ഉയരുന്ന ചൂടിൽ ഉരുകുന്ന കേരളം; 3 ജില്ലകളിൽ പകൽച്ചൂട് 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരും

sun-hot4
SHARE

ഇന്ന് കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ പകൽച്ചൂട് സാധാരണ ഉള്ളതിനെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.  കഴിഞ്ഞ ദിവസങ്ങളിൽ 3 ജില്ലകളിലും ശരാശരിയെക്കാൾ 3 ഡിഗ്രി  ചൂട് കൂടിയിരുന്നു.   ജനുവരി–ഫെബ്രുവരി മാസങ്ങളിൽ പല ജില്ലകളിലും ചൂട് 37 ഡിഗ്രി കവിഞ്ഞ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും താപസൂചിക ഉയരാൻ കാരണമാകുന്നുണ്ട്.

മഞ്ഞുകാലം തീരുന്നതിനു മുൻപ് തുടങ്ങിയ കടുത്ത ചൂട് തുടരുകയാണ്. ജനുവരിയിൽ കൂടിത്തുടങ്ങിയ ചൂട് കുറയുന്ന ലക്ഷണമില്ല.  കോട്ടയത്ത് കഴിഞ്ഞ ദിവസം 37.2 ഡിഗ്രി വരെ ചൂട് ഉയർന്നു. ആലപ്പുഴ, പുനലൂർ എന്നിവിടങ്ങളിൽ ചൂട് 36 ഡിഗ്രിക്കു മുകളിലെത്തി. കോട്ടയത്തും ആലപ്പുഴയിലും ശരാശരിയെക്കാൾ 3 ഡിഗ്രി അധികമാണ് അനുഭവപ്പെടുന്ന ചൂട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിച്ചു.  ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി .

സംസ്ഥാനത്തു പകൽ താപനില കാര്യമായി ഉയരുന്ന സാഹചര്യത്തിൽ, വെയിലത്തു ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ 30 വരെ ഉച്ചയ്ക്കു 12 മുതൽ 3 വരെ വിശ്രമം നൽകണം. ഇവരുടെ ജോലി സമയം രാവിലെ 7 നും വൈകിട്ട് 7 നും ഇടയ്ക്ക് 8 മണിക്കൂറായി നിജപ്പെടുത്തി.സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണു സമയ പുനഃക്രമീകരണം. ഷിഫ്റ്റ് പ്രകാരം ജോലി ചെയ്യുന്നവരിൽ രാവിലത്തെ ജോലി ഉച്ചയ്ക്കു 12 ന് അവസാനിപ്പിക്കാനും ഉച്ചയ്ക്കു ശേഷമുള്ളത് 3 ന് ആരംഭിക്കാനും നിർദേശിച്ചു.

സമുദ്രനിരപ്പിൽ നിന്നു 3,000 അടിയിൽ കൂടുതൽ ഉയരെ സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കി. പ്രാദേശികമായി അടിയന്തര സാഹചര്യം കണക്കിലെടുത്തു തീയതികളിൽ മാറ്റം ആവശ്യമാണെങ്കിൽ അതതു റീജനൽ ജോയിന്റ് ലേബർ കമ്മിഷണർമാർ ലേബർ കമ്മിഷണർക്കു റിപ്പോർട്ടു നൽകണം.

സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് നിർദേശിക്കുന്നു.

sun

കടുത്ത ചൂടിൽ ശ്രദ്ധിക്കാൻ

∙ സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ പ്രതിരോധിക്കാൻ ധാരാളം വെള്ളം കുടിക്കണം.

∙ നിർജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം.  

∙ സ്കൂൾ ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കണം. 

∙കുട്ടികൾക്ക് സ്കൂളിലും പരീക്ഷാഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കണം. 

∙ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ പകൽ 11  മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.

∙ സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണറുടെ ഉത്തരവ് പാലിക്കണം.

∙ധാരാളം വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യണം. അതുവഴി നിർജലീകരണം ഒഴിവാക്കാൻ സാധിക്കും.

∙നിർജലീകരണം വർധിപ്പിക്കുന്ന മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം 

∙അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

∙വിദ്യാര്‍ത്ഥികൾക്ക് പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കണം. 

∙അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

∙പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

∙പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കാം.

∙നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, PWD ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ  തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യുക.   

∙പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.

∙നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും ശ്രദ്ധിക്കണം.

∙നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കാം.

∙വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്. 

∙ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യസഹായം എത്തിക്കാനും ശ്രദ്ധിക്കണം.

English Summary: Kerala temperature to rise by 2-4 degree Celsius

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA