ADVERTISEMENT

ഇംഗ്ലണ്ടിലെ വെയില്‍സിലാണ് രണ്ടാഴ്ചയോളം പഴക്കമുള്ള ഒരു കൊലയാളി തിമിംഗലത്തിന്‍റെ മൃതശരീരം തീരത്തടിഞ്ഞത്. 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കൊലയാളി തിമിംഗലം ബ്രിട്ടിഷ് തീരത്തു ചത്തടിയുന്നത്. കൊലയാളി തിമിംഗലങ്ങള്‍ സ്വാഭാവികമായി കാണപ്പെടുന്ന മേഖലയാണ് ബ്രിട്ടിഷ് സമുദ്രമേഖല. അതുകൊണ്ട് തന്നെയാണ് ഇത്ര കാലയളവിന് ശേഷം ഒരു തിമിംഗലം ചത്തടിഞ്ഞത് ഗവേഷകരില്‍ താല്‍പര്യമുണ്ടാക്കിയതിന് കാരണവും.

ബ്രിട്ടന്‍റെ കിഴക്കന്‍ തീരത്താണ് ഈ തിമിംഗലത്തെ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത ഈ ആണ്‍ തിമിംഗലത്തിന്‍റെ പ്രായം കൃത്യമായി മനസ്സിലാക്കാന്‍ പരിശോധനകള്‍ നടന്നു വരികയാണ്. ഏതാണ്ട് 4.5 മീറ്റര്‍ വലുപ്പമുള്ള ഈ കുട്ടി തിമിംഗലത്തിന്‍റെ മരണകാരണവും ഇപ്പോള്‍ വ്യക്തമല്ല. അതേസമയം പുറമെയുള്ള ശരീരഭാഗങ്ങള്‍ മാത്രമാണ് അഴുകിയിരിക്കുന്നത് എന്നതിനാല്‍ ഈ തിമിംഗലം ചത്തിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടില്ലെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു.

മരണകാരണം കണ്ടത്താനായി ആന്തരിക അവയവങ്ങളും പ്രായം കണ്ടെത്താനായി തിമിംഗലത്തിന്‍റെ പല്ലിനെയുമാണ് ഗവേഷകര്‍ ആശ്രയിക്കുന്നത്. ഇവ ലാബില്‍ നിരീക്ഷണത്തിനു വിധേമാക്കി വരികയാണ്. തിമിംഗലത്തെ ആരും പിടികൂടി ഇവിടെയെത്തിച്ചതാകാനുള്ള സാധ്യദ്ധ്യത ഗവേഷകര്‍ തള്ളിക്കളഞ്ഞു. എല്ലാ ലക്ഷണങ്ങളും സ്വാഭാവികമായി തിരയില്‍ പെട്ടാണ് തിമിംഗലത്തിന്‍റെ ശരീരം തീരത്തെത്തിയതെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. സുവോളജിക്കല്‍ സര്‍വേ ഓഫ് ലണ്ടനിലെ ഗവേഷകരാണ് തിമിംഗലത്തെ വിശദമായി പരിശോധിക്കുന്നത്.

ഓര്‍ക്കകള്‍ അഥവാ കൊലയാളി തിമിംഗലങ്ങള്‍ ബ്രിട്ടിഷ് സമുദ്രത്തില്‍ അപൂര്‍വമല്ല. സ്കോട്‌ലന്‍ഡ് മേഖലയിലും, ബ്രിട്ടനിലെ വടക്കന്‍ സമുദ്ര മേഖലയിലും ഓര്‍ക്കകളെ ധാരാളമായി കണ്ടുവരാറുണ്ട്. ബ്രിട്ടന്‍റെ തെക്കന്‍ പ്രദേശത്തു മാത്രമാണ് ഇവയുടെ സാന്നിധ്യമില്ലാത്തത്. എന്നാല്‍ ഇപ്പോള്‍ ഈ ഓര്‍ക്കയുടെ ജഡം കണ്ടെത്തിയത് ബ്രിട്ടന്‍റെ തെക്കന്‍ മേഖലയിലാണ്. അതുകൊണ്ട് തന്നെ തിമിംഗലങ്ങള്‍ ചത്തടിയുമ്പോള്‍ ഇക്കാര്യത്തല്‍ അന്വേഷണം നടത്താറുള്ള കറ്റാര്‍ഷ്യന്‍ സ്ട്രാറ്റിങ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാം എന്ന സര്‍ക്കാര്‍ സംവിധാനം ഇക്കാര്യത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Gruesome moment a pod of Orcas swarm and attack gray whales

ഓര്‍ക്കകളുടെ അതിജീവനം

സമുദ്രത്തിലെ ഭക്ഷ്യശൃംഖലയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ജീവികളാണ് ഓര്‍ക്കകള്‍. സമുദ്രത്തിലെ ഏറ്റവും മികച്ച വേട്ടക്കാരായ കൊലയാളി സ്രാവുകളെ പോലും കൂട്ടത്തോടെ ആക്രമിച്ചു കൊന്നുതിന്നാന്‍ മടിയില്ലാത്തവരാണ് ഈ തിമിംഗലങ്ങള്‍. അതുകൊണ്ട് തന്നെ സമുദ്രത്തിലേക്കെത്തുന്ന മനുഷ്യ നിര്‍മിത മാലിന്യം ഭക്ഷണത്തിലൂടെ  ഏറ്റവുമധികം ഉള്ളിലെത്തുന്ന ജീവികള്‍ കൂടിയാണ് ഈ വിഭാഗം. പ്രത്യേകിച്ചും പിസിബി എന്നു വിളിക്കപ്പെടുന്ന മാരക പ്രത്യാഘാതമുണ്ടാക്കുന്ന മാലിന്യ വിഭാഗങ്ങള്‍ ഇവയുടെ ശരീരത്തില്‍ വ്യാപകമായി കണ്ടുവരാറുണ്ട്. പലയിടങ്ങളിലും ഈ പിസിബിയുടെ അളവിലുണ്ടായ വർധനവ് മൂലം തിമിംഗലങ്ങള്‍ ചത്തടിഞ്ട സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

പോളി ക്ലോറിനേറ്റഡ് ബൈഫൈനല്‍ അഥവാ പിസിബി ശരീരത്തിലെത്തിയാലും അത് വിഘടിക്കപ്പെടാതെ തുടരും. ഈ മാലിന്യം രക്തത്തിലുള്‍പ്പടെ കടന്ന് ചെന്ന് ഹൃദയും, വൃക്കയും പോലുള്ള അവയവങ്ങളും പ്രവര്‍ത്തനത്തെ ബാധിക്കും. ഇങ്ങനെയാണ് പലപ്പോഴും കൊലയാളി തിമിംഗലങ്ങള്‍ തീരത്ത് ചത്തടിയുന്നത്. അതേസമയം ബ്രിട്ടനില്‍ ചത്തടിഞ്ഞ ഓര്‍ക്കയുടെ മരണത്തിന് കാരണം പി.സി.ബി ആണോ എന്ന് ഇത് വരെ വ്യക്തമായിട്ടില്ല. 

English Summary: First Killer Whale In 20 Years Found Stranded On English Shores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com