ADVERTISEMENT

ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ യഥാർത്ഥ ഉദ്ഭവകേന്ദ്രം കണ്ടെത്താനുള്ള പരിശ്രമങ്ങളിലാണ് ഗവേഷകർ. വവ്വാലുകളിൽ നിന്നാകാം വൈറസ് പടർന്നതെന്ന നിഗമനത്തിൽ ഗവേഷകരെത്തി നിൽക്കുമ്പോൾ പുതിയൊരു കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് സൗത്ത് ചൈനയിലെ കാർഷിക സർവകലാശാല. ഈനാംപേച്ചികളാണ് രോഗം മനുഷ്യരിലെത്തിച്ചതെന്നാണ് സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തൽ.

ഈനാംപേച്ചികളിലെ ജനിതകഘടനാ ശ്രേണി പരിശോധിച്ചതിൽ നിന്നും അവയിലെ കൊറോണാ വൈറസ് ഇനവും രോഗബാധിതരായ മനുഷ്യരിൽ കണ്ടെത്തിയ വൈറസ് ഇനവും തമ്മിൽ 99% സാമ്യമുള്ളതായാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. അതിനാൽ ഈനാംപേച്ചികൾ തന്നെയാകാം വൈറസ് വാഹകരായതെന്നം പഠനത്തിൽ പറയുന്നു. ഈ കണ്ടെത്തൽ ഏറെ നിർണായകമാണെന്നും രോഗം കൂടുതൽ ആളുകളിലേക്ക് പകരുന്നത് തടയാൻ ഇത് സഹായിക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.

എന്നാൽ ഇൗ കണ്ടെത്തലിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് മറ്റുചില ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട്. സർവകലാശാലയുടെ പഠനഫലം  കൃത്യത  ഇല്ലാത്തതാണെന്ന് ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ വെറ്റിനറി വിഭാഗത്തിൻറെ തലവനായ ജെയിംസ് വുഡ് പറയുന്നു. വൈറസ് പകർന്നത് ഈനാംപേച്ചികളിൽ നിന്നാണെന്ന് സർവകലാശാലയുടെ പ്രസ് റിലീസിൽ മാത്രമാണ് പറയുന്നത്. ഇത് ശാസ്ത്രീയമായ തെളിവായി കണക്കിലെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

വൈറസിനെ ആർഎൻഎ ശ്രേണികളുമായുള്ള സാമ്യം കൊണ്ടുമാത്രം നിഗമനത്തിലെത്തുന്നത് ശരിയല്ല. അണുബാധമൂലം മലിനമായ  പരിസ്ഥിതിയും പഠനത്തെ ബാധിച്ചിട്ടുണ്ടായേക്കാമെന്ന അഭിപ്രായമാണ് വുഡ് പങ്കുവയ്ക്കുന്നത്. നിയമവിലക്കുകൾ ഏറെയുണ്ടെങ്കിലും ഏഷ്യയിൽ ഏറ്റവും അധികം കടത്തപ്പെടുന്ന സസ്തനികളിൽ ഒന്നാണ് ഈനാംപേച്ചികൾ.  മരുന്നു നിർമാണത്തിനായി ഉപയോഗിക്കുന്നതിനു പുറമേ അവയുടെ ഇറച്ചിക്കും ചൈനയിൽ ആവശ്യക്കാർ ഏറെയാണ്. എന്നാൽ ഇതുകൊണ്ടുമാത്രം വൈറസ് പകരുന്നത് ഈനാംപേച്ചികളിൽ നിന്നാണെന്ന്  സ്ഥിരീകരിക്കാനാവില്ല. 

വവ്വാലുകളിൽ പിടിപെട്ട രോഗം അവയിൽ നിന്നും നേരിട്ടോ അല്ലെങ്കിൽ മറ്റു ജീവികളിലേക്കു പകർന്ന ശേഷം അവയിൽ നിന്നും മനുഷ്യരിലേക്ക് പടർന്നതാകാമെന്നാണ് വിലയിരുത്തൽ. എന്തുതന്നെയായാലും സർവകലാശാലയുടെ പഠനത്തെ അടിസ്ഥാനമാക്കി കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം.

English Summary: Scientists question work suggesting pangolin coronavirus link

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com