ADVERTISEMENT

ഏഷ്യയിലെയും ഓസ്ട്രേലിയയിലെയും അന്റാർട്ടിക്കയിലെയും ഒട്ടേറെ പ്രദേശങ്ങളിൽ ഗവേഷകർ വർഷങ്ങളായി ഒരു പ്രത്യേക വസ്തു കണ്ടെത്തുക പതിവായിരുന്നു. ടെക്റ്റൈറ്റ്സ് എന്നായിരുന്നു അവയുടെ പേര്. കറുപ്പും പച്ചയും തവിട്ടുമെല്ലാം ചേർന്ന ഒരുതരം ഗ്ലാസ് രൂപങ്ങളാണവ. അവ രൂപപ്പെടുന്നതിനുമുണ്ട് ഒരു പ്രത്യേകത. ഭൂമിയിൽ ഉൽക്കകൾ പതിക്കുമ്പോഴുണ്ടാകുന്ന ചൂടിൽ നടക്കുന്ന രാസപ്രക്രിയയിലൂടെയാണ് ടെക്റ്റൈറ്റ്സ് രൂപപ്പെടുന്നത്. ഒരേ സ്വഭാവമുള്ള ടെക്റ്റൈറ്റുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയതാണ് ഗവേഷകരെ കുഴക്കിയത്. അങ്ങനെയെങ്കിൽ അത്രയേറെ ശക്തിയുള്ള ഒരു ഉൽക്കയായിരിക്കണം വന്നു വീണിട്ടുണ്ടാവുക.

ടെക്റ്റൈറ്റ്സിന്റെ കാലപ്പഴക്കം നോക്കിയപ്പോൾ അവയ്ക്ക് ഏകദേശം എട്ടു ലക്ഷം വർഷത്തെ പഴക്കമുണ്ടായിരുന്നു. ഭൂമിയിൽ എവിടെയാണ് ഇത്രയും വേഗത്തിൽ, ഇത്രയേറെ വലുപ്പത്തിൽ ഉൽക്ക പതിച്ചതെന്ന ഒരു നൂറ്റാണ്ടിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിൽ ഉത്തരമായിരിക്കുന്നു. തെക്കുകിഴക്കൻ ലാവോസിലെ ഒരു അഗ്നിപർവത മേഖലയിലായിരുന്നു ഏകദേശം 1.9 കിലോമീറ്റർ വിസ്തൃതിയുള്ള ഉൽക്ക വന്നിടിച്ചത്. അതുവഴിയുണ്ടായ അവശിഷ്ടങ്ങൾ ഭൗമോപരിതലത്തിലെ ഏകദേശം 10 ശതമാനം വരുന്ന ഭാഗത്തും പരന്നതായാണ് പ്രൊസീഡിങ്സ് ഓഫ് ദ് നാഷനൽ അക്കാദമി ഓഫ് സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്. 

കംബോഡിയ, ചൈന, തായ്‌ലൻഡ്, വിയറ്റ്നാം, ലാവോസ് ഇവിടങ്ങളിൽ ഒരിടത്തായിരിക്കാം ഉൽക്കാപതനമുണ്ടായതെന്ന നിഗമനത്തിൽ ഗവേഷകർ നേരത്തേ എത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ലാവോസിൽ നിന്നുള്ള തെളിവുകൾ ലഭിച്ചത്. ലക്ഷക്കണക്കിനു വർഷങ്ങളായതിനാൽ ഈ ഉൽക്കാപതന പ്രദേശം ലാവ മൂടിപ്പോയെന്നും കരുതപ്പെടുന്നു. ലാവോസിൽ കാണപ്പെടുന്ന തരം പാറകളാണ് ഇക്കാര്യത്തിൽ സഹായിച്ചത്. ഉൽക്കകളുടെ ചൂടിൽ പാറകൾ ഉരുകി ആവിയായിപ്പോകും. ഇത് അന്തരീക്ഷത്തിലേക്കുയർന്ന് തണുത്താണ് ടെക്റ്റൈറ്റ്സ് രൂപപ്പെടുന്നത്. ഏതുതരം പാറകളിൽ നിന്നാണ് ഇവ രൂപപ്പെട്ടതെന്ന് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ കണ്ടെത്താനാകും. അങ്ങനെയാണ് അന്വേഷണം ലാവോസിലെത്തിയത്. 

കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവ ചേർന്ന ഇൻഡോ–ചൈന ഉപദ്വീപിലായിരുന്നു ഏറ്റവും കൂടുതൽ ടെക്റ്റൈറ്റുകൾ. അവ കണ്ടെത്തിയ പ്രദേശങ്ങളുടെ വിസ്തൃതി അനുസരിച്ചാണെങ്കിൽ ഏകദേശം ഒരു മൈൽ നീളമുള്ള വിള്ളൽ ഉൽക്കാപതനത്തിലൂടെ ഭൂമിയിൽ ഉണ്ടായിട്ടുണ്ടാകണം. ഏകദേശം 300 അടി ആഴത്തിൽ ഭൂമിയിലേക്ക് ഉൽക്ക ആഴ്ന്നിറങ്ങാനും സാധ്യതയുണ്ട്. പക്ഷേ കാലക്രമേണ ടെക്ടോണിക് പ്ലേറ്റുകളിലുണ്ടായ ചലനവും മണ്ണിടിച്ചിലുമെല്ലാം കാരണം ആ ഗർത്തം നികത്തപ്പെട്ടിരിക്കാം എന്നാണു നിഗമനം. അല്ലെങ്കിൽ അഗ്നിപർവത സ്ഫോടനമായിരിക്കാം. അതിനെ സാധൂകരിക്കുന്ന ചില തെളിവുകളും ലഭിച്ചിട്ടുണ്ട്.

ചൈനയിലെയും കംബോഡിയയിലെയുമെല്ലാം പല ഉൽക്കാ ഗർത്തങ്ങളും പരിശോധിച്ചെങ്കിലും അവയെല്ലാം ഏറെ പഴക്കമുള്ളതായിരുന്നു. അങ്ങനെയിരിക്കെയാണു തെക്കൻ ലാവോസിലെ ബൊളാവെൻ പീഠഭൂമിയില്‍ നിന്നുള്ള ലാവാ പരിശോധന നടത്തിയത്. 51,000ത്തിനും 7.8 ലക്ഷം വർഷത്തിനുമിടയിലുണ്ടായ ലാവാപ്രവാഹം ഏകദേശം 1000 അടി വലുപ്പത്തിൽ ഒരു പാളിയുണ്ടാക്കിയെന്നാണു കരുതുന്നത്. ഉൽക്കാപതനം വഴിയുണ്ടായ വിള്ളൽ ഈ പാളിക്കു താഴെ ഒളിച്ചിരിക്കുകയായിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു.

English Summary: A Long-Lost Meteorite Crater May Have Been Found Hiding In Laos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com