പ്രഖ്യാപനത്തിലൂടെ പറയുന്നു പരിസ്ഥിതിയും കാലാവസ്ഥയും താരങ്ങളാകുന്ന കാലമാണ് കടന്നുപോകുന്നത്, വരാനിരിക്കുന്നതും.

English Summary: Oxford Dictionaries declares 'climate emergency' the word of 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com