ADVERTISEMENT

സംസ്ഥാനത്ത് താപനില മൂന്ന് ഡിഗ്രി സെല്‍സ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകള്‍ക്കാണ് കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ 2020 ഫെബ്രുവരി 17, 18 തീയതികളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കുറച്ചുദിവസം കൂടി കടുത്ത ചൂട് തുടരാന്‍ സാധ്യതയുണ്ട്. വേനല്‍ മഴ വൈകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

കേരളത്തില്‍ വരാനിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് ജലവിഭവ ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി . ചൂട് കനക്കുന്നതിനൊപ്പം ഇത്തവണ കുടിവെള്ള ക്ഷാമവും രൂക്ഷമാകും. പാലക്കാടാകും പ്രതിസന്ധി കൂടുതല്‍. ഭൂഗര്‍ഭജലത്തിന്‍റെ അളവ് പതിവിലും താഴെയാണ്. സാധാരണ മാര്‍ച്ച് മാസത്തിലുണ്ടാകാറുള്ള ഭൂഗര്‍ഭജലനിരപ്പാണ് ജനുവരി അവസാനത്തോടെ ആയത്.  ഇതിനെ ഏറെ ഗൗരവത്തോടെയാണ് കാണേണ്ടത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഉണ്ടായ വെള്ളപ്പൊക്കവും ജലക്ഷാമം രൂക്ഷമാക്കും. ചൂട് താങ്ങാവുന്നതിലും അപ്പുറമാകുമെന്നുറപ്പാണ്. അമിത ജലചൂഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം കടലോര പ്രദേശത്തെ ഭൂഗര്‍ഭജലത്തിലും ഭീമമായ കുറവുണ്ടായതിനെക്കുറിച്ച് വിശദമായ പഠനം വേണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ജനുവരിയിൽ കൂടിത്തുടങ്ങിയ ചൂട് കുറയുന്ന ലക്ഷണമില്ല.  കോട്ടയത്ത് കഴിഞ്ഞ ദിവസം 37.2 ഡിഗ്രി വരെ ചൂട് ഉയർന്നു. ആലപ്പുഴ, പുനലൂർ എന്നിവിടങ്ങളിൽ ചൂട് 36 ഡിഗ്രിക്കു മുകളിലെത്തി. കോട്ടയത്തും ആലപ്പുഴയിലും ശരാശരിയെക്കാൾ 3 ഡിഗ്രി അധികമാണ് അനുഭവപ്പെടുന്ന ചൂട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിച്ചു.  ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി .

537794373

സംസ്ഥാനത്തു പകൽ താപനില കാര്യമായി ഉയരുന്ന സാഹചര്യത്തിൽ, വെയിലത്തു ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ 30 വരെ ഉച്ചയ്ക്കു 12 മുതൽ 3 വരെ വിശ്രമം നൽകണം. ഇവരുടെ ജോലി സമയം രാവിലെ 7 നും വൈകിട്ട് 7 നും ഇടയ്ക്ക് 8 മണിക്കൂറായി നിജപ്പെടുത്തി.സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണു സമയ പുനഃക്രമീകരണം. ഷിഫ്റ്റ് പ്രകാരം ജോലി ചെയ്യുന്നവരിൽ രാവിലത്തെ ജോലി ഉച്ചയ്ക്കു 12 ന് അവസാനിപ്പിക്കാനും ഉച്ചയ്ക്കു ശേഷമുള്ളത് 3 ന് ആരംഭിക്കാനും നിർദേശിച്ചു.

സമുദ്രനിരപ്പിൽ നിന്നു 3,000 അടിയിൽ കൂടുതൽ ഉയരെ സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കി. പ്രാദേശികമായി അടിയന്തര സാഹചര്യം കണക്കിലെടുത്തു തീയതികളിൽ മാറ്റം ആവശ്യമാണെങ്കിൽ അതതു റീജനൽ ജോയിന്റ് ലേബർ കമ്മിഷണർമാർ ലേബർ കമ്മിഷണർക്കു റിപ്പോർട്ടു നൽകണം.

സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് നിർദേശിക്കുന്നു.

കടുത്ത ചൂടിൽ ശ്രദ്ധിക്കാൻ

∙ സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ പ്രതിരോധിക്കാൻ ധാരാളം വെള്ളം കുടിക്കണം.

∙ നിർജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം.  

∙ സ്കൂൾ ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കണം. 

∙കുട്ടികൾക്ക് സ്കൂളിലും പരീക്ഷാഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കണം. 

∙ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ പകൽ 11  മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.

∙ സംസ്ഥാനത്തെ തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണറുടെ ഉത്തരവ് പാലിക്കണം.

∙ധാരാളം വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യണം. അതുവഴി നിർജലീകരണം ഒഴിവാക്കാൻ സാധിക്കും.

∙നിർജലീകരണം വർധിപ്പിക്കുന്ന മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം 

∙അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

∙വിദ്യാര്‍ത്ഥികൾക്ക് പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കണം. 

∙അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

∙പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

∙പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കാൻ ശ്രദ്ധിക്കാം.

∙നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, PWD ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ  തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യുക.   

∙പുറം തൊഴിലുകളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവർത്തനങ്ങൾ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകൾക്കും കൂട്ടായ്മകൾക്കും ഏറ്റെടുക്കാവുന്നതാണ്.

∙നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങൾ കഴിക്കാനും ശ്രദ്ധിക്കണം.

∙നിർജ്ജലീകരണം തടയാൻ ORS ലായനി പ്രോത്സാഹിപ്പിക്കാം.

∙വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്. 

∙ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യസഹായം എത്തിക്കാനും ശ്രദ്ധിക്കണം.

∙ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കാഴ്ച പരിമിതർക്കായി ബ്രെയിൽ മെറ്റീരിയലുകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ശബ്ദ സന്ദേശത്തിനായി sdma.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുള്ള ജില്ലകളിൽ മാത്രമല്ല, ചൂട് വർധിക്കുന്ന മുഴുവൻ ജില്ലകളിലും സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിക്കുന്നു.

KSDMA-ദുരന്തനിവാരണ അതോറിറ്റി-IMD

പുറപ്പെടുവിച്ച സമയം: 1 pm 17-02-2020

English Summary: High temperature alert issued for six Kerala districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com