ADVERTISEMENT

മഞ്ഞുപാളികള്‍ ഏറെയുള്ള നാടാണ് ഗ്രീന്‍ലന്‍ഡ്. ഉത്തര ധ്രുവത്തോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന യൂറോപ്പിന്‍റെ ഭാഗമായ കൂറ്റന്‍ ദ്വീപ്. പേരിലെ ഹരിത സാന്നിധ്യത്തിന് വിപരീതമായി ഈ നാട്ടില്‍ പച്ചപ്പ് ഏറെ കുറവാണ്. എങ്ങും കാണാനാകുന്നത് പല മീറ്ററുകള്‍ ഘനത്തിലുള്ള കൂറ്റന്‍ മഞ്ഞുപാളികളാണ്. ഈ മഞ്ഞുപാളികള്‍ക്കിടയില്‍ ശുദ്ധജല ജലാശയങ്ങളോ നദികളോ പോലും വിരലില്‍ എണ്ണാവുന്നവ മാത്രമാണ്.

എന്നാല്‍ പുറമെ നിന്ന് ദൃശ്യമല്ലെങ്കിലും ഗ്രീന്‍ലന്‍ഡില്‍ ഒരു വലിയ നദിയുടെ സാന്നിധ്യമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഡാര്‍ക് റിവര്‍ അഥവാ ഇരുണ്ട നദി എന്നു വിളിക്കുന്ന ഈ നദിക്ക് അമേരിക്കയിലെ ഒഹിയോ നദിയുടെ അത്ര വലുപ്പം ഉണ്ടെന്നാണ് കരുതുന്നത്. അതായത് ഏകദേശം 1600 കിലോമീറ്റര്‍ നീളം.

ഇരുണ്ട നദി

എന്തുകൊണ്ടാണ് ഗ്രീന്‍ലന്‍ഡിലെ ഈ കൂറ്റന്‍ നദിക്ക് ഇരുണ്ട നദിയെന്ന പേര് ലഭിച്ചതെന്നു ചോദിച്ചാല്‍, ഇതിനെ ഗവേഷകര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ഏതാണ്ട് 900 മൈല്‍ ദൂരത്തോളം ഒഴുകുന്നുണ്ടെങ്കിലും ഈ നദി ഒരിടത്തു പോലും പ്രകാശം കാണുന്നില്ല. പൂര്‍ണമായും ഇരുട്ടില്‍ ഒഴുകുന്നതിനാലാണ് ഈ നദിക്ക് ഇരുണ്ട നദിയെന്ന പേരു നല്‍കാന്‍ ഗവേഷകര്‍ തീരുമാനിച്ചത്. ഗ്രീന്‍ലന്‍ഡിന്‍റെ ഏതാണ്ട് മധ്യഭാഗത്ത് നിന്ന് വടക്കന്‍ തീരത്തേക്കാണ് ഈ നദി മഞ്ഞുപാളികളിൽ നിന്നു ലഭിയ്ക്കുന്ന ജലവുമായി ഒഴുകുന്നത്.

അമേരിക്കന്‍ ജ്യോഗ്രഫിക്കല്‍ യൂണിയന്‍റെ ഈ വര്‍ഷത്തെ സമ്മേളനത്തിലാണ് ഈ നദിയുടെ സാന്നിധ്യത്തെക്കുറിച്ച് ഗവേഷകര്‍ വിശദീകരിച്ചത് .ജപ്പാനിലെ ഹൊക്കോഡിയോ സര്‍വകലാശാല, നോര്‍വെയിലെ ഒസ്‌ലോ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷക സംഘമാണ് ഈ നദി കണ്ടെത്തിയതും ഇതിന്‍റെ സാന്നിധ്യത്തെക്കുറിച്ച് സമ്മേളനത്തില്‍ വിശദീകരിച്ചതും. സബ്റഡാര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത്തരം ഒരു നദിയുടെ സാന്നിധ്യവും ഈ നദിയിലൂടെ ഒഴുകുന്ന ജലത്തിന്‍റെ അളവും ഗവേഷകര്‍ കണക്കാക്കിയത്.

ഭൗമനിരപ്പില്‍ നിന്ന് ഏതാണ്ട് 300 മുതല്‍ 500 മീറ്റര്‍ വരെ ആഴത്തിലാണ് ഈ നദി ഒഴുകുന്നതെന്ന് പഠനത്തില്‍ പങ്കെടുത്ത ഗവേഷകരില്‍ ഒരാളായ ഹൊക്കായിഡോ സര്‍വകലാശാല ഗവേഷകനയ ക്രിസ്റ്റഫര്‍ ചേംബേഴ്സ് പറഞ്ഞു. ഭൂമിയില്‍ പലയിടത്തും ഭൂഗര്‍ഭ നദികള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും തന്നെ ഒരേസമയം ഭൗമനിരപ്പില്‍ നിന്ന് ഇത്ര ആഴത്തിലും എന്നാല്‍ ഇത്രയധികം നീളത്തിലും കാണപ്പെടുന്നവയല്ല.

നദിയിലെ ഒഴുക്കിന്‍റെ ശക്തി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളു എന്ന് ഗവേഷക സംഘം വിശദീകരിക്കുന്നു. ഓരോ ഋതുവിനെയും അടിസ്ഥാനമാക്കിയാകും ഒഴുക്കിന്‍റെ ശക്തിയെന്നാണ് ഇവര്‍ കരുതുന്നത്. ഉദാഹരണത്തിന് വേനല്‍ക്കാലത്തും, വസന്തകാലത്തും, മഞ്ഞുരുക്കം വർധിക്കുന്നതിനാല്‍ ഈ നദിയില്‍ ഒഴുക്കും ശക്തിയാര്‍ജിക്കുമെന്ന് ഇവര്‍ കണക്കു കൂട്ടുന്നു. അതേസമം ശൈത്യകാലത്ത് മഞ്ഞുരുക്കം ഏതാണ്ട് പൂര്‍ണമായി നിലയ്ക്കുന്നതാല്‍ ഭൗമാന്തര്‍ഭാഗത്തെ ചൂട് മൂലമുള്ള നേരിയ ഒഴുക്ക് മാത്രമാകും കാണപ്പെടുകയെന്നും ഇവര്‍ വിശദീകരിക്കുന്നു.

English Summary: A Huge "Dark River" May Be Flowing Deep Beneath Greenland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com