ADVERTISEMENT

രാജസ്ഥാനിലെ 11 ജില്ലകളിൽ വെട്ടുകിളി ശല്യം മൂലം കനത്ത കൃഷിനാശം. പാക്കിസ്ഥാന്‍ അതിർത്തിയോടു ചേർന്ന ജില്ലകളിലെ മൂന്നേമുക്കാൽ ലക്ഷം ഹെക്ടർ സ്ഥലത്താണു വൻ തോതിൽ കൃഷിനാശമുണ്ടായിരിക്കുന്നത്. കാൽ നൂറ്റാണ്ടിനിടെയുള്ള ഏറ്റവും കടുത്ത വെട്ടുകിളി ശല്യമാണ് ഈ വർഷത്തേത്. 26 വർഷം മുമ്പായിരുന്നു സമാനമായ രീതിയിൽ വ്യാപക വെട്ടുകിളി ശല്യമുണ്ടായത്.

മേയ് മാസത്തിൽ തുടങ്ങിയ വെട്ടുകിളി ശല്യമാണ് ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്നത്. 2.60 ലക്ഷം ലീറ്റർ കീടനാശിനി ഇതിനോടകം കീടനിയന്ത്രണത്തിനായി ഉപയോഗിച്ചെങ്കിലും പാക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ ഇവ നിയന്ത്രണമില്ലാതെ പെരുകുന്നതിനാൽ അതിർത്തി ജില്ലകളിലേക്കു വീണ്ടും ഇവ എത്തുകയാണെന്നാണു കൃഷി വകുപ്പ് അധികൃതർ പറയുന്നത്. ഇക്കാരണത്താൽ വെട്ടുകിളി നിയന്ത്രണത്തിനായി രാജ്യാന്തര സഹായം അഭ്യർഥിച്ചിരിക്കുകയാണെന്നും അധികൃതർ പറയുന്നു.

സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ ആരംഭിക്കുന്ന വെട്ടുകിളി ശല്യം നവംബർ പകുതിയോടെ അവസാനിക്കുകയാണു പതിവ്. എന്നാൽ ഇത്തവണ വേനൽക്കാലത്തു മരുപ്രദേശങ്ങളിൽ പരക്കെ മഴ ലഭിച്ചത് ഇവയുടെ ആക്രമണം നേരത്തേയാക്കാൻ കാരണമായി. പാക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽനിന്നു വെട്ടുകിളികൾ വീണ്ടുമെത്തുമെന്ന ഭീഷണി നിലനിൽക്കെ വേനൽക്കാലത്തു പെരുകുന്നവയുടെ വരവും വൈകാതെ ഉണ്ടാകുമെന്നതും കർഷകർക്കു വൻ വെല്ലുവിളി ഉയർത്തുകയാണ്.

ജയ്സാൽമേർ (2 ലക്ഷം ഹെക്ടർ), ബാഡ്മേർ (8000), ബിക്കാനേർ (8000), ശ്രീഗംഗാനഗർ (5000) എന്നിവയ്ക്കു പുറമേ ജലോർ, ഹനുമാൻഗഡ്, നഗോർ, ചുരു, പാലി, സിരോഹി, ദൂംഗാർപൂർ ജില്ലകളിലാണ് വെട്ടുകിളി ശല്യം ഏറ്റവും നാശം വിതച്ചിരിക്കുന്നത്. കടുക്, ജീരകം, ഗോതമ്പ് തുടങ്ങിയ കൃഷികളാണ് ഏറെയും നശിച്ചിരിക്കുന്നത്.

English Summary:Locusts from Pakistan ravage farms in Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com