ADVERTISEMENT

സമീപകാലത്തെ ഏറ്റവും വലിയ കാട്ടുതീ ദുരന്തങ്ങളില്‍ ഒന്നാണ് ഈ വേനല്‍ക്കാലത്ത് ഓസ്ട്രേലിയയില്‍ പടർന്നു പിടിച്ചത്. ആമസോണിലുണ്ടായ കാട്ടുതീയോളം തന്നെ നാശം വിതച്ച ഈ പ്രകൃതി ദുരന്തത്തെ അതിജീവിക്കുക വന്യജീവികളെ സംബന്ധിച്ച് അത്ര എളുപ്പമാകില്ല. ഓസ്ട്രേലിയിലെ വന്യജീവികളിലെ തന്നെ അന്‍പത് ശതമാനത്തോളം കാട്ടുതീയില്‍ വെന്തെരിഞ്ഞിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടവയെ എങ്കിലും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍. 

സ്വാഭാവികമായി കാട്ടുതീയില്‍ നിന്ന് രക്ഷപെട്ട ജീവികള്‍ക്കും അതിജീവനം നിലവില്‍ ഒരു വെല്ലുവിളിയാണ്. കാരണം ആവശ്യമായ ഭക്ഷണമോ വെള്ളമോ ഈ ജീവികള്‍ക്ക് ലഭിക്കുക എന്നത് ഇപ്പോള്‍ എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് ദുരന്തമുഖങ്ങളിലെ മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കുന്ന അതേ മാര്‍ഗം തന്നെ ഓസ്ട്രേലിയ ഇപ്പോള്‍ സ്വീകരിച്ചത്. ആകാശത്തു കൂടി ഹെലികോപ്റ്ററിലും വിമാനത്തിലുമായി ഭക്ഷണം വിതറുക എന്ന മാര്‍ഗമാണ് ശേഷിക്കുന്ന ജീവികളുടെ വിശപ്പടക്കാന്‍ അധികൃതര്‍ കണ്ടെത്തിയത്.

പ്രധാനമായും മാനുകളും കംഗാരുക്കളും അടങ്ങുന്ന സസ്യഭുക്കുകളായ ജീവികളെ ലക്ഷ്യമാക്കിയായിരുന്നു ഭക്ഷണ വിതരണം. ക്യാരറ്റും, മധുരക്കിഴങ്ങുകളുണ് വിതറിയവയില്‍ ഏറിയ പങ്കും. മറ്റ് പച്ചക്കറികളും വന്യമൃഗങ്ങള്‍ക്കു വേണ്ടി ആകാശത്തു നിന്ന് വിതരണം ചെയ്യുന്നുണ്ട്. പ്രധാനമായും കാട്ടുതീ ഏറ്റവുമധികം നാശം വിതച്ച ന്യൂ സൗത്ത് വെയില്‍സ് മേഖലയിലാണ് അധികൃതര്‍ ഭക്ഷണ വിതരണം നടത്തുന്നത്. ഓപറേഷന്‍ റോക് വാലബി എന്നാണ് ഈ ഭക്ഷ്യവിതരണത്തിന് നല്‍കിയിരിക്കുന്ന പേര്. ഇതുവരെ 1000 കിലോയോളം ഭക്ഷ്യവസ്തുക്കള്‍ യംഗോ ദേശീയ പാര്‍ക്ക് വനമേഖലയില്‍ മാത്രം വിതരണം ചെയ്തിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി മാറ്റ് കീന്‍ വ്യക്തമാക്കി.

ഇതിനു പുറമെ കംഗാരു വാലി മേഖലയില്‍ 100 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും, കുടിവെള്ള സ്രോതസ്സുകളും വന്യജീവികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ജനോലന്‍, ഓക്സിലി, കുറാകുബുണ്ടി തുടങ്ങിയ വനമേഖലകളിലും വൈകാതെ സമാനമായ രീതിയില്‍ ഭക്ഷ്യവസ്തുക്കളെത്തിച്ചു തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. ഇത് ഒരു തവണ മാത്രം നടത്തുന്ന വിതരണമല്ലെന്നും മറിച്ച് ജീവികള്‍ക്ക് പ്രകൃതിയില്‍ നിന്ന് ഭക്ഷണവും കുടിവെള്ളവും ലഭ്യമായിത്തുടങ്ങും വരെ തുടരുമെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവികള്‍ വിതരണം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങള്‍ കഴിക്കുന്നുണ്ടോ എന്നറിയാന്‍ ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്.

English Summary: Helicopters drop food for starving animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com